കുട്ടനാട്: ചമ്പക്കുളം നടുഭാഗം ഗവ. എൽ.പി സ്കൂളിന് സമീപത്തുള്ള നെടുമുടി കൃഷിഭവൻ പരിധിയിലെ കല്ലമ്പള്ളി പാടശേഖരത്തിൽനിന്നും ഉയർന്ന പുകയും വെള്ളം തിളച്ചുമറിഞ്ഞതും നാട്ടുകാരിൽ ഭീതിപരത്തി. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. 14 വർഷങ്ങമായി തരിശുകിടക്കുന്ന പാടശേഖരമായിരുന്നു. വീണ്ടും കൃഷി നടത്തുന്നതിന് വെള്ളം വറ്റിക്കുന്ന ജോലികൾ നടന്നുവരികയുമാണ്. അതിനിടെയാണ് രാവിലെ പുക വരുന്നത് അതുവഴി പോയയാൾ കണ്ടത്. പോളയും പുല്ലും നിറഞ്ഞുകിടക്കുന്ന പാടശേഖരമാണ്. രാവിലെ എട്ടുമണിയോടെ നാട്ടുകാരിൽ ചിലർ മുളകൊണ്ട് പുല്ല് നീക്കിയപ്പോൾ പഴയ ഇലക്ട്രിക് സർവിസ് വയർ കണ്ടു. വർഷങ്ങൾക്ക് മുമ്പ് സ്കൂളിലേക്ക് വൈദ്യുതി ലഭ്യമാക്കാൻ സ്ഥാപിച്ച ലൈനാണിതെന്ന് നാട്ടുകാർ പറഞ്ഞു. പാടശേഖരം കൃഷിയില്ലാതായതോടെ സർവിസ് ലൈൻ ഘടിപ്പിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റ് വെള്ളത്തിലായി. വർഷങ്ങൾക്ക് മുമ്പ് സ്കൂളിലെ വൈദ്യുതിബന്ധം നിലച്ചപ്പോൾ നിലവിലുള്ള സർവിസ് ലൈനിൽനിന്നുള്ള ബന്ധം വിച്ഛേദിച്ചു. വർഷങ്ങൾ പിന്നിട്ടതോടെ പാടശേഖരത്തിൽ നിന്ന പോസ്റ്റിൽ മരങ്ങളും വള്ളികളും പടർന്നുകയറി ആരാലും ശ്രദ്ധിക്കപ്പെടാത്ത അവസ്ഥയിലായി. ഇലക്ട്രിക് ലൈനുകളിലേക്ക് പടർന്നുപന്തലിച്ച വള്ളികളിൽ കൂടിയായിരുന്നു സർവിസ് വയറിൽ വൈദ്യുതി പ്രവഹിച്ചത്. വൈദ്യുതി ഉദ്യോഗസ്ഥർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെയാണ് നാട്ടുകാർക്ക് സമാധാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.