അദ്വൈതാശ്രമവും സാമൂഹിക പുരോഗതിയും

സ്വാമി ശിവസ്വരൂപാനന്ദ ലോകത്തിൽ വംശീയ വിദ്വേഷവും മതവിദ്വേഷവും മനുഷ്യരാശിയുടെ പുരോഗതിയെ തടഞ്ഞ് ഇന്നും നിൽക്കുന്നു. അതിശയകരമായ ഭൗതിക വളർച്ചയും സാമൂഹിക -സാങ്കേതിക പുരോഗതിയും മനുഷ്യൻ നേടിയിട്ടുണ്ട്. എന്നാൽ നിറം, ഭാഷ, തൊഴിൽ മുതലായവയിൽ വ്യത്യാസമുണ്ടെന്ന വിശ്വാസത്തി​െൻറ മൗഢ്യത്തിൽനിന്ന് മനുഷ്യനിനിയും പുറത്തുവന്നിട്ടില്ല. ഞാനും നീയും, ഞാനും പ്രകൃതിയും ഒന്നാണെന്ന അവബോധത്തിലേക്കും അവനുണർന്നിട്ടില്ല. മനുഷ്യ​െൻറ ബോധപൂർവമായ ഈ ഉറക്കത്തിൽനിന്ന് അവനെ ഉണർത്താനുള്ള ശംഖൊലിയാണ് ശ്രീനാരായണഗുരുവി​െൻറ ദർശനം. കേരളത്തിലെ പുരോഹിതരും രാജാക്കന്മാരും വേദശാസ്ത്രനിപുണരും ശവസമാനമായ ജാഡ്യത്തിലായിരുന്ന, ഭേദഭാവനകളുടെ മൗഢ്യത്തിലായിരുന്ന ഒരു കാലം. അന്ന് അന്തസ്സും അഭിമാനവും തെളിച്ചവും വെളിച്ചവും സ്വാതന്ത്ര്യവും ഏതൊരു മനുഷ്യ​െൻറയും ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ച് കേരളത്തി​െൻറ സാമൂഹിക- സാംസ്കാരിക മേഖലകളിൽ മഹാതേജസ്സി​െൻറ അഗ്നിലിംഗം പ്രതിഷ്ഠിച്ചാണ് ശ്രീനാരായണഗുരു ദൗത്യം ആരംഭിക്കുന്നത്. വേദാഗമന്ത്രങ്ങൾ വെറുതെ കഴുതയെ പ്പോലെ ചുമന്ന് നടന്നവർ അവനവനും മറ്റുള്ളവർക്കും ലഭിക്കേണ്ട അറിവി​െൻറ പ്രകാശം കെടുത്തിക്കളഞ്ഞിരുന്നു. അവരുടെ വേദാഗമങ്ങളെ എതിർക്കാതെ, അവതന്നെ വെളിച്ചത്തി​െൻറ പുതിയ വഴിതെളിക്കുമെന്ന് ഗുരു സ്വജീവിതംകൊണ്ട് തെളിയിച്ചു. 1912 േമയിൽ ശിവഗിരിയിൽ ശാരദപ്രതിഷ്ഠ കഴിഞ്ഞതി​െൻറ അടുത്തമാസം ഗുരുദേവൻ ആലുവയിൽ ആശ്രമത്തിന് സ്ഥലം വാങ്ങി. 1913ൽ ആശ്രമം സ്ഥാപിക്കുകയും ചെയ്തു. ശിവഗിരിയിൽനിന്ന് പുറപ്പെട്ട് കാർത്തികപ്പള്ളിയിലെ കൃഷ്ണനാശാനുമൊത്ത് ആലപ്പുഴ, മുഹമ്മ, ചേർത്തല, പാണാവള്ളി, മനക്കോടം തുടങ്ങിയ സ്ഥലങ്ങൾ ഗുരു സന്ദർശിച്ചു. അവിടെയുള്ള ഗൃഹസ്ഥ ശിഷ്യരെയും കണ്ടു. തുടർന്നുള്ള ഗുരുവി​െൻറ പ്രവർത്തനം അദ്വൈതാശ്രമത്തിൽ വിശ്രമിച്ചാണ് നിർവഹിച്ചത്. 40 കുട്ടികളെ ഗുരു ആശ്രമത്തിൽ താമസിപ്പിച്ച് പഠിപ്പിച്ചു കൊണ്ടിരുന്നു. അവർക്ക് ഒരു സ്കൂൾ സ്ഥാപിക്കണമെന്ന് ആഗ്രഹിച്ചു. മൂത്തകുന്നം എച്ച്.എം.ഡി.പി സഭ ഗുരുവിന് സ്കൂൾ സ്ഥാപിക്കാൻ സ്ഥലം വാങ്ങിക്കൊടുത്തു. 1915 ൽ ഗുരു ഒരു സംസ്കൃത സ്കൂൾ ആരംഭിച്ചു. അക്കാലത്ത് കേരളത്തിൽ തിരുവിതാംകൂറിൽ രാജാവ് സ്ഥാപിച്ച ഒരു സംസ്കൃത സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ എല്ലാവെരയും പഠിപ്പിച്ചിരുന്നില്ല. ബ്രാഹ്മണ വിദ്യാർഥികൾക്കും രാജകുടുംബത്തിലെ കുട്ടികൾക്കും മാത്രമായിരുന്നു അവിടെ പ്രവേശനം. ഗുരുവി​െൻറ സ്കൂളിൽ എല്ലാ ജാതിക്കാർക്കും മതക്കാർക്കും പ്രവേശനം നൽകി. അന്നതൊരു വലിയ വിപ്ലവമായിരുന്നു. പിൽക്കാലത്ത് പ്രശസ്തരായ പല താഴ്ന്ന ജാതിക്കാരും ആലുവ അദ്വൈതാശ്രമം സംസ്കൃത സ്കൂളിൽ പഠിച്ചവരാണ്. സഹോദരനയ്യപ്പനെപ്പോലുള്ള ഉൽപതിഷ്ണുക്കളെ ഒട്ടൊന്നുമല്ല ഗുരുവി​െൻറ ഈ സംരംഭം പ്രചോദിപ്പിച്ചത്. അന്ന് പന്തിഭോജനം നടത്തിയതി​െൻറ പേരിൽ സഹോദരനെ സ്വന്തം സമുദായംപോലും പുറത്താക്കിയിരുന്നു. അയ്യപ്പൻ ആശ്രമത്തിൽ വന്ന് ഗുരുവിനോട് സങ്കടം പറഞ്ഞു. ഗുരു ഒരു സന്ദേശം എഴുതി വിളംബരം ചെയ്തു. 'മനുഷ്യരുടെ വേഷം, ഭാഷ ഇവ ഒന്നായതുകൊണ്ട് അവർ തമ്മിൽ പന്തിഭോജനവും വിവാഹവും നടക്കുന്നതിൽ തെറ്റില്ല'. ഗുരുവി​െൻറ ഈ വിളംബരംകൊണ്ട് സഹോദരന് വിപുലമായ പ്രവർത്തന സ്വാതന്ത്ര്യമാണ് തുറന്നുകിട്ടിയത്. അദ്വൈതാശ്രമത്തിൽ െവച്ച് മറ്റൊരു വിളംബരംകൂടി ഗുരു നടത്തുകയുണ്ടായി. 'നാം ജാതിഭേദങ്ങൾ വിട്ടിട്ട് ഏതാനും സംവത്സരങ്ങൾ പിന്നിട്ടിരിക്കുന്നു. എന്നിട്ടും ഏതാനും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽെപട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അത് ഹേതുവാൽ പലർക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണക്ക് ഇടയായിട്ടുണ്ടെന്നും അറിയുന്നു. നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗത്തിൽ മേൽപ്രകാരമുള്ളവരെ മാത്രമേ പിൻഗാമികളായി ആലുവ അദ്വൈതാശ്രമത്തിൽ ചേർത്തിട്ടുള്ളൂവെന്നും മേലിലും ചേർക്കുകയുള്ളൂവെന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. 1091 മിഥുനത്തിലെ 'പ്രബുദ്ധകേരളം' പത്രത്തിലാണ് ഈ വിളംബരം പ്രസിദ്ധപ്പെടുത്തിയത്. ചിന്തകൾക്ക് പ്രായോഗികഭാഷ്യം സൃഷ്ടിക്കാനുള്ള ഒരിടമായിട്ടാണ് ഗുരു അദ്വൈതാശ്രമത്തെ കണ്ടത്. പ്രശസ്ത ചിന്തകനും എഴുത്തുകാരനും നാസ്തികനുമായ കുറ്റിപ്പുഴ കൃഷ്ണപിള്ള അദ്വൈതാശ്രമം സംസ്കൃത സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. അദ്ദേഹത്തി​െൻറ 'സ്മരണമഞ്ജരി' എന്ന പുസ്തകം അന്നത്തെ സ്കൂളി​െൻറ പ്രവർത്തനത്തെക്കുറിച്ചും ഗുരുവിനെക്കുറിച്ചും വ്യക്തമായ ഒരു ചിത്രം നമുക്കു നൽകുന്നുണ്ട്. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് മഹാത്്മാഗാന്ധി ആലുവയിൽ വരുകയും അദ്വൈതാശ്രമത്തിൽ താമസിക്കുകയും സത്യഗ്രഹ നേതാക്കളുമായി സംഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട്. ഗാന്ധി-പിറ്റ്പാക്ട് എന്ന ഉടമ്പടി ഒപ്പു െവച്ചതും ആശ്രമത്തിൽെവച്ചാണ്. ടാഗോറും ഒരുപാട് ദേശീയ നേതാക്കളും ആശ്രമം സന്ദർശിക്കുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തി​െൻറ സാമൂഹിക- സാംസ്കാരിക ചരിത്രത്തിൽ ശ്രദ്ധേയമായ മറ്റൊരു സംഭവമാണ് ഏഷ്യയിലാദ്യത്തേതും ലോകത്ത് രണ്ടാമത്തേതുമായ സർവമത സമ്മേളനം. അത് അറിവെന്ന പരംപൊരുളിനെ മതഗ്രന്ഥങ്ങളിൽനിന്ന് വെളിയിൽ കൊണ്ടുവരാനും എല്ലാ മതങ്ങളിലും ഏകമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തി കൊടുക്കാനുമാണ് ഗുരു ഒരു ശിവരാത്രി നാളിൽ ആലുവ അദ്വൈതാശ്രത്തിൽ സർവമത സമ്മേളനം (1924) വിളിച്ചുകൂട്ടിയത്. വിശ്വോത്തരമായ മറ്റൊരുസന്ദേശം കൂടി അന്ന് ഗുരു അരുളി ചെയ്തു. 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്' എന്ന ആ വാക്യം സർവമത സമ്മേളന കവാടത്തിൽ പ്രദർശിപ്പിക്കാൻ ഗുരു ആവശ്യപ്പെട്ടു. ഈ വാക്യം ഗുരുവി​െൻറ ഇതര മതങ്ങളോടുളള ആഴത്തിലുള്ള സമീപനമാണ് വ്യക്തമാക്കുന്നത്. സർവ സാഹോദര്യത്തി​െൻറയും സർവമത സമന്വയത്തി​െൻറയും ഉജ്ജ്വലവും ഉദാത്തവുമായ ഒരാവിഷ്കാരമായിരുന്നു ആ സമ്മേളനം. ഗുരുവി​െൻറ ദർശന സംഗ്രഹമായ ദൈവദശകവും ജാതിയുടെ നിരർഥകത വെളിപ്പെടുത്തുന്ന ജാതി ലക്ഷണം, ജാതി നിർണയം തുടങ്ങിയ കൃതികളും എഴുതിയത് ആലുവ അദ്വൈതാശ്രമത്തിൽ െവച്ചാണ്. 1099ൽ (1924) ഉണ്ടായ വെള്ളപ്പൊക്കത്തിൽ ആശ്രമം വെള്ളം കയറി മുങ്ങി. അപ്പോഴാണ് ഗുരു ആസ്ഥാനം ശിവഗിരിക്ക് മാറ്റിയത്. ഗുരുവി​െൻറ സാന്നിധ്യം കൊണ്ടും ചരിത്രപരമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചതുകൊണ്ടും സംസ്കൃത പാഠശാലകൊണ്ടും ശ്രദ്ധേയമായിരുന്നു ആലുവ അദ്വൈതാശ്രമം. ആലുവയിൽ തോട്ടുമുഖത്ത് താമസിച്ചിരുന്ന വേലുവെന്ന ഒരാളുണ്ടായിരുന്നു. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് തിരുവിതാംകൂറിൽ ജയിലിലായിരുന്നു വേലു. പരോളിൽ ഇറങ്ങുമ്പോൾ വേലു ഗുരുവിനെ വന്ന് കാണും. ഗുരു തോട്ടുമുഖെത്ത ഒരു ചെറിയ കുന്നിൽ ചെന്ന് ഇരിക്കാറുണ്ടായിരുന്നു. ആ കുന്ന് വേലുവിേൻറതായിരുന്നു. ജയിൽ ശിക്ഷ കഴിഞ്ഞുവന്ന സാത്വികനായ വേലുവിനെ സ്നേഹോഷ്മളമായാണ് ഗുരു സ്വീകരിച്ചത്. വേലുവിനെ ഗുരു വാല്മീകി എന്ന് വിളിച്ചു തുടങ്ങി. ഗുരു ചെന്നിരിക്കാറുള്ള കുന്നും അമ്പത് ഏക്കർ വരുന്ന ഭൂമിയും വേലു ഗുരുവിന് എഴുതിക്കൊടുത്തു. ആ കുന്ന് ഇപ്പോഴറിയുന്നത് വാല്മീകി കുന്നെന്ന പേരിലാണ്. അവിടെ ശിവഗിരി മഠത്തി​െൻറ സി.ബി.എസ്.ഇ സ്കൂൾ പ്രവർത്തിക്കുന്നു. അദ്വൈതാശ്രമത്തിന് കേരള ചരിത്രത്തിലുള്ള സാമൂഹിക സാംസ്കാരിക പ്രാധാന്യവും അത് സമകാലിക കേരളത്തിന്, ഇന്ത്യക്ക്, ലോകത്തിന് നൽകുന്ന സന്ദേശവും മനസ്സിലാക്കേണ്ടത് നമ്മുടെ കടമയാണ്. ശതാബ്ദിയുടെ ഒരു വർഷക്കാലം ഗുരുദേവ ചിന്തകളാൽ നമുക്ക് ലോകത്തെ ധർമപ്രകാശത്തിലേക്ക് നയിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.