കൊച്ചി മെട്രോയിലേറി കുടുംബശ്രീ അംഗങ്ങൾ

കൊച്ചി: കേരളത്തിലെ ആദ്യ മെട്രോ സർവിസിനെ ആഴ്ചയുടെ അവസാനദിനങ്ങളിലും മറ്റ് അവധിദിനങ്ങളിലും സജീവമാക്കുന്നത് ജില്ലക്ക് പുറത്തുനിന്ന് എത്തുന്നവർ. കുടുംബത്തോടൊപ്പം ദിവസം ചെലവഴിക്കാനെത്തുന്നവരും കുടുംബശ്രീ, സന്നദ്ധ, സാംസ്കാരിക സംഘടനകളും സ്കൂൾ കുട്ടികളുമൊക്കെ ചെറുതും വലുതുമായ കൂട്ടമായി വരുന്നുണ്ട്. ഗാന്ധിജയന്തി ദിനത്തിൽ മെട്രോയിൽ യാത്ര ചെയ്തവരിൽ അധികവും ജില്ലക്കുപുറെത്ത സഞ്ചാരികളായിരുന്നു. കുന്നംകുളം നഗരസഭക്കുകീഴിലെ സി.ഡി.എസ് കുടുംബശ്രീ അംഗങ്ങൾ തങ്ങളുടെ ആദ്യ വിനോദയാത്രക്ക് തെരഞ്ഞെടുത്തത് കൊച്ചിയായിരുന്നു. മെട്രോ സർവിസ്തന്നെയായിരുന്നു ആകർഷണം. ബസിൽ ആലുവയിലെത്തിയ സംഘം മെട്രോയിൽ പാലാരിവട്ടംവരെ സഞ്ചരിച്ചു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 55 പേരാണ് സംഘത്തിലുണ്ടായിരുന്നത്. അവിടെനിന്ന് വീണ്ടും ബസ് കയറി മറൈൻ ഡ്രൈവിലെത്തി. ബോട്ടിൽ യാത്ര ചെയ്ത് കായൽ സൗന്ദര്യം നുകർന്ന് കൊച്ചി, ചെറായി ബീച്ച് സന്ദർശനവും കഴിഞ്ഞാണ് സംഘം മടങ്ങിയത്. എല്ലാവർക്കും സന്തോഷം പകരുന്ന യാത്രയാണ് ഉദ്ദേശിച്ചതെന്ന് സി.ഡി.എസ് മെംബർ സെക്രട്ടറി കാർത്തിക പറയുന്നു. കൊച്ചി മെട്രോയെക്കുറിച്ച് പറഞ്ഞപ്പോൾ ആർക്കും എതിരഭിപ്രായമില്ല. വളരെ സന്തോഷത്തോടെയാണ് യാത്ര ആസ്വദിച്ചതെന്നും അവർ പറഞ്ഞു. മെംബർ സെക്രട്ടറിമാരായ സുരാജി, ഷീബ, കൗൺസിലർമാരായ ‍ശ്രീജ, ഇന്ദിര, അനിത, വിദ്യ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുരളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്ര. പട്ടാമ്പിയിൽനിന്നാണ് ജംസറും കുടുംബവും മെട്രോ യാത്രക്കെത്തിയത്. കുട്ടികളുടെ ആവശ്യപ്രകാരമായിരുന്നു യാത്ര. ലുലു മാൾ, മറൈൻ ഡ്രൈവ് സന്ദർശനവും ഉദ്ദേശിച്ചായിരുന്നു യാത്ര. കണ്ണൂരിൽനിന്ന് എത്തിയ രാജേഷും കുടുംബവും പങ്കുവെച്ചതും ഇതേ അഭിപ്രായംതന്നെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.