വിഴിഞ്ഞം കരാർ ക്രമക്കേട്: കമീഷൻ സിറ്റിങ് നാളെ ആരംഭിക്കും

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണ കരാറിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമീഷൻ സിറ്റിങ് വ്യാഴാഴ്ച ആരംഭിക്കും. സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായതും ഖജനാവിന് നഷ്ടം വരുന്നതുമായ തീരുമാനമെടുത്തവർ ആരൊക്കെയെന്ന് കണ്ടുപിടിക്കുകയാണ് ലക്ഷ്യം. പൊതുസേവകർക്ക് അനർഹമായ സാമ്പത്തികനേട്ടം ഉണ്ടായിട്ടുണ്ടോ, ഉണ്ടെങ്കിൽ ആർക്കൊക്കെ, അവർക്കെതിരെ സ്വീകരിക്കാവുന്ന നടപടികൾ എന്നിവയും കമീഷൻ പരിശോധിക്കും. തുറമുഖ നിർമാണത്തിന് അദാനി പോർട്ട്സ് ആൻഡ് എസ്.ഇ.ഇസഡ് പ്രൈവറ്റ് ലിമിറ്റഡുമായി കഴിഞ്ഞ സർക്കാറുണ്ടാക്കിയ കരാറിൽ ക്രമക്കേടുകളുണ്ടെന്ന് 2016ലെ സി.എ.ജി റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. തുടർന്നാണ് എൽ.ഡി.എഫ് സർക്കാർ അന്വേഷണ കമീഷൻ രൂപവത്കരിച്ചത്. സി.എൻ. രാമചന്ദ്രൻ അധ്യക്ഷനായ കമീഷനിൽ റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. മോഹന്‍ദാസ്, റിട്ട. ഐ.എ ആൻഡ് എ.എസ് ഉദ്യോഗസ്ഥന്‍ പി.ജെ. മാത്യു എന്നിവർ അംഗങ്ങളാണ്. 2017 ജൂലൈയിൽ രൂപവത്കൃതമായ കമീഷനോട് ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദേശം. എന്നാൽ, കമീഷൻ പ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യം നാലു മാസങ്ങൾക്ക് ശേഷമാണ് സജ്ജമായത്. ജനുവരിയിൽ കമീഷൻ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടിനൽകി. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തുറമുഖവകുപ്പ് മന്ത്രിയായിരുന്ന കെ. ബാബു, തുറമുഖ സെക്രട്ടറി, അദാനി കമ്പനി ഉൾപ്പെടെ കക്ഷികൾക്ക് 2017 ഡിസംബർ പത്തിനകം മറുപടി നൽകണമെന്ന് ചൂണ്ടിക്കാട്ടി കമീഷൻ നോട്ടീസ് അയച്ചിരുന്നു. കരാറിനെതിരെ ഹൈകോടതിയെ സമീപിച്ച എം.കെ. സലീം, ആം ആദ്മി പാർട്ടി, മാധ്യമ പ്രവർത്തകൻ ഏലിയാസ് ജോൺ എന്നിവർ കക്ഷി ചേരാൻ കമീഷനെ സമീപിച്ചിട്ടുണ്ട്. പനമ്പിള്ളിനഗറിലെ ഭവന നിര്‍മാണ ബോര്‍ഡ് കെട്ടിടത്തിലാണ് കമീഷൻ പ്രവര്‍ത്തനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.