കുരുന്നുജീവൻ മുറുകെപ്പിടിച്ച് ഒരു യാത്ര കൂടി

കോഴിക്കോട്/കൊച്ചി: പുതുജീവൻ തേടി മറ്റൊരു കുരുന്നുകൂടി സമയത്തെയും ദൂരത്തെയും തോൽപ്പിച്ചെത്തി. താനൂരിലെ മത്സ്യത്തൊഴിലാളിയായ പുതിയകടപ്പുറം കുഞ്ഞാലി​െൻറപുരക്കൽ കോയ-റസിയത്ത് ദമ്പതികളുടെ 30 ദിവസം മാത്രം പ്രായമുള്ള ആൺകുട്ടിയെയാണ് മൂന്നരമണിക്കൂർ കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് കൊച്ചിയിൽ ചികിത്സക്കെത്തിച്ചത്. 18 വയസ്സിൽ താഴെയുള്ള നിർധനരായ കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ ചെയ്യാനു‍ള്ള സംസ്ഥാനസർക്കാറി​െൻറ 'ഹൃദ്യം' പദ്ധതി വഴിയാണ് കുട്ടിക്ക് സൗജന്യ ഹൃദയശസ്ത്രക്രിയക്കുള്ള വഴിതെളിഞ്ഞത്. ഒരുമാസം മുമ്പ് േകാഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് ദിവസങ്ങൾക്കകം കടുത്ത ശ്വാസതടസ്സം നേരിടുകയും ശരീരത്തിൽ നീലനിറം വ്യാപിക്കുകയും ചെയ്തതിനെതുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ ശുദ്ധരക്തവും അശുദ്ധരക്തവും വഹിക്കുന്ന കുഴലുകൾ പരസ്പരം സ്ഥാനംമാറിയിരിക്കുന്നതായി മനസ്സിലാക്കിയ ഡോക്ടർമാർ ശസ്ത്രക്രിയക്ക് നിർദേശിച്ചു. കുട്ടികളിൽ ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളിൽ ഏറ്റവും ഗുരുതരമായ ഒന്നാണ് ഇത്. കൂടാതെ പത്ത് ദിവസമായി തുടരുന്ന വ​െൻറിലേറ്ററി​െൻറ സഹായവും കടുത്ത ന്യുമോണിയയും സ്ഥിതി ഗുരുതരമാക്കി. കുട്ടിയുടെ കുടുംബത്തി​െൻറ സാമ്പത്തികാവസ്ഥ കണക്കിലെടുത്ത 'ഹൃദ്യം' നോഡൽ ഓഫിസർ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ശസ്ത്രക്രിയക്കായി ലിസി ആശുപത്രിയിൽ എത്തിക്കാൻ നിർദേശിക്കുകയുമായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 12.50ന് പുറപ്പെട്ട ആംബുലൻസ് 4.15ന് അവിടെയെത്തി. കുട്ടിയെ ഉടൻതന്നെ തീവ്ര പരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. രണ്ടുദിവസത്തിനകം ഹൃദയശസ്ത്രക്രിയ നടത്താനാണ് ഡോക്ടർമാർ തീരുമാനിച്ചിരിക്കുന്നത്. ആംബുലൻസിന് സൗകര്യമൊരുക്കാൻ ഹൃദ്യം ജില്ലതല ഇൻറർവെൻഷൻ സ​െൻററുകളും തൊഴിലാളി യൂനിയനുകളും മുൻകൈയെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.