ലില്ലിക്കുട്ടി എല്ലാം മറന്നു; ആ ഹൃദയതാളത്തി​​െൻറ ശ്രുതിയിൽ

കൊച്ചി: ശ്രുതിയുടെ നെഞ്ചിൽ ചെവിചേർത്തുനിൽക്കെ, ലില്ലിക്കുട്ടിയുടെ കണ്ണുകളിൽ സന്തോഷവും സങ്കടവും ഒന്നുപോലെ തുളുമ്പി. അഞ്ചുവർഷംമുമ്പ് മരണത്തിന് കീഴടങ്ങിയ പൊന്നാങ്ങളയുടെ ഹൃദയമാണ് കാതറ്റത്ത് താളവ്യത്യാസമില്ലാതെ മിടിക്കുന്നത്. ഉള്ളിൽ കനംവെച്ചുനിന്ന വേദനയത്രയും ആനന്ദാശ്രുക്കളിൽ അലിഞ്ഞില്ലാതാകുന്ന ആ അനുഭവത്തിനു മുന്നിൽ ലില്ലിക്കുട്ടി എല്ലാംമറന്നു. ലാലിച്ച​െൻറ സഹോദരിമാരായ ഷാമില ആൻറണിയും എത്സമ്മ മാത്യുവും സന്തോഷം അടക്കാനാവാതെ ശ്രുതിയെ കെട്ടിപ്പുണർന്നു. ഇതിനെല്ലാം സാക്ഷിയായി ശ്രുതിയുടെ അമ്മ ശാന്തയും ലാലിച്ച​െൻറ സഹോദരന്മാരായ വർഗീസും തോമസും അരികിൽ നിറകണ്ണുകളുമായി ശ്വാസമടക്കിനിന്നു... എറണാകുളം ലിസി ആശുപത്രിയിൽ നടന്ന സംഗമത്തിലാണ് ഇരുകുടുംബങ്ങളും ഒത്തുചേർന്നത്. അപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കോട്ടയം വാഴപ്പിള്ളി സ്വദേശി തൈപ്പറമ്പിൽ ജോസഫ് മാത്യുവി​െൻറ (ലാലിച്ചൻ -43) ഹൃദയമാണ് ആരക്കുന്നം കടപ്പുറം വീട്ടിൽ ശശീന്ദ്ര​െൻറ മകൾ 29കാരി ശ്രുതിയുടെ ഇന്നത്തെ ജീവിതം. അഞ്ചുവർഷംമുമ്പ് ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ഇരുകുടുംബങ്ങളും ആദ്യമായാണ് പരസ്പരം കാണുന്നത്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപതിയും രക്തധമനികളെ ഗുരുതരമായി ബാധിക്കുന്ന ടക്കയാസു എന്ന അസുഖവുമായിരുന്നു ശ്രുതിക്ക്. ജന്മനാ ഒരു വൃക്ക മാത്രമേയുള്ളൂ. ആ സമയത്താണ് ലാലിച്ചന് ബൈക്കപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ചത്. ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധരായി. ഒരുമണിക്കൂറിൽതാഴെ സമയംകൊണ്ട് ഹൃദയം കോട്ടയം മെഡിക്കൽ കോളജിൽനിന്ന് പൊലീസ് അകമ്പടിയോടെ ലിസി ആശുപത്രിയിലെത്തിച്ചു. 2013 ആഗസ്റ്റ് 13ന് ലോക അവയവദാന ദിനത്തിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവിൽ, ഡോ. ജേക്കബ് എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഏഷ്യയിൽ ആദ്യമായാണ് ഇത്തരം രോഗങ്ങളുള്ള വ്യക്തിയിൽ ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കമായ ശ്രുതിക്ക് നാട്ടിലെ സാമൂഹിക സാംസ്കാരിക കൂട്ടായ്മ താങ്ങുംതണലുമായി നിന്നു. വൈകാതെ ലാലിച്ച​െൻറ ഹൃദയതാളത്തിലൂടെ ശ്രുതി ജീവിതം തിരിച്ചുപിടിച്ചു. ഇപ്പോൾ മുളന്തുരുത്തിയിലെ നീതി ഡി.ആർ.സി ലാബിൽ റിസപ്ഷനിസ്റ്റാണ്. മൂന്നുമാസം കൂടുമ്പോൾ പരിശോധനയും മുടങ്ങാതെ മരുന്നുമുണ്ട്. ആശുപത്രിയിൽ നടന്ന ചടങ്ങിൽ യുവനടൻ കാളിദാസ് ജയറാം മുഖ്യാതിഥിയായിരുന്നു. ആശുപത്രി ഡയറക്ടർമാരായ ഫാ. അജോ മൂത്തേടൻ, ഫാ. ആേൻറാ ചാലിശേരി, ശ്രുതിക്കുശേഷം ഹൃദയംമാറ്റിവെക്കലിന് വിധേയരായ ഗിരീഷ്, ജോസഫ് റോണി, മാത്യു അച്ചാടൻ തുടങ്ങിയവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.