വിളിപ്പുറത്ത് വൈദ്യസഹായവുമായി ഹെല്‍പ് ലൈൻ

കൊച്ചി: ജില്ലയിൽ എവിടെ വൈദ്യസഹായം ആവശ്യമുണ്ടെങ്കിലും സമയം നോക്കാതെ 9946992995 എന്ന നമ്പറിലേക്ക് വിളിക്കാം. ദുരിതബാധിത മേഖലയിൽ വൈദ്യസഹായം ഉറപ്പായിരിക്കും. അത്രക്ക് സജ്ജമാണ് ജില്ലയിലെ മെഡിക്കൽ സംഘം. ഡോക്ടര്‍മാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, മറ്റ് സന്നദ്ധ സംഘടന പ്രവര്‍ത്തകർ എന്നിവർ കൈകോർത്തതോടെ ദുരിതബാധിത മേഖലയിൽ നടക്കുന്നത് സമാനതയില്ലാത്ത വൈദ്യസഹായ പ്രവർത്തനങ്ങളാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും ഉൾപ്പെടുന്നതാണ് സേവനസംഘം. ഹെല്‍പ് ലൈൻ പ്രവർത്തനം കൊല്ലത്തുനിന്ന് 20ഓളം ഐ.ടി പ്രഫഷനലുകളാണ് ഹെല്‍പ്‌ലൈന് ജീവൻ നൽകുന്നത്. ഡോ. പ്രവീൺ പൈ ആണ് മേൽനോട്ടം. ആവശ്യമറിയിച്ചുള്ള വിളികൾ വളൻറിയർമാരാണ് ആദ്യം സ്വീകരിക്കുക. അനാവശ്യ, വ്യാജ വിളികൾ ഒഴിവാക്കാനാണിത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം ഡോക്ടർമാർക്ക് കൈമാറും. രാജ്യത്തെ 300 ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന നെറ്റ്‌വര്‍ക്കിലേക്കാണ് വിളികൾ കൈമാറുന്നത്. ആവശ്യക്കാരോട് സംസാരിച്ച് ഡോക്ടര്‍മാര്‍ ചികിത്സയും മരുന്നുകളും വാട്‌സാപ് സന്ദേശമായി കണ്‍ട്രോള്‍ റൂമിലേക്ക് നൽകും. ഇവിടെ വലിയ സ്ക്രീനിൽ സന്ദേശങ്ങൾ തെളിയും. അതനുസരിച്ച് മരുന്നുകൾ നൽകാനുള്ള സൗകര്യമൊരുക്കും. മരുന്നുകൾ സംഭാവനയായി നൽകേണ്ടവർക്കും സൗകര്യം ഉപയോഗിക്കാം. ജില്ലയിലെ രണ്ടര ലക്ഷം ആളുകള്‍ക്കാണ് ഹെല്‍പ് ലൈൻ ആശ്വാസമായത്. 39 ലക്ഷം രൂപയുടെ മരുന്നുകൾ സംഭാവനയായി ലഭിച്ചു. 35 ലക്ഷം രൂപയുടെ മരുന്നുകൾ വിവിധ ക്യാമ്പുകളിൽ വിതരണം ചെയ്തു. പലയിടത്തും നേവിയുടെ സഹായത്തോടെ മരുന്നുകള്‍ എയര്‍ ഡ്രോപ്പ് ചെയ്തു. മെഡിക്കല്‍ ടീമുകള്‍ വഴി 120 പാക്കറ്റുകൾ വിതരണം ചെയ്തു. ക്യാമ്പ് വളൻറിയർമാർ വഴി 150 പാക്കറ്റുകളും ഇതുവരെ നല്‍കി. ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെട്ടത് പത്തു ശതമാനം മാത്രമായിരുന്നു. 50ഓളം ഫാര്‍മസിസ്റ്റുകളും 25ഓളം ട്രെയിനികളും 200ല്‍ പരം മറ്റ് വളൻറിയർമാരുമാണ് ഇതിനായി പ്രയത്നിച്ചത്. വൈദ്യസഹായത്തിനായി 130 ഡോക്ടര്‍മാരും 70 പാരാ മെഡിക്കല്‍ ജീവനക്കാരുമുണ്ട്. ആരോഗ്യവകുപ്പും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും ഐ.എം.എ, ഐ.എ.പി, കെ.ജി.എം.ഒ.എ, പാരാമെഡിക്കല്‍ അസോസിയേഷനുകളും എറണാകുളം ജനറല്‍ ആശുപത്രിയുമാണ് പദ്ധതിയെ മുന്നോട്ടുനയിക്കുന്നത്. തല്‍ക്കാലികമായി അടച്ചിരുന്ന സ്വകാര്യ ആശുപത്രികള്‍ തുറന്നതോടെ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും പദ്ധതിയെ അത് തളർത്തിയിട്ടില്ല. വിജയകരമായ പദ്ധതി ആലപ്പുഴ ജില്ലയിലേക്കും വ്യാപിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.