യു.എ.ഇയിലെ ബാങ്ക്​ വായ്​പ തട്ടിപ്പ്​; ക്രൈംബ്രാഞ്ച്​ അന്വേഷണം 20 മലയാളികൾക്കെതിരെ

കൊച്ചി: യു.എ.ഇയിലെ പ്രമുഖ ബാങ്കുകളെ കബളിപ്പിച്ച് ഇന്ത്യയിലേക്ക് കടന്നവരിൽ സംസ്ഥാന പൊലീസ് തിരയുന്നത് 20 മലയാളികളെ. നാഷനൽ ബാങ്ക് ഒാഫ് റാസൽഖൈമ, നാഷനൽ ബാങ്ക് ഒാഫ് ഫുജൈറ, അറബ് ബാങ്ക് എന്നിവയെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതുവരെ 38 കേസ് രജിസ്റ്റർ ചെയ്തതിൽ ഒമ്പതെണ്ണത്തിലാണ് മലയാളികൾ ഉൾപ്പെട്ടിരിക്കുന്നത്. 2009 മുതൽ 2016 അവസാനം വരെ കാലഘട്ടത്തിൽ വ്യാജ രേഖകൾ നൽകി വൻ തുക വായ്പ എടുത്തശേഷം മലയാളികൾ അടക്കമുള്ള പ്രവാസികൾ രാജ്യം വിട്ടതായാണ് ബാങ്കുകളുടെ ആരോപണം. ബാങ്ക് അധികൃതർ എറണാകുളം എം.ജി റോഡിെല 'എക്സ്ട്രീം ഇൻറർനാഷനൽ മാനേജ്മ​െൻറ് കൺസൾട്ടൻസി' ഉടമ പ്രിൻസ് വർഗീസിന് നൽകിയ പവർ ഒാഫ് അറ്റോണിയുടെ അടിസ്ഥാനത്തിൽ അദ്ദേഹം നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ചി​െൻറ സാമ്പത്തിക വിഭാഗം അന്വേഷണം ഉൗർജിതമാക്കി. തട്ടിപ്പ് കൂടുതലും നടത്തിയത് ഉത്തരേന്ത്യൻ സ്വദേശികളാണെന്നാണ് വിവരം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സുന്ദരൻ ജനാർദനൻ, തിരുചിറ്റൂർ സ്വദേശി വേലുപ്പിള്ള രാമചന്ദ്രൻ, വിപിൻ രാമചന്ദ്രൻ, ഇൗസ്റ്റ് പട്ടം സ്വദേശി അനന്തൻ നായർ എന്നിവർ ചേർന്ന് 2009 മുതൽ 2014 വരെ കാലഘട്ടത്തിൽ 5.26 കോടി വായ്പ എടുത്ത് രാജ്യം വിട്ടതായാണ് ഒരു പരാതി. ഏഷ്യാറ്റിക് പ്രിൻറിങ് പ്രസ് എന്ന പേരിൽ സ്ഥാപനം തുടങ്ങിയാണത്രേ ഇവർ വായ്പ എടുത്തത്. കണ്ണൂർ സ്വദേശികളായ ഷഫീഖ്, അബ്ദുല്ല എന്നിവർ ചേർന്ന് 20.34 കോടി രൂപ വായ്പ എടുത്ത് തിരിച്ചടച്ചില്ലെന്നാണ് മറ്റൊരു പരാതി. ട്രാൻസ്കോൺ ജനറൽ ട്രേഡിങ് എന്ന പേരിലാണ് വായ്പ എടുത്തത്. പാലാരിവട്ടം സ്വദേശി ബാബു ചന്ദ്രത്തിൽ ജോർജ്, മകൾ രേഖ ജോർജ് എന്നിവർ 54ലക്ഷത്തിലേറെ വായ്പ എടുത്ത് തിരിച്ചടച്ചില്ലെന്നും പരാതിയുണ്ട്. പത്തനംതിട്ട സ്വദേശി മനോജ് തങ്കച്ചൻ നാഷനൽ ബാങ്ക് ഒാഫ് ഫുജൈറയിൽനിന്ന് 27.65 കോടി വായ്പ എടുത്തശേഷം തിരിച്ചടച്ചില്ലെന്ന കേസിൽ രണ്ട് ഗുജറാത്ത് സ്വദേശികളും പ്രതികളാണ്. മലപ്പുറം നെല്ലിശ്ശേരി സ്വദേശി സാബിർ, ഒതലൂർ സ്വദേശി അബൂബക്കർ, തൃശൂർ കണ്ടാണിശ്ശേരി സ്വദേശി നൗഷാദ് എന്നിവരുൾപ്പെട്ട കേസിൽ 1.36 കോടിയുെട തട്ടിപ്പാണ് നടന്നത്. ഇവർ 2013 മുതലാണത്രേ വായ്പ എടുത്ത് തിരിച്ചടക്കാതിരുന്നത്. മുംബൈ സ്വദേശി അബ്ദുൽ ഷുക്കൂർ എന്നയാളുൾപ്പെട്ട മറ്റൊരു കേസിൽ തൃശൂർ മുല്ലശ്ശേരി സ്വദേശി ജനാർദനൻ, ചങ്ങനാശ്ശേരി സ്വദേശി മാത്യു അലക്സാണ്ടർ എന്നിവരും പ്രതികളാണ്. മൂവരും ചേർന്ന് ബിസിനസ് ആവശ്യത്തിന് 2015 വരെ 4.93 കോടി വായ്പ എടുത്തശേഷം തിരിച്ചടച്ചില്ല. കോട്ടയം കങ്ങഴ പടിക്കപ്പറമ്പിൽ വർഗീസ് 3.42 കോടിയുടെ തട്ടിപ്പ് നടത്തിയതായും പരാതിയുണ്ട്. ആലപ്പുഴ കരുവാറ്റ സ്വദേശി ദിലീപ് ഇബ്രാഹിം, കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിൻസി ഷിഹാബുദ്ദീൻ എന്നിവരുൾപ്പെട്ട കേസിൽ 6.5 കോടിയുടെ തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ചിന് പരാതി ലഭിച്ചിട്ടുണ്ട്. എറണാകുളം മറൈൻഡ്രൈവ് ലിങ്ക് ഹൊറിസോൺ ഫ്ലാറ്റിലെ മുഹമ്മദ് അസ്ലം, മകൻ ഫർഹാൻ മുഹമ്മദ് എന്നിവർ 3.43 കോടിയുടെ വായ്പ എടുത്തശേഷം തിരിച്ചടച്ചില്ല. ജൽസം ട്രേഡിങ് കമ്പനിയുടെ പേരിലാണ് ഇവർ വായ്പ എടുത്ത് മുങ്ങിയത്. രജിസ്റ്റർ ചെയ്ത അധിക കേസുകളിലും ഉൾപ്പെട്ടിരിക്കുന്നത് ഡൽഹി, മുംബൈ, പഞ്ചാബ്, ഗുജറാത്ത് സ്വദേശികളാണ്. ഇവരെ കണ്ടെത്തലും അന്വേഷണം മുന്നോട്ടുെകാണ്ടുപോകലും ക്രൈംബ്രാഞ്ചിന് തലവേദനയാകും. കൂടുതൽ കേസുകൾ ഇപ്പോഴും രജിസ്റ്റർ ചെയ്തുകൊണ്ടിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.