ഹൈകോടതി ഇട​െപട്ടു; കൃഷിയിടത്തിന്​ മുന്നിലെ അനധികൃത നിർമാണം പൊളിച്ചുനീക്കി

അങ്കമാലി: കുന്നുകര പഞ്ചായത്തിലെ അയിരൂരിൽ കൃഷി നശിപ്പിച്ച് ഭൂമാഫിയയുടെ അനധികൃത നിർമാണം ഹൈകോടതി വിധിയെത്തുടർന്ന് റവന്യൂ അധികൃതരും പൊലീസും ഇടപെട്ട് പൊളിച്ചുനീക്കി. നാലര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ കുന്നുകര പഞ്ചായത്തിലെ മൂന്നാം വാർഡിൽ പരമ്പരാഗത കർഷകനായ അയിരൂർ ഇരട്ടിയിൽ വീട്ടിൽ അനിരുദ്ധനാണ് ഹൈകോടതി തുണയായത്. അനിരുദ്ധ​െൻറ ജാതി, തെങ്ങ്, വാഴ, കവുങ്ങ് അടക്കം ഫലവൃക്ഷങ്ങളുള്ള അര ഏക്കറോളം കൃഷിയിടം ചുളുവിലയ്ക്ക് വാങ്ങാൻ ഭൂമാഫിയ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. അതോടെ കൃഷിയിടത്തിൽനിന്ന് മഴവെള്ളം ഒഴുകിപ്പോകാൻ സ്ഥാപിച്ച പൈപ്പുകൾ ഭൂമാഫിയ തകർത്തു. കൃഷിയിടത്തിന് മുന്നിലെ വഴി കെട്ടിടാവശിഷ്ടങ്ങളും കരിങ്കൽ മടയിലെ അവശിഷ്ടങ്ങളും ഉപയോഗിച്ച് ഉയർത്തി. കരിങ്കൽകൊണ്ട് വശങ്ങൾ കെട്ടുകയും ചെയ്തു. ഇതോടെ ഉയർന്ന പറമ്പുകളിൽനിന്ന് അനിരുദ്ധ​െൻറ കൃഷിയിടത്തിലെത്തുന്ന വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയായി. വർഷക്കാലത്ത് മഴവെള്ളം കെട്ടിക്കിടന്ന് 40 ജാതിമരങ്ങൾ പൂർണമായും നശിച്ചു. ഏത്തവാഴ കൃഷിയെയും സാരമായി ബാധിച്ചു. തുടർന്നാണ് പഞ്ചായത്ത്, വില്ലേജ്, പൊലീസ്, കൃഷിഭവൻ, താലൂക്ക്ഒാഫിസ്, ആർ.ഡി.ഒ, കലക്ടർ, എം.എൽ.എ തുടങ്ങി മുഖ്യമന്ത്രി വരെയുള്ളവർക്ക് പരാതി നൽകിയത്. എന്നിട്ടും നീതി ലഭിക്കാതെവന്നതോടെ മൂന്ന് വർഷം മുമ്പ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. വിധി അനുകൂലമായിട്ടും എതിർകക്ഷികളുടെ സ്വാധീനംമൂലം നടപ്പായില്ല. കോടതിയലക്ഷ്യത്തിന് വീണ്ടും ഹൈകോടതിയെ സമീപിച്ചു. തുടർന്നാണ് 30 ദിവസത്തിനകം അനധികൃത നിർമാണം പൊളിച്ചുനീക്കി പൂർവസ്ഥിതിയിലാക്കാൻ ആർ.ഡി.ഒക്ക് ഹൈകോടതി നിർദേശം നൽകിയത്. പറവൂർ താലൂക്ക് തഹസിൽദാർ കെ.എം. അബ്ദുന്നാസർ, ചെങ്ങമനാട് എസ്.െഎ എ.കെ. സുധീർ, അസി. തഹസിൽദാർമാരായ മധു, സാജു, കുന്നുകര വില്ലേജ് ഒാഫിസർ സന്തോഷ് കെ. സാം തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയാണ് കോടതി വിധി നടപ്പാക്കിയത്. അതിനിടെ അനിരുദ്ധനും കുടുംബത്തിനുമെതിരെ അജ്ഞാതർ ഫോണിലൂടെ നിരന്തരം വധഭീഷണി മുഴക്കുന്നതായി പരാതിയുണ്ട്. ചെങ്ങമനാട് പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.