ബാങ്ക്​ ഏറ്റെടുത്ത വീട്​ പണയത്തിന്​ നൽകി തട്ടിപ്പ്: യുവതി അറസ്​റ്റിൽ

കൊച്ചി: വൃദ്ധനെ കബളിപ്പിച്ച് വീട് പണയത്തിന് നൽകി പണം തട്ടിയ കുറ്റത്തിന് യുവതി പിടിയിൽ. പച്ചാളം പള്ളിച്ചാൻ പറമ്പിൽ വീട്ടിൽ സാന്ദ്ര തോമസിനെയാണ് (25) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശി കുഞ്ഞുമൊയ്‌തീൻ (75) എന്നയാൾക്ക്‌ സാന്ദ്ര വടുതല തട്ടാഴം റോഡിലുള്ള വീട് 10 ലക്ഷം രൂപക്ക് പണയത്തിന് നൽകുകയും കുഞ്ഞുമൊയ്തീനും കുടുംബവും ആ വീട്ടിൽ താമസമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒരാഴ്ച കഴിഞ്ഞപ്പോൾ ബാങ്ക് അധികൃതർ വീടൊഴിപ്പിക്കാനെത്തിയതോടെയാണ് ചതിക്കപ്പെട്ടത് മൊയ്തീൻ അറിയുന്നത്. ഈ വീടും സ്ഥലവും പണയപ്പെടുത്തി ബജാജ്‌ ഫിനാൻസിൽ നിന്ന് രണ്ടുകോടി രൂപ സാന്ദ്രയും അച്ഛനും കൂടി വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് സർഫാസി നിയമപ്രകാരം കോടതിവഴി വീടും പറമ്പും ബാങ്ക് കൈവശപ്പെടുത്തുകയും ചെയ്തു. ഈ വിവരം മറച്ചുവെച്ചാണ് രണ്ടുപേരുംകൂടി കുഞ്ഞുമൊയ്തീന് വീട് പണയത്തിന് നൽകി പണം കൈവശപ്പെടുത്തിയത്. കാര്യങ്ങൾ മനസ്സിലാക്കിയതോടെ കുഞ്ഞുമൊയ്തീൻ കോടതിയെ സമീപിക്കുകയായിരുന്നു. നോർത്ത് സി.െഎ കെ.ജെ. പീറ്റർ, എസ്.െഎ വിബിൻദാസ്, എസ്.െഎ ജബ്ബാർ, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ വിനോദ്, വിനോദ്‌കൃഷ്ണ, റോയ്‌മോൻ, വനിത സിവിൽ പൊലീസ് ഒാഫിസർ ജിഷ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.