സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം: പരിശോധനക്ക് പുതിയ സംവിധാനം വേണം -വനിത കമീഷൻ കൊച്ചി: സ്ത്രീകൾക്കെതിരായ സൈബർ ആക്രമണ കേസുകളെക്കുറിച്ച് അറിയാനും പരിശോധിക്കാനും പുതിയ സംവിധാനം വേണമെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം വർധിക്കുന്നതിനെ കമീഷൻ ഗൗരവമായാണ് കാണുന്നത്. കേസുകളുടെ സ്ഥിതി അറിയാനും പിന്തുടരാനും പുതിയ സംവിധാനത്തെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. കൊച്ചിയിൽ മെഗാ അദാലത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇവർ. സൈബർ ആക്രമണങ്ങൾ ഇല്ലാതാക്കാൻ വനിത കമീഷൻ ഒറ്റക്കു വിചാരിച്ചാൽ സാധിക്കില്ല. സ്കൂളുകൾ, കോളജുകൾ, മാധ്യമങ്ങൾ, സമൂഹം എന്നിവയുടെ പിന്തുണ ആവശ്യമാണ്. വിദ്യാർഥികളുടെ ബോധവത്കരണത്തിന് കലാലയ ജ്യോതി എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ കലാലയങ്ങളിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. കെ.കെ. രമക്കു മാത്രമല്ല, ഒരു സ്ത്രീക്കുമെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി ആക്രമണം ഉണ്ടാകാൻ പാടില്ല. രമക്കെതിരായ സംഭവത്തിൽ നടപടിയെടുക്കാൻ ഓഫിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രമ പരാതി നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ജോസഫൈൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.