'പടയൊരുക്ക'ത്തിനായി ആലുവയിൽ പടവെട്ട്; ബ്ലോക്ക് പ്രസിഡൻറിനെ സംരക്ഷിക്കാൻ ഐ വിഭാഗം

ആലുവ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ 'പടയൊരുക്കം' പരിപാടി സ്വീകരണത്തിനായി ആലുവയിൽ ഗ്രൂപ്പുതിരിഞ്ഞ് പടവെട്ട്. കോൺഗ്രസ് ഓഫിസ് വിൽപനയുമായി തുടങ്ങിയ ഗ്രൂപ്പുപോരാണ് 'പടയൊരുക്കം' സ്വീകരണ പരിപാടിയുമായി ബന്ധപ്പെട്ട വഴക്കിൽ എത്തിനിൽക്കുന്നത്. ഓഫിസ് വിൽപനക്കെതിരെ രാഹുൽ ഗാന്ധിക്ക് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് തോപ്പിൽ അബു പരാതി നൽകിയതോടെയാണ് ഗ്രൂപ് പ്രശ്നങ്ങളുടെ തുടക്കം. കെ.പി.സി.സി അംഗവും ആലുവയിലെ എ വിഭാഗത്തി‍​െൻറ പ്രമുഖ നേതാവുമായ എം.ഒ. ജോണിനെതിരെയാണ് പരാതി നൽകിയത്. ഇതേ തുടർന്നാണ് ജോണും എ ഗ്രൂപ്പും അബുവിനെതിരെ രംഗത്തുവന്നത്. വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കളങ്കിതനായ തോപ്പിൽ അബുവിനെ പടയൊരുക്കം സ്വീകരണത്തിൽനിന്ന് മാറ്റിനിർത്തണമെന്നാണ് ഇവരുടെ ആവശ്യം. ഇതോടെ തോപ്പിൽ അബുവിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഐ ഗ്രൂപ് നേതൃത്വം രംഗത്തിറങ്ങി. 'പടയൊരുക്കം' സ്വീകരണം പൊളിക്കാൻ എ വിഭാഗം ശ്രമിക്കുകയാണെന്നാരോപിച്ച് ഐ വിഭാഗം കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് പരാതി നൽകി. ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ജനറൽ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, എം.ജെ. ജോമി, ആലുവ ബ്ലോക്ക് പ്രസിഡൻറ് തോപ്പിൽ അബു, നെടുമ്പാശ്ശേരി ബ്ലോക്ക് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി, ഐ.എൻ.ടി.യു.സി സംസ്‌ഥാന സെക്രട്ടറി വി.പി. ജോർജ് എന്നിവരാണ് പ്രസിഡൻറിനെ നേരിൽ സന്ദർശിച്ച് പരാതി നൽകിയത്. നേരേത്ത ഓഫിസ് വിൽപന വിവാദം ഉയർന്നതിനെത്തുടർന്ന് കെ.പി.സി.സി നിയോഗിച്ച സുരേഷ് ബാബു കമീഷൻ റിപ്പോർട്ട് ചർച്ച ചെയ്യണമെന്നും ഐ വിഭാഗം ആവശ്യപ്പെട്ടു. പടയൊരുക്കം സമാപിച്ച ശേഷം ഡിസംബ‌ർ ആദ്യവാരം കെ.വി. തോമസ് എം.പി, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പരാതി ചർച്ച ചെയ്യാമെന്ന് ഹസൻ ഉറപ്പ് നൽകി. സ്വീകരണം പരാജയപ്പെടുത്താൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. സംസ്‌ഥാനത്ത് ഒരിടത്തും ഗ്രൂപ് യോഗങ്ങൾ നടക്കാത്ത സന്ദർഭത്തിലും ആലുവയിൽ എ ഗ്രൂപ്പുകാർ യോഗം ചേർന്ന് പാർട്ടിയെ വെല്ലുവിളിക്കുകയാണെന്നും പരാതിയിൽ പറയുന്നു. എ ഗ്രൂപ്പുകാരായ മണ്ഡലം പ്രസിഡൻറുമാരോടും തർക്കങ്ങൾ ഡിസംബർ ആദ്യവാരം ചർച്ച ചെയ്യാമെന്ന ഉറപ്പാണ് കെ.പി.സി.സി പ്രസിഡൻറ് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.