കൊച്ചി മെട്രോ: ഫീഡർ ഓട്ടോ തൊഴിലാളികൾക്ക് പരിശീലനം നൽകി

കൊച്ചി: മെട്രോ സ്റ്റേഷനുമായി ബന്ധപ്പെട്ട് സർവിസ് നടത്താനാഗ്രഹിക്കുന്ന ഫീഡർ ഓട്ടോ തൊഴിലാളികൾക്ക് പരിശീലനം നൽകി. കിലയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിശീലനം കെ.എം.ആർ.എൽ എം.ഡി. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. കില എക്സിക്യൂട്ടിവ് കൗൺസിലർ ജോർജ് കെ. ആൻറണി അധ്യക്ഷത വഹിച്ചു. മൊബൈൽ ആപ്ലിക്കേഷൻ സംവിധാനത്തിലൂടെ ഓട്ടോറിക്ഷകൾ ബുക്ക് ചെയ്യാൻ കഴിയുന്ന സംവിധാനം, പണമടക്കാൻ സ്വൈപിങ്, ജി.പി.എസ് ട്രാക്കിങ്, ഓപറേറ്റിങ് കൺട്രോൾ സ​െൻറർ തുടങ്ങിയവ ആവിഷ്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. 300 ലധികം ഓട്ടോറിക്ഷ ഡ്രൈവർമാർ പരിപാടിയിൽ സംബന്ധിക്കുന്നുണ്ട്. സംയുക്ത ജില്ല തൊഴിലാളി യൂനിയ​െൻറ നേതൃത്വത്തിലാണ് ആളുകളെ തെരഞ്ഞെടുത്തത്. ഫീഡർ ഓട്ടോ തൊഴിലാളികളുടെ സ്വഭാവ രൂപവത്കരണത്തിനും നിയമപരിജ്ഞാനം വർധിപ്പിക്കുന്നതിനുമാണ് പരിശീലനം സംഘടിപ്പിച്ചത്. 24, 28, 29, 30 തീയതികളിൽ എറണാകുളം സാസ് ടവറിൽ പരിശീലനം തുടരും. 60 പേരുള്ള അഞ്ച് വിഭാഗമായിട്ടാണ് പരിശീലനം. പൊതുഗതാഗത സംവിധാനത്തിന് ശക്തി പകരാൻ എറണാകുളത്തെ മുഴുവൻ ഓട്ടോറിക്ഷകളെയും ജില്ല ട്രേഡ് യൂനിയൻ കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒറ്റ പ്രവർത്തക യൂനിറ്റാക്കാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞതായി കെ.എം.ആർ.എൽ അറിയിച്ചു. ഓട്ടോറിക്ഷകൾ പൊതുഗതാഗത സംവിധാനത്തിന് അനുബന്ധമായി പ്രവർത്തിക്കുന്ന കണ്ണിയായി തീരുകയും സ്വകാര്യ വാഹനങ്ങൾ കഴിയുന്നത്ര കുറക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഇതോടൊപ്പം ഓട്ടോ തൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചക്കാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും കോഡിനേഷൻ കമ്മിറ്റിയും കെ.എം.ആർ.എല്ലും പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.