തോമസ് ചാണ്ടിയുടെ രാജി: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

ആലപ്പുഴ: കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസുമായി ഏറ്റുമുട്ടിയ 10 പ്രവർത്തകർക്ക് പരിക്കേറ്റു. മാവേലിക്കര ലോക്സഭ മണ്ഡലം പ്രസിഡൻറ് സജി ജോസഫ്, ആലപ്പുഴ ലോക്സഭ മണ്ഡലം പ്രസിഡൻറ് എസ്. ദീപു, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻറ് ഷാജി ഉടുമ്പാക്കൽ, എം.പി. മുരളീ കൃഷ്ണൻ, സജിൽ ഷെരീഫ്, രതീഷ്, സായുജ്, നിതിൻ, അനന്തകൃഷ്ണൻ, മീനു ബിജു, പുഷ്പ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12 ഒാടെയാണ് സംഭവം. ഡി.സി.സി ഓഫിസിൽനിന്ന് ആരംഭിച്ച പ്രകടനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ ഡി.സി.സി പ്രസിഡൻറ് അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്തു. ഇതിനിടെ പൊലീസിന് നേരെയുള്ള കല്ലേറിനെ പ്രതിരോധിക്കാനായി പൊലീസ് ലാത്തിവീശുകയായിരുന്നെന്ന് പറയുന്നു. നേതാക്കളെ ഓടിച്ചിട്ട് തല്ലി. സജി ജോസഫി​െൻറ തല പൊട്ടി. ലാത്തിച്ചാർജിൽ ഡി.സി.സി പ്രസിഡൻറ് എം. ലിജു പ്രതിഷേധിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, എം. ലിജു, എ.എ. ഷുക്കൂർ, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, എൻ.എസ്.യു ദേശീയ സെക്രട്ടറി എസ്. ശരത് തുടങ്ങിയ നേതാക്കൾ ആശുപത്രിയിലെത്തി. തോമസ് ചാണ്ടിയെ സംരക്ഷിക്കാൻ ജനകീയ സമരങ്ങളെ സർക്കാർ പൊലീസിനെക്കൊണ്ട് അടിച്ചമർത്തുകയാണെന്ന് കൊടിക്കുന്നിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.