നികത്തുഭൂമി കരഭൂമിയാക്കാന്‍ ഭൂമാഫിയ

കാക്കനാട്: നിയമം ലംഘിച്ച് മണ്ണിട്ടുനികത്തിയ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കരഭൂമിയാക്കി മാറ്റാന്‍ ഭൂമാഫിയ സംഘം സജീവം. വില്ലേജ് ഓഫിസുകളും തഹസിൽദാര്‍ ഓഫിസുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘം പരസ്യമായി കൺസള്‍ട്ടന്‍സികളായാണ് രംഗത്തെത്തിയിരിക്കുന്നത്. വില്ലേജ് ഓഫിസുകളിലെ അടിസ്ഥാന നികുതി രജിസ്റ്ററുകളില്‍ (ബി.ടി.ആര്‍) നിലമായി രേഖപ്പെടുത്തിയത് നികത്തുഭൂമിയാക്കി രേഖകളില്‍ തിരുത്തി കരഭൂമിയാക്കി മാറ്റുമെന്നാണ് അനധികൃത കണ്‍സള്‍ട്ടൻസികളുടെ പരസ്യം. മൊബൈല്‍ നമ്പറും കണ്‍സള്‍ട്ടന്‍സികളുടെ പേരും നല്‍കിയിട്ടുണ്ട്. ചില പോസ്റ്ററുകളില്‍ മൊബൈല്‍ നമ്പറുകള്‍ മാത്രമാണ്. തിരക്കേറിയ ജങ്ഷനുകളില്‍ ഫ്ലക്‌സുകളും സ്ഥാപിച്ചിട്ടുണ്ട്. വില്ലേജ് ഓഫിസുകളില്‍നിന്ന് അനുകൂല റിപ്പോർട്ട് വാങ്ങി തിരുവനന്തപുരത്ത് റവന്യൂവകുപ്പ് മുഖേന ഉത്തരവ് വാങ്ങി നല്‍കുമെന്നാണ് വാഗ്ദാനം. ജില്ല ആസ്ഥാനത്ത് കാക്കനാട്, വാഴക്കാല വില്ലേജുകളില്‍ നൂറുകണക്കിന് ഏക്കര്‍ നികത്തുഭൂമി ബി.ടി.ആറില്‍ ഇപ്പോഴും നിലമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വന്‍കിട ഫ്ലാറ്റുകളും വില്ലകളും ലക്ഷ്യമിട്ട് നികത്തിയ ഭൂമിയില്‍ നിര്‍മാണം നടത്താനാവാത്ത അവസ്ഥയിലാണ് ഭൂവുടമകള്‍. ഇവരെ ലക്ഷ്യമിട്ടാണ് ഭൂമാഫിയ രംഗത്തിറങ്ങിയത്. കരഭൂമിയാക്കാൻ 25,000 മുതല്‍ 50,000 രൂപ വരെ ഇൗടാക്കുമെന്നാണ് വിവരം. നിലവില്‍ നികത്തുഭൂമി കരഭൂമിയാക്കാനുള്ള അപേക്ഷകള്‍ കൃഷിഭവന്‍ മുഖേന സ്വീകരിക്കുന്നുണ്ട്. 2008ലെ തണ്ണീര്‍ത്തട നിയമം നിലവില്‍ വന്നപ്പോള്‍ മുതല്‍ വയലോ തണ്ണീര്‍ത്തടമോ ആയ സ്ഥലങ്ങള്‍ തരം മാറ്റാന്‍ അനുവദിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതനുസരിച്ച് 2008നുമുമ്പ് നികത്തിയതും സര്‍ക്കാറി​െൻറ കരട് വിവരശേഖരത്തില്‍ (ഡാറ്റ ബാങ്ക്) നെല്‍വയലാണെന്ന് രേഖപ്പെടുത്തിയതും തിരുത്താനുള്ള അപേക്ഷയാണ് കൃഷി ഭവനുകളില്‍ സ്വീകരിക്കുന്നത്. മൂന്നുമാസത്തേക്കാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഇത്തരം സ്ഥലങ്ങളില്‍ വീടുവെക്കാൻ നഗരസഭ പ്രദേശത്ത് അഞ്ച് സ​െൻറും പഞ്ചായത്തുകളില്‍ 10 സ​െൻറും നികത്താന്‍ നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍, വ്യാപകമായി നികത്തി കെട്ടിടനിര്‍മാണം അനുവദിക്കരുതെന്നാണ് ഭൂവിനിയോഗ നിയമം അനുശാസിക്കുന്നതെന്നും റവന്യൂ അധികൃതര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.