സര്‍ക്കാര്‍ അനുവദിച്ച സഹായം നല്‍കിയില്ലെന്ന് പരാതി

സര്‍ക്കാര്‍ അനുവദിച്ച സഹായം നല്‍കിയില്ലെന്ന് പരാതി ആലുവ: സര്‍ക്കാര്‍ അനുവദിച്ച ധനസഹായം നല്‍കിയില്ലെന്ന പരാതിയുമായി വികലാംഗ. ചൂര്‍ണിക്കര പഞ്ചായത്തിലെ തായിക്കാട്ടുകരയില്‍ താമസിക്കുന്ന അങ്കത്തികുടി മീതീന്‍ പിള്ളയുടെ മകള്‍ സാബിറയാണ് (35) താലൂക്ക് ഓഫിസില്‍നിന്ന് സഹായം നിഷേധിച്ചതായി ആരോപിക്കുന്നത്. ചികിത്സ ആവശ്യത്തിന് മുഖ്യമന്ത്രിയുടെ ചികിത്സസഹായ നിധിയിലേക്ക് അപേക്ഷ നൽകിയിരുന്നു. വില്ലേജ് ഓഫിസില്‍നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം 8,000 രൂപ അനുവദിച്ചു. എന്നാല്‍, സഹായധനം താലൂക്ക് ഓഫിസില്‍നിന്ന് നൽകാൻ കഴിയില്ലെന്നുപറഞ്ഞ് മടക്കിയതായി സാബിറ പറയുന്നു. ചെറുപ്പത്തിേല ഒരു കാല്‍ നഷ്‌ടപ്പെട്ട സാബിറ വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണയിലാണ് കഴിയുന്നത്. താലൂക്ക് ഓഫിസില്‍ സാബിറക്ക് തുക അനുവദിച്ച് പാസാക്കിയ ചെക്കും വന്നിട്ടുണ്ട്. 15,000 രൂപ ഉണ്ടെങ്കില്‍ മാത്രമേ തരുകയുള്ളൂവെന്നാണ് അറിയിച്ചത്. 2016 മാര്‍ച്ചില്‍ ചികിത്സസഹായ നിധിയില്‍നിന്ന് 15,000 രൂപ കിട്ടിയതാണെന്നും ഇനി രണ്ടുവര്‍ഷത്തിനുശേഷം മാത്രമാണ് അപേക്ഷിക്കാന്‍ അർഹതയെന്നും തഹസില്‍ദാര്‍ അറിയിച്ചതായി സാബിറ പറയുന്നു. കഴിഞ്ഞ തവണ 15,000 രൂപ ചികിത്സസഹായമായി സാബിറക്ക് പാസായെങ്കിലും താലൂക്ക് ഓഫിസില്‍ നിന്ന് 10,000 രൂപയാണ് ആദ്യം നല്‍കിയത്. തുടര്‍ന്ന് എം.എല്‍.എ ഓഫിസ്‌ ഇടപെട്ടതിനെ തുടർന്നാണ് ബാക്കി 5000 രൂപ ലഭിച്ചതെന്ന് സാബിറ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു ആലുവ: തായിക്കാട്ടുകരയില്‍ താമസിക്കുന്ന അങ്കത്തികുടി സാബിറക്ക് സര്‍ക്കാര്‍ അനുവദിച്ച ധനസഹായം നൽകാത്തത് നീതിനിഷേധമാണെന്ന് യൂത്ത് കോണ്‍ഗ്രസ്. അനുവദിച്ച തുക സർക്കാറിലേക്ക് തിരിച്ചടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് മണ്ഡലം പ്രസിഡൻറ് മുഹമ്മദ് ഷഫീഖ് ആവശ്യപ്പെട്ടു. വിഷയത്തില്‍ മനുഷ്യാവകാശ കമീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.