മണല്‍ വാരല്‍ നിരോധനം പിന്‍വലിക്കണം - ജില്ല വികസന സമിതി

കാക്കനാട്: പുഴകളില്‍ നിന്നുമുള്ള മണല്‍ വാരല്‍ നിരോധനം പിന്‍വലിക്കണമെന്നും നിയന്ത്രണങ്ങൾക്ക് വിധേയമായി വാരാൻ അനുവദിക്കണമെന്നും ജില്ല വികസന സമിതി യോഗം. 2014 ലെ മണ്‍സൂണ്‍ കാലത്ത് ആരംഭിച്ച നിരോധനം ഇപ്പോഴും തുടരുകയാണ്. ഗ്രീന്‍ ട്രൈബ്യൂണലി​െൻറ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഉത്തരവാണ് നിരോധനം നിലനിൽക്കാൻ കാരണം. ജില്ലയില്‍ നാല് മുനിസിപ്പാലിറ്റികളിലും 17 പഞ്ചായത്തുകളിലുമായി 54 മണല്‍ വാരല്‍ കടവുകളാണുള്ളത്. ആറായിരത്തോളം തൊഴിലാളികളാണ് പണിയെടുക്കുന്നത്. മണല്‍ വിപണനം ആരംഭിക്കാത്തതുമൂലം ഇവര്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമാണ് വിഷയം അവതരിപ്പിച്ചത്. മണല്‍ വിപണനമേഖലയിലെ പ്രതിസന്ധി കെട്ടിട നിര്‍മാണ തൊഴിലാളികളെയും ലോറി തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്. നിര്‍മാണ മേഖല ഏറക്കുറെ സ്തംഭിച്ചു. മണലിനു പകരം പാറപ്പൊടി ഉപയോഗിക്കാമെങ്കിലും വില കുത്തനെ ഉയരുന്നു. നിലവാരമുള്ള പാറപ്പൊടിയുടെ ലഭ്യതയും കുറവാണ്. ജില്ലയിൽ പാരിസ്ഥിതി നിയമങ്ങള്‍ക്കനുസൃതമായാണ് മണല്‍ വാരല്‍ ജില്ലയിലെ നദികളില്‍ നടക്കുന്നതെന്നതിനാൽ കേന്ദ്ര ഗ്രീന്‍ ട്രൈബ്യൂണലി​െൻറ വിധി ഇവിടെ ബാധകമാക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കരയില്‍നിന്നും പാലങ്ങള്‍, ജലസേചന പദ്ധതികള്‍ എന്നിവകളില്‍ നിന്നുമെല്ലാം നിശ്ചിത ദൂരം പാലിച്ചാണ് കടവുകള്‍ അനുവദിച്ചത്. മണ്‍സൂണ്‍ കാലത്ത് മൂന്ന് മാസം നിരോധനവും ഏര്‍പ്പെടുത്തുന്നുണ്ട്. നാല് വര്‍ഷത്തിലേറെയായി മണല്‍ വാരല്‍ നിലച്ചിരിക്കുകയാണ്. കടവുകള്‍ തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി യൂരജയനുകള്‍ സംയുക്തമായി മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായാല്‍ കടവുകള്‍ പൂര്‍വസ്ഥിതിയില്‍ തുറക്കാന്‍ സാധിക്കുമെന്നാണ് യൂനിയന്‍ നേതാക്കള്‍ പറയുന്നത്. മണല്‍ വാരലിലൂടെയുള്ള വരുമാനം നിലച്ചതിനാല്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികളും പ്രതിസന്ധിയിലാണ്. എം.സി റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണം കാക്കനാട്: ശബരിമല തീർഥാടകരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് എം.സി റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ജില്ല വികസന സമിതി യോഗം. റോഡ് സുരക്ഷ ഫണ്ട് ഇതിന് വിനിയോഗിക്കണമെന്ന് സമിതി നിര്‍ദേശിച്ചു. അയ്യപ്പ ഭക്തര്‍ക്കായുള്ള കാലടി ഇടത്താവളത്തിലെ ശുദ്ധജല വിതരണം കാര്യക്ഷമമാക്കണം. റേഷന്‍ കാര്‍ഡില്ലാത്ത അര്‍ഹരായ കുടുംബങ്ങല്‍ക്ക് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീടുകള്‍ അനുവദിക്കണം. മറ്റു ഭൂമികളില്ലാത്ത നിലം മാത്രം കൈവശമുള്ള കുടുംബങ്ങള്‍ക്ക് നിലം നികത്തി വീട് വെക്കാനുള്ള അനുവാദം നല്‍കണം. ഗ്രാമ, നഗര പ്രദേശങ്ങളില്‍ യഥാക്രമം പത്തും അഞ്ച് സ​െൻറ് നിലം നികത്തി വീട് വെക്കാനാണ് സര്‍ക്കാര്‍ അനുമതി. എന്നാല്‍, ഇതി​െൻറ മറവില്‍ വ്യാപകമായി നിലം നികത്തുന്നത് തടയണമെന്ന് റോജി എം ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.