മലങ്കരസഭയിൽ ലയനനീക്കം; പ്രാഥമിക ചർച്ച തുടങ്ങി

കോലഞ്ചേരി: മലങ്കരസഭ തർക്കത്തിൽ ലയന നീക്കവുമായി യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ പ്രാഥമിക ചർച്ച നടത്തി. എറണാകുളത്തെ ഹോട്ടലിൽ നടന്ന ചർച്ചയിൽ ഓർത്തഡോക്സ് സഭയിൽനിന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, സഭ ട്രസ്റ്റി ജോർജ് പോൾ എന്നിവരും യാക്കോബായ പക്ഷത്തുനിന്ന് മുൻ സഭ സെക്രട്ടറിയും ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ വിശ്വസ്തനുമായ രാജൻ സക്കറിയയുമാണ് പങ്കെടുത്തത്. ഓർത്തഡോക്സ് സഭക്ക് അനുകൂലമായി ജൂലൈ മൂന്നിനുണ്ടായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ചർച്ച. നിയമ നടപടികൾ അവസാനിപ്പിക്കുക, വിധി വന്ന പള്ളികളിലെ സെമിത്തേരികളിൽ പൂർണ സ്വാതന്ത്ര്യത്തോെട പ്രവേശനാനുമതി, കാലക്രമേണ ഇരുസഭയും ഒന്നാകുന്ന തരത്തിൽ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോവുക തുടങ്ങിയ നിർദേശങ്ങളാണ് യാക്കോബായ പക്ഷം മുന്നോട്ടുെവച്ചത്. എന്നാൽ, നേതൃസമിതികളിൽ ആലോചിച്ചശേഷം തീരുമാനം അറിയിക്കാമെന്ന നിലപാടാണ് ഓർത്തഡോക്സ് പക്ഷം സ്വീകരിച്ചത്. ചർച്ചകളിൽ ശുഭപ്രതീക്ഷയുണ്ടെന്ന് പങ്കെടുത്ത സഭ പ്രതിനിധികളിലൊരാൾ 'മാധ്യമ'ത്തോട് പറഞ്ഞു. സുപ്രീംകോടതി വിധി വന്നയുടൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കോതമംഗലത്ത് ഓർത്തഡോക്സ് വിഭാഗത്തിലെ മാർ അത്തനാസിയോസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാർ അത്തനാസിയോസ് അടക്കം രണ്ട് ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്തമാർ ബൈറൂത്തിലെത്തി യാക്കോബായ സഭ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അേപ്രം രണ്ടാമൻ പാത്രിയാർക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തിയത്. പതിറ്റാണ്ടുകൾ പിന്നിട്ട സഭാതർക്കം രമ്യമായി പരിഹരിച്ച് ഇരുസഭയും ഒന്നാകണമെന്ന ആവശ്യവുമായി ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പോലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായ ഡോ.തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ തീവ്രശ്രമം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മൂവാറ്റുപുഴ അരമന ചാപ്പലിൽ ഇദ്ദേഹത്തി​െൻറ സാന്നിധ്യത്തിൽ ഇതുമായി ബന്ധപ്പെട്ട് സെമിനാർ സംഘടിപ്പിച്ചിരുന്നു. ഒക്ടോബർ 29 ന് സമാന മനസ്കരെ പങ്കെടുപ്പിച്ച് വിപുല യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.