മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം: എം.എൽ.എമാർ വഴിയുള്ള വിതരണം നിർത്തുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള ധനസഹായം എം.എൽ.എമാർ വഴി വിതരണം ചെയ്യുന്ന സമ്പ്രദായം അവസാനിപ്പിക്കുന്നു. ദുരിതാശ്വാസ ധനസഹായം ജനപ്രതിനിധികൾ വഴി നൽകേണ്ടതില്ലെന്ന് ജില്ല കലക്ടർ മുഹമ്മദ്വൈ. സഫീറുല്ല തഹസിൽദാർമാർക്ക് രേഖാമൂലം നിർദേശം നൽകി. അർഹരായവർക്ക് ധനസഹായം ലഭ്യമാകാൻ കാലതാമസമെടുക്കുന്നതിനാലാണ് നടപടി. ജനപ്രതിനിധികളുടെ സൗകര്യമനുസരിച്ച് വേദിയൊരുക്കി പല സമയത്ത് നൽകുന്ന രീതിയാണിപ്പോൾ. നിലവിൽ ഒാൺലൈൻ വഴിയാണ് ധനസഹായത്തിന് അപേക്ഷ സ്വീകരിക്കുന്നത്. ധനസഹായം കലക്ടറേറ്റിലേക്കെത്തുകയും ഇവിടെനിന്ന് ജില്ലയിലെ ഏഴ് താലൂക്ക് ഒാഫിസുകളിലേക്ക് അർഹരുടെ പേരു വിവരങ്ങളടങ്ങിയ പട്ടികയും ചെക്കും അയക്കുകയും ചെയ്യും. താലൂക്ക് ഒാഫിസുകളിൽനിന്ന് കത്തുമുഖേന ഗുണഭോക്താക്കളെ അറിയിക്കും. എം.എൽ.എമാരുടെ സൗകര്യമനുസരിച്ച് ചടങ്ങ് സംഘടിപ്പിച്ച് വിതരണം ചെയ്യുകയാണ് പതിവ്. എന്നാൽ, എം.എൽ.എമാരുടെ തിരക്കുകാരണം പലപ്പോഴും ധനസഹായം വൈകാറുണ്ട്. പാവപ്പെട്ട രോഗികൾക്കും അപകടമരണം സംഭവിച്ചവരുടെ ആശ്രിതർക്കുമുള്ള ധനസഹായം വൈകുന്നതിനാൽ ഇൗ രീതി ഒഴിവാക്കണമെന്ന് 2012 നവംബർ 28ന് സർക്കാർ ഉത്തരവുണ്ട്. എന്നാൽ, പല സ്ഥലത്തും നടപ്പായിരുന്നില്ല. പുതിയ സംവിധാനത്തിൽ അർഹരായവർക്ക് താലൂക്ക് ഒാഫീസിൽ ചെക്ക് എത്തുമ്പോൾതന്നെ കൈപ്പറ്റാനാകും. ധനസഹായം ലഭിച്ചാൽ വിതരണം ചെയ്യാൻ 24 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നാണ് കലക്ടറുടെ നിർദേശം. ഇതി​െൻറ മുഴുവൻ ഉത്തരവാദിത്തവും തഹസിൽദാരിൽ നിക്ഷിപ്തമായിരിക്കും. പ്രതിദിനം 60ൽപരം അപേക്ഷകളാണ് ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിൽനിന്ന് ലഭിക്കുന്നത്. സർക്കാർ അധികാരമേറ്റ ശേഷം 28 കോടിയോളം രൂപ നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.