മൂന്നാംറെയിൽവേ മേൽപാലം; പ്രതീക്ഷകൾക്ക് വീണ്ടും ചിറക് മുളക്കുന്നു

ആലുവ: നഗര വികസനത്തിൽ നാഴികക്കല്ലാകാനിടയുള്ള മൂന്നാം റെയിൽവേ മേൽപാലമെന്ന സ്വപ്നത്തിന് വീണ്ടും ചിറക് മുളക്കുന്നു. 20 കോടിയുടെ പദ്ധതി തയാറാക്കി ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് സമർപ്പിച്ചിട്ടുണ്ടെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. റെയിൽവേ പാളത്തിന് കുറുകെ പാലം നിർമിക്കുന്നതിന് റെയിൽവേയുടെ അനുമതി ആവശ്യമാണ്. ഇതിനായി റെയിൽവേ മന്ത്രിക്കും ഇന്നസ​െൻറ് എം.പിക്കും നിവേദനം നൽകിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു. മേൽപാലത്തിന് നഗരസഭ നാളുകളായി ശ്രമം നടക്കുന്നുണ്ട്. പലതവണ റെയിൽവേ അധികൃതർക്കും കേന്ദ്ര സർക്കാറിനും നിവേദനം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. പല കാരണങ്ങൾ പറഞ്ഞ് ഓരോ തവണയും ബന്ധപ്പെട്ട അധികൃതർ പദ്ധതി തഴയുകയായിരുന്നു. ആലുവയിൽ നിലവിൽ രണ്ട് മേൽപാലങ്ങളാണുള്ളത്. വിസ്തൃതി കുറഞ്ഞ നഗരത്തിൽ രണ്ട് മേൽപാലം ധാരാളമാണെന്നായിരുന്നു റെയിൽവേയുടെ വാദം. കൊച്ചി നഗരത്തിൽ പോലും അധികം മേൽപാലമില്ലെന്നിരിക്കെ ആലുവയിൽ പുതിയ മേൽപാലം പണിയാൻ കഴിയില്ലെന്നും അധികൃതർ പറഞ്ഞിരുന്നു. എന്നാൽ, കൊച്ചി നഗരത്തിൽ നിരവധി മേൽപാലങ്ങൾ വരുകയും ആലുവയിൽ ഗതാഗതക്കുരുക്ക് വലിയ തലവേദനയാകുകയും ചെയ്തതോടെ മൂന്നാം മേൽപാലമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും വീണ്ടും ഉയരുകയായിരുന്നു. ഇതിനോട് അനുഭാവം പുലർത്തിയാണ് നഗരസഭ വീണ്ടും ആവശ്യം ഉന്നയിച്ച് മുന്നിട്ടിറങ്ങിയത്. ബോയ്സ് സ്കൂൾ പരിസരത്തുനിന്ന് ആശുപത്രി കവലക്കും കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിനും ഇടയിലെ കാർ സ്‌റ്റാൻഡിൽ വന്നു ചേരുന്നതാണ് നിർദിഷ്‌ട മേൽപാലം. ഈ പദ്ധതിക്ക് വേണ്ടി നഗരസഭയുടെ ഉടമസ്‌ഥതയിലെ കാർ സ്‌റ്റാൻഡ്‌ സ്ഥിതിചെയ്യുന്ന ഭാഗം ഇപ്പോഴും ഒഴിച്ചിട്ടിരിക്കുകയാണ്. നഗരഹൃദയത്തിലെ ഈ പ്രധാന സ്ഥലത്ത് കെട്ടിടം നിർമിച്ചാൽ നഗരസഭക്ക് നല്ലൊരു തുക മാസം വാടകയിനത്തിൽ ലഭിക്കും. ഇതൊഴിവാക്കിയാണ് നഗരവികസനത്തിന് ഈ സ്ഥലം മാറ്റിയിട്ടത്. പുതിയ മേൽപാലത്തിനൊപ്പം പടിഞ്ഞാറൻ കവാടം കൂടി യാഥാർഥ്യമായാൽ നഗരത്തിലെ വീർപ്പുമുട്ടൽ പൂർണമായും പരിഹരിക്കപ്പെടും. ഒപ്പം ബാങ്ക് കവലക്കും സിവിൽ സ്റ്റേഷനും ഇടയിലുള്ള പ്രദേശം വികസിക്കുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.