പെരുമ്പാവൂർ: കഴിഞ്ഞ വർഷം മുതൽ ശബരിപാതക്കായി തുക വകയിരുത്തുന്നുണ്ടെങ്കിലും അത് ഭൂവുടമകൾക്ക് കൈമാറാത്തതിൽ ദുരൂഹതയുണ്ടെന്ന് സംയുക്ത സമരസമിതി ആരോപിച്ചു. ബജറ്റിൽ നാമമാത്രമായ പണം അനുവദിക്കുക, അനുവദിക്കുന്ന പണം ചെലവഴിക്കാതെ പാഴാക്കുക, വകമാറ്റി ചെലവഴിക്കുക തുടങ്ങിയ പ്രവണതകളായിരുന്നു മുൻ വർഷങ്ങളിലെന്ന് സമരസമിതി കുറ്റപ്പെടുത്തി. കഴിഞ്ഞ ബജറ്റിൽ കേന്ദ്രം 213 കോടി അനുവദിച്ചെങ്കിലും ചില്ലിക്കാശ് പോലും വിനിയോഗിച്ചില്ല. ഈ ബജറ്റിൽ 220 കോടിയും അനുവദിച്ചിട്ടുണ്ടെങ്കിലും ഭൂമി നഷ്ടപ്പെടുന്നവർക്ക് തുക ലഭിക്കില്ലെന്ന ആശങ്ക നിലനിൽക്കുന്നു. അലൈൻമെൻറിൽ മാറ്റം വരുത്തുകയെന്ന ആർക്കും ഗുണകരമല്ലാത്ത ജോലിയാണ് ഇപ്പോൾ നടക്കുന്നത്. ഈ പ്രവൃത്തി പൂർത്തിയാക്കിയതിനുശേഷം മാത്രമേ സ്ഥലമെടുപ്പിെൻറ റദ്ദു ചെയ്യപ്പെട്ട വിജ്ഞാപനം ഇറക്കാൻ കഴിയൂ. ഇതിന് മുമ്പ് പുതിയ സ്ഥലം ഏറ്റെടുക്കൽ നിയമ പ്രകാരമുള്ള സാമൂഹിക ആഘാതപഠനവും നടത്തണം. ഇതു സംബന്ധിച്ച ഉത്തരവ് സർക്കാർ കഴിഞ്ഞ വർഷം നടത്തിയെങ്കിലും ഇത്തരത്തിലൊരു പഠനം നാളിതുവരെ ആരംഭിച്ചിട്ടില്ല. കൂടാതെ പദ്ധതിച്ചെലവ് പങ്കിടുന്നത് സംബന്ധിച്ച് കേന്ദ്ര--സംസ്ഥാനങ്ങൾക്കിടയിൽ തർക്കം നിലനിൽക്കുന്നു. സമയബന്ധിതമായി സ്ഥലമെടുക്കൽ നടപടി പൂർത്തീകരിക്കാൻ സംസ്ഥാനം തയാറാകാത്തതിനെത്തുടർന്ന് പദ്ധതിച്ചെലവ് ക്രമാതീതമായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ 2012ൽ പദ്ധതിച്ചെലവിെൻറ പകുതി വഹിക്കാൻ കേന്ദ്രം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ആദ്യഘട്ടത്തിൽ 550 കോടി രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന ശബരി പാതയുടെ ഇപ്പോഴത്തെ ചെലവ് 2815.62 കോടിയിൽ എത്തിനിൽക്കുന്നു. പുതുക്കിയ എസ്റ്റിമേറ്റ് കേന്ദ്രം അംഗീകരിച്ചിട്ടുമില്ല. ഇത്തരം സാഹചര്യം നിലനിൽക്കെ ഭൂമി നഷ്ടപ്പെടുന്നവർക്ക് പുതിയ ബജറ്റിൽ ആശ്വസിക്കാൻ ഒന്നുമില്ലെന്നും നിരാഹാരമുൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാൻ നിർബന്ധിതരായിരിക്കുകയാണെന്നും സംയുക്ത സമരസമിതി നേതാക്കളായ ഗോപാലൻ വെണ്ടുവഴി, വിശ്വനാഥൻ നായർ, മുഹമ്മദ്കുഞ്ഞ് കുറുപ്പാലി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. ഹോമിയോ മെഡിക്കൽ ക്യാമ്പ് പെരുമ്പാവൂർ: തോട്ടുവ സാംസ്കാരിക പഠനകേന്ദ്രം വായനശാലയും കേരള വിശ്വകർമസഭയും കേരള വിശ്വകർമ സഭ കൂവപ്പടി യൂനിറ്റും സംയുക്തമായി ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെ കൂവപ്പടി വിശ്വകർമ ഓഡിറ്റോറിയത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഉദ്ഘാടനം കൂവപ്പടി പഞ്ചായത്ത് പ്രസിഡൻറ് കുഞ്ഞുമോൾ തങ്കപ്പൻ നിർവഹിക്കും. പ്രസിഡൻറ് എസ്. രവി അധ്യക്ഷത വഹിക്കും. എൻ.എച്ച്.എം ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫിസർമാരായ ഡോ. പി.കെ. ശ്രീദേവി, ഡോ. ജി. ലേഖ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.