കപ്പൽ അറ്റകുറ്റപ്പണി: സുരക്ഷ പാളിയാൽ മരണക്കെണി

കൊച്ചി: സുരക്ഷയിൽ അതീവ സൂക്ഷ്മതയും ജാഗ്രതയും പുലർത്തിയില്ലെങ്കിൽ മരണക്കെണിയാകുന്നതാണ് കപ്പലുകളുടെ അറ്റകുറ്റപ്പണി. സങ്കീർണതയേറെയുള്ള ഇൗ ജോലിയിൽ പലപ്പോഴും ചെറിയൊരു അശ്രദ്ധയാകാം ദുരന്തത്തി​െൻറ തീപ്പൊരി വിതറുക. കൊച്ചി കപ്പൽശാലയിൽ ചൊവ്വാഴ്ചയുണ്ടായ ദുരന്തത്തി​െൻറ യഥാർഥ കാരണം ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. ജലത്തിൽ കപ്പലി​െൻറ സന്തുലിതത്വം നിലനിർത്താൻ സഹായിക്കുന്ന നിരവധി ടാങ്കുകളുണ്ട്. വിങ് ടാങ്ക്, ഡബിൾ ബോട്ടം ടാങ്ക്, ബിൽക്സ് ടാങ്ക് തുടങ്ങിയവയടക്കമുള്ള ഇവക്ക് പൊതുവെ പറയുന്ന പേര് ബല്ലാസ്റ്റ് വാട്ടർ ടാങ്ക് എന്നാണ്. ചരക്ക് കയറ്റുന്ന അറകൾക്ക് താഴെയാണ് ഡബിൾ ബോട്ടം ടാങ്ക്. രണ്ട് മാൻ ഹോളുകൾ മാത്രമുള്ള വിശാലമായ ഇൗ ടാങ്കിലെ അറ്റകുറ്റപ്പണിയാണ് ഇന്നലെ ദുരന്തത്തിൽ കലാശിച്ചത്. ഇതിന് പുറമെ അറകൾക്കിടയിലും കപ്പലി​െൻറ മുൻ, പിൻ ഭാഗങ്ങളിലും ടാങ്കുകളുണ്ട്. ചരക്കില്ലാത്തപ്പോൾ ഇവയിലെല്ലാം വെള്ളം നിറച്ചാണ് കപ്പലി​െൻറ ബാലൻസ് നിയന്ത്രിക്കുന്നത്. ചിലതിൽ കപ്പലിലെ ആവശ്യത്തിനായി ശുദ്ധജലമാകും സൂക്ഷിക്കുക. ചരക്ക് കയറ്റുന്നതിനനുസരിച്ച് വെള്ളം ഒഴുക്കിക്കളഞ്ഞും ഇറക്കുന്നതിനനുസരിച്ച് വെള്ളം നിറച്ചും ബാലൻസ് നിയന്ത്രിക്കും. ഇൗ ടാങ്കുകളുടെ അറ്റകുറ്റപ്പണിക്ക് അങ്ങേയറ്റത്തെ സുരക്ഷ മുൻകരുതലും ജാഗ്രതയും ആവശ്യമാണെന്ന് 33 വർഷമായി ഇൗ രംഗത്തുള്ള സീനിയർ നാവിഗേറ്റിങ് ഒാഫിസർ പി.എസ്. നിയാസ് പറയുന്നു. എല്ലാ സുരക്ഷ സംവിധാനങ്ങളും ഉറപ്പാക്കിയശേഷം സുരക്ഷ ഒാഫിസറുടെ സാന്നിധ്യത്തിലായിരിക്കണം അറ്റകുറ്റപ്പണി. ഗ്യാസ് കട്ടറിന് ആവശ്യമായ വാതക സിലിണ്ടർ ടാങ്കിനുള്ളിൽ കടത്താൻ പാടില്ല. വിദേശരാജ്യങ്ങളിൽ ടാങ്കുകളുടെ കുറച്ചുഭാഗം മുറിച്ചുമാറ്റി കൂടുതൽ തുറസ്സാക്കിയ ശേഷമാണ് അറ്റകുറ്റപ്പണി നടത്താറ്. പിന്നീട് വെൽഡ് ചെയ്ത് പൂർവ സ്ഥിതിയിലാക്കും. സുരക്ഷ കൂടുതലാണെങ്കിലും സമയവും ചെലവും ഏറുമെന്നതിനാൽ ഇന്ത്യയിൽ ഇൗ രീതി പരീക്ഷിക്കാറില്ല. അറ്റകുറ്റപ്പണി നടക്കുേമ്പാൾ ടാങ്കിനുള്ളിൽ കൃത്രിമമായി വായുപ്രവാഹം സൃഷ്ടിക്കുന്ന ബ്ലോവർ സംവിധാനം കാര്യക്ഷമമല്ലെങ്കിലും അപകട സാധ്യതയുണ്ട്. വെൽഡിങ് ജോലി ചെയ്യുന്നവരുടെ വൈദഗ്ധ്യക്കുറവും അപകടം ക്ഷണിച്ചുവരുത്താമെന്ന് നിയാസ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.