തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം നവംബർ 18ന് കൊടിയേറി 25ന് സമാപിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ.എം.കെ. സുദർശനൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിനുള്ള പ്രവർത്തനങ്ങൾ ഹൈകോടതി നിയമിച്ച അഡ്വക്കറ്റ് കമീഷണർ അഡ്വ.അച്യുത് കൈലാസിെൻറ മേൽനോട്ടത്തിൽ ആരംഭിച്ചിട്ടുണ്ട്. ആദ്യ മൂന്നുദിവസങ്ങളിൽ സന്ധ്യക്ക് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കല്ലൂർ രാമൻകുട്ടി മാരാർ, കൽപാത്തി ബാലകൃഷ്ണൻ എന്നിവർ തായമ്പക അവതരിപ്പിക്കും. ഏഴുദിവസം നടക്കുന്ന കഥകളിയിൽ മടവൂർ വാസുദേവൻ നായരും പഞ്ചാരിമേളത്തിന് കൊഴുപ്പേകാൻ പെരുവനം കുട്ടൻമാരാരും എത്തും. സംഗീതക്കച്ചേരികളിൽ എൽ.സുബഹ്മണ്യം, ഡി. ശ്രീനിവാസ്, ഡോ. പാലക്കാട് രാം പ്രസാദ് തുടങ്ങിയവരും പങ്കെടുക്കും. ഓട്ടൻതുള്ളൽ, പറയൻതുള്ളൽ, ശീതങ്കൻ തുള്ളൽ, അക്ഷര ശ്ലോകം, പ്രഭാഷണങ്ങൾ തുടങ്ങി നിരവധി പരിപാടികളുണ്ടാകും. രണ്ടുനേരവും മണിക്കൂറുകൾ നീളുന്ന എഴുന്നള്ളിപ്പിന് 32 ഗജവീരന്മാരുണ്ടാകും.15 ആനകളുടെ എഴുന്നള്ളിപ്പ് രണ്ടുനേരവും ഉണ്ടാകും. നവംബർ 21ന് തൃക്കേട്ട പുറപ്പാട് ദിവസം മുതൽ എഴുന്നള്ളിപ്പിനുള്ള സ്വർണ നെറ്റിപ്പട്ടം ഊരകത്തുനിന്നാണ് എത്തിക്കുക. കൊടിയേറ്റുദിവസം നടക്കുന്ന സാംസ്കാരിക സമ്മേളനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളായ കെ.എൻ. ഉണ്ണികൃഷ്ണൻ, അഡ്വ.ടി.എൻ. അരുൺ കുമാർ, സ്പെഷൽ ദേവസ്വം കമീഷണർ ആർ.ഹരി, സെക്രട്ടറി വി.ഷീജ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.