അശോകപുരത്ത് മദ്യപസംഘം വിലസുന്നു

ആലുവ: കീഴ്മാട് പഞ്ചായത്തിലെ 16-ാം വാർഡിൽ ഉൾപ്പെട്ട അശോകപുരം മേഖലയിൽ മദ്യപസംഘം വിലസുന്നു. കാർമൽ ആശുപത്രിക്ക് പിറകിലെ ജനവാസ മേഖലയിലാണ് ഇവരുടെ ശല്യം കൂടുതലുള്ളതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കനാൽ ബണ്ട് റോഡിലും ഇടവഴികളിലും സംഘം ചേർന്ന് മദ്യപിക്കുന്ന ഇക്കൂട്ടരിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമുണ്ടെന്നാണ് സൂചന. വൈകുന്നേരം ആറരയോടെ ആരംഭിക്കുന്ന മദ്യസേവ രാത്രി വൈകുവോളം നടക്കും. ജോലികഴിഞ്ഞ് വരുന്ന സ്ത്രീകളും ദൂരെയുള്ള കോളജുകളിൽ പഠിക്കുന്ന വിദ്യാർഥിനികളും അടക്കമുള്ളവർ ഇക്കൂട്ടരെ പേടിച്ചാണ് വൈകുന്നേരങ്ങളിൽ വീടുകളിലേക്ക് മടങ്ങുന്നത്. ആലുവയിലെ ഇതര പ്രദേശങ്ങളിൽനിന്ന് വരുന്നവരാണ് സംഘത്തിലെ ഭൂരിപക്ഷവും. പ്രദേശവാസികളായ ചിലരാണ് ഇതിന് നേതൃത്വം കൊടുക്കുന്നതെന്നാണ് ആരോപണം. ചില പ്രാദേശിക രാഷ്‌ട്രീയ നേതാക്കളുടെ പിന്തുണയും ഇവർക്കുണ്ടെന്ന് ആരോപണമുണ്ട്. റോഡിന് നടുവിൽ ബൈക്കുകൾ നിർത്തിയിടുക, മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന രീതിയിൽ കൂട്ടംകൂടി നിൽക്കുക, അവധി ദിവസങ്ങളിൽ പകൽസമയങ്ങളിൽപോലും പരസ്യമായി മദ്യപിക്കുക, ഇവരുടെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നവെരയും ഇവർക്കെതിെര പരാതി കൊടുക്കുന്നവെരയും സംഘം ചേർന്ന് വീട്ടിൽ കയറി ഭീഷണിപ്പെടുത്തുക തുടങ്ങിയ പരാതികളാണ് ഉയരുന്നത്. രാത്രിയിൽ അജ്ഞാത വാഹനങ്ങളെത്തുമ്പോൾ തെരുവുവിളക്കുകളുടെ ഫ്യൂസ് ഈരുന്നതും പതിവാണ്. മദ്യപസംഘത്തി‍​െൻറ സാമൂഹികദ്രോഹ പ്രവർത്തനങ്ങളും ഭീഷണിയും പരിധിവിട്ടതോടെ പ്രദേശത്തെ മുപ്പതോളം കുടുംബങ്ങൾ ചേർന്ന് ഉന്നത പൊലീസ് അധികാരികൾക്ക് ഇതുസംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. പ്രത്യേക പൊലീസ് പട്രോളിങ് ഈ പ്രദേശത്ത് ഏർപ്പെടുത്താമെന്ന് ഉന്നത ഉദ്യോഗസ്‌ഥർ ഉറപ്പുനൽകിയിട്ടുണ്ട്. അതോടൊപ്പം, രാത്രികാല നിരീക്ഷണ സംവിധാനമുള്ള കാമറ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ഇതോടെ, ഈ മദ്യപസംഘത്തി‍​െൻറ ഭീഷണിയിൽനിന്ന് മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.