മൂലമ്പിള്ളി പാക്കേജ്: ഉന്നതതല യോഗം വിളിക്കണം^ സുധീരൻ

മൂലമ്പിള്ളി പാക്കേജ്: ഉന്നതതല യോഗം വിളിക്കണം- സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി തിരുവനന്തപുരം: 'മൂലമ്പിള്ളി പാക്കേജ്' ഫലപ്രദമായി നടപ്പാക്കാൻ ഉന്നതതല യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയിറക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച പദ്ധതി എങ്ങുമെത്തിയില്ല. 2008 മാര്‍ച്ച് 19ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനവും അതിനെ നവീകരിച്ചുകൊണ്ട് -2011ല്‍ അന്നത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗതീരുമാനവും അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോയിട്ടില്ല. കുടിയിറക്കപ്പെട്ടവരുടെ ജീവിതം ഇപ്പോഴും ദുരിതമയമാണ്. സര്‍ക്കാര്‍ കണ്ടെത്തിയ ഏഴ് പുനരധിവാസകേന്ദ്രങ്ങളില്‍ ആറെണ്ണവും ചതുപ്പ് നിറഞ്ഞ കായലോരങ്ങളാണ്. ഇവിടെ 48 കുടുംബങ്ങള്‍ വീടുവെച്ച് താമസം തുടങ്ങി. ശേഷിക്കുന്ന ബഹുഭൂരിപക്ഷം കുടുംബങ്ങളും താല്‍ക്കാലിക ഷെഡുകളിലോ വാടകക്കോ പണയത്തിനോ എടുത്ത കെട്ടിടങ്ങളിലോ ജീവിതം തള്ളിനീക്കുകയാണ്. മൂന്ന് സൈറ്റുകളില്‍ നിർമിച്ച വീടുകള്‍ക്ക് ഭൂമിയുടെ ബലക്ഷയം മൂലം വിള്ളലുകള്‍ വീണു. ഭൂമിയുടെ ഉറപ്പില്ലായ്മമൂലമാണ് കെട്ടിടങ്ങള്‍ക്ക് വിള്ളലുകള്‍ വന്നതെന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. അതിനാൽ മറ്റ് കുടുംബങ്ങള്‍ പുനരധിവാസ പ്ലോട്ടുകളില്‍ വീടുവെക്കാന്‍ ഭയപ്പെടുന്നു. പ്രഖ്യാപിക്കപ്പെട്ട മറ്റ് പ്രധാന ആനുകൂല്യങ്ങൾ നൽകുന്നതിലും ഗുരുതരമായ വീഴ്ച സംഭവിച്ചു. അതിനാൽ മൂലമ്പിള്ളി സമരസമിതി പ്രതിനിധികൾ, ജില്ലയിലെ എം.പി-എം.എൽ.എമാര്‍, കൊച്ചി മേയര്‍, തൃക്കാക്കര, കളമശ്ശേരി നഗരസഭ ചെയര്‍മാന്മാര്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്നിവരെ പങ്കെടുപ്പിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു ഉന്നതതല യോഗം വിളിക്കണമെന്ന് കത്തിൽ സുധീരൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.