ഇടപ്പള്ളി-മൂത്തകുന്നം എൻ.എച്ച്: നിലവിെല 30 മീറ്ററിൽ ആറുവരി പാത നിർമിക്കണം --പി. രാജു കൊച്ചി: ദേശീയപാത 17ൽ ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള ഭാഗം അടിയന്തരമായി ആറുവരി പാതയായി വികസിപ്പിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി പി.രാജു. എൻ.എച്ച് 17 സംയുക്ത സമരസമിതി ആരംഭിച്ച പ്രക്ഷോഭപരമ്പരയുടെ ഭാഗമായി ചെറിയപ്പിള്ളിയിൽ സംഘടിപ്പിച്ച ജനജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് കുടുംബങ്ങളെ രണ്ടാമതും കുടിയൊഴിപ്പിച്ച് 15 മീറ്റർ ഭൂമികൂടി ഏറ്റെടുക്കാനുള്ള നീക്കം അന്യായമാണ്. ആദ്യം കുടിയൊഴിപ്പിച്ച് ഏറ്റെടുത്ത സ്ഥലം ഉപയോഗിച്ച് ആറുവരി പാത നിർമിക്കട്ടെ. എന്നാൽ, മാത്രമെ അതിനെന്തെങ്കിലും പോരായ്മ ഉണ്ടോ എന്ന് പറയാൻ കഴിയൂ. ജനങ്ങളെ ആവർത്തിച്ച് കുടിയൊഴിപ്പിച്ച് പദ്ധതി നടപ്പാക്കുന്നതിനോട് സി.പി.ഐ യോജിക്കില്ല. ബി.ഒ.ടി ടോൾ പദ്ധതി വൻ കൊള്ളയടി ലക്ഷ്യമിട്ടാണെന്ന ആക്ഷേപത്തിലും കഴമ്പുണ്ട്. ഇടതുപക്ഷ സർക്കാർ ഇക്കാര്യത്തിൽ മറ്റുപോംവഴികൾ ആലോചിക്കും. ആരൊക്കെ നിലപാട് മാറ്റിയാലും സി.പി.ഐയുടെ നിലപാടിൽ മാറ്റമില്ലെന്നും തികച്ചും ന്യായമായ ആവശ്യമായതിനാൽ വിജയംവരെ സമരത്തെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ആസാദ് മുഖ്യപ്രഭാഷണം നടത്തി. സത്യൻ അധ്യക്ഷത വഹിച്ചു. സി.എൻ. രാധാകൃഷ്ണൻ, ഹാഷിം ചേന്ദാമ്പിള്ളി, രാജൻ ആൻറണി, എൻ.ഇ. സോമസുന്ദരൻ, സോമൻ ആലപ്പാട്ട്, വി.എച്ച്. ജമാൽ, ടി.ആർ. സുകുമാരൻ, എം.എച്ച്. ബഷീർ, പി.വി. സുഗതൻ, രവീന്ദ്രൻ നായർ, ജസ്റ്റിൻ ഇലഞ്ഞിക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.