നിർമാണ സാമഗ്രികളുടെ കൃത്രിമ ക്ഷാമം സൃഷ്​ടിക്കുന്ന ക്വാറികള്‍ക്കെതിരെ കര്‍ശന നടപടി ^ജില്ല കലക്ടര്‍

നിർമാണ സാമഗ്രികളുടെ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന ക്വാറികള്‍ക്കെതിരെ കര്‍ശന നടപടി -ജില്ല കലക്ടര്‍ കാക്കനാട്: നിർമാണ സാമഗ്രികളുടെ കൃത്രിമക്ഷാമം സൃഷ്ടിക്കുന്ന ക്വാറികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല. ക്വാറി ഉടമകളുടെ യോഗത്തിലാണ് ജില്ല കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. കൃത്രിമ ക്ഷാമത്തിലൂടെ സാമഗ്രികളുടെ ലഭ്യത കുറച്ച് വില വര്‍ധിപ്പിക്കുകയും സര്‍ക്കാര്‍ ജോലികള്‍ക്ക് പോലും നിർമാണ സാമഗ്രികള്‍ ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യമുണ്ടാക്കുന്ന ക്വാറികളുടെ പാരിസ്ഥിതികാനുമതി മൂന്നു വര്‍ഷത്തേക്ക് റദ്ദാക്കും. ഇക്കാര്യങ്ങള്‍ പരിശോധിക്കാനായി ഇന്‍സ്‌പെക്ഷന്‍ സ്‌ക്വാഡ് അടുത്ത ദിവസം മുതല്‍ പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍ അറിയിച്ചു. കല്ല്, എംസാന്‍ഡ്, മെറ്റല്‍ പോലുള്ള നിർമാണ സാമഗ്രികള്‍ ജില്ലയിലെ ക്വാറികളില്‍നിന്ന് മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ജില്ലയിലെ പ്രവൃത്തികള്‍ക്ക് ഇവ ഉപയോഗപ്പെടുത്തണം. സര്‍ക്കാറി​െൻറ പൊതുമരാമത്ത് ജോലികള്‍ക്ക് മുന്‍ഗണന നല്‍കണം. ലീസ് ഹോള്‍ഡര്‍മാരായിട്ടുള്ള അഞ്ച് ഹെക്ടറിന് മുകളിലുള്ള വന്‍കിട ക്വാറികള്‍ക്കും ഇത് ബാധകമായിരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍, കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ ജോലികള്‍ക്കാവശ്യമായ നിർമാണ സാമഗ്രികള്‍ ലഭിക്കുന്നിലെന്നും ദിവസേന വില വര്‍ധനയും നടപ്പാക്കുകയാണെന്നുമുള്ള പരാതിയാണ് കരാറുകാര്‍ ഉന്നയിക്കുന്നത്. ഡിസംബര്‍ അവസാനത്തോടെ പദ്ധതി ചെലവ് 70 ശതമാനം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, നിർമാണ സാമഗ്രികള്‍ ലഭിക്കാത്തതിനാല്‍ പണി ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കരാറുകാര്‍. ഈ സാഹചര്യത്തിലാണ് കലക്ടര്‍ ക്വാറി ഉടമകളുടെ യോഗം വിളിച്ചത്. നിർമാണ സാമഗ്രികളുടെ ക്ഷാമം രൂക്ഷമാണെന്ന് ഗവ. കോണ്‍ട്രാക്ടേഴ്‌സ് പ്രതിനിധി യോഗത്തില്‍ അറിയിച്ചു. പാരിസ്ഥിതികാനുമതി ലഭിച്ച 80 ശതമാനത്തോളം ക്വാറികളും വിവിധ കാരണങ്ങളാല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ക്വാറി ഉടമകളുടെ പ്രതിനിധി വ്യക്തമാക്കി. ജില്ലയിലെ പൊതുമരാമത്ത് ജോലികളും നിർമാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുന്നതിന് ക്വാറി ഉടമകള്‍ സഹകരിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍ പറഞ്ഞു. 30 കരിങ്കല്‍ ക്വാറികളും 15 മണ്ണ് ക്വാറികളുമടക്കം 45 ക്വാറികള്‍ക്കാണ് പാരിസ്ഥിതികാനുമതി ലഭിച്ചിട്ടുള്ളത്. ഉൽപാദനത്തില്‍ കുറവ് വന്നിട്ടില്ലെന്നും നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കി വരുകയാണെന്നും ജിയോളജി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. േഫാര്‍ട്ട്‌കൊച്ചി സബ് കലക്ടര്‍ ഇമ്പശേഖര്‍, സീനിയര്‍ ജിയോളജിസ്റ്റ് രാമന്‍ നമ്പൂതിരി, അസിസ്റ്റൻറ് ജിയോളജിസ്റ്റുമാരായ ഡോ. ബദറുദ്ദീന്‍, ഡോ. സുനില്‍കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.