കള്ളനോട്ട് കേസ്​: -മൂന്നുപേർ കൂടി പിടിയിൽ

താമരശ്ശേരി: കള്ളനോട്ടടി സംഘത്തിലെ മൂന്നുപേരെകൂടി കൊടുവള്ളി െപാലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് ബേപ്പൂർ അരക്കിണർ പ്രസിദ ഹൗസിൽ അശ്വിൻ (26), പുതിയങ്ങാടി എടക്കാട് പുനത്തിൽതാഴം സനൽ (31), വെള്ളയിൽബീച്ച് പട്ടാളം വീട്ടിൽ മുഹമ്മദ് അസ്ലം (24) എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസിൽ ഏഴുപേർ അറസ്റ്റിലായി. 60,000ഒാളം രൂപയുടെ കള്ളനോട്ടുമായി ഈ മാസം 3ന് എളേറ്റിൽ വട്ടോളി പെേട്രാൾപമ്പിൽനിന്ന് പൂനൂർ പറയരുകണ്ടി സാബുവാണ് (46) ആദ്യം പൊലീസ് പിടിയിലായത്. സിനിമ മേഖലയിൽ പരിചയമുള്ള ഇയാൾ ഇപ്പോൾ പിടിയിലായ മൂന്നുപേർക്കുംകൂടി രണ്ടുലക്ഷം രൂപയുടെ കള്ളനോട്ടുകൾ നൽകുകയായിരുന്നു. നോട്ടുകൾ ചിലവാക്കിത്തന്നാൽ സിനിമയിൽ അഭിനയിക്കുന്നതിന് അവസരം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇവർക്ക് വ്യാജനോട്ടുകൾ നൽകിയത്. ഇക്കാര്യം പിടിയിലായ സാബു പൊലീസിനോട് വെളുപ്പെടുത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. എന്നാൽ, ഇവർ വ്യാജ കറൻസികൾ െചലവാക്കിയിട്ടില്ലെന്നും സാബു നൽകിയ രണ്ടുലക്ഷം രൂപയുടെ വ്യാജ കറൻസികൾ ഇവരിൽനിന്നും കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. വ്യാജ കറൻസികൾ കയ്യിൽ കരുതിയതിനും ഗൂഡാലോചനയിൽ പങ്കെടുത്തതിനുമാണ് ഇവർക്കെതിരെ കേസെന്നും കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തതായും കൊടുവള്ളി എസ്.ഐ പ്രജീഷ് പറഞ്ഞു. അതേസമയം, ഈ കേസിൽ കഴിഞ്ഞദിവസം പിടിയിലായ മുഖ്യ സൂത്രധാരനായ കോട്ടയം പൂഞ്ഞാർ സ്വദേശി പുത്തൻവീട്ടിൽ ഗോൾഡ് ജോസഫ് (46), കാസർകോട് കാഞ്ഞങ്ങാട് ബളാൽ കല്ലംചിറമുക്കൂട്ടിൽ ശിഹാബ് (34), പൂഞ്ഞാർ പുത്തൻവീട്ടിൽ വിബിൻ (22) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. ഇവർ ബംഗളൂരു ഹൊസൂരിനടുത്ത ചന്ദാപുര രാംസാഗര ഗ്രാമത്തിൽ വാടകവീട്ടിൽ താമസിച്ച് കള്ളനോട്ടടിച്ചു വിപണനം നടത്തിവരുകയായിരുന്നു. ഇവരിൽനിന്ന് മുപ്പത്തിയൊന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളും വ്യാജനോട്ടടിക്കുന്നതിനുള്ള യന്ത്രസാമഗ്രികളും പൊലീസ് പിടികൂടിയിരുന്നു. പ്രതികൾ കൊല്ലം, കോഴിക്കോട്, ബംഗളൂരു എന്നിവിടങ്ങളിൽ കള്ളനോട്ട് വിതരണം ചെയ്തതായി ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണം ഈർജിതപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽപേർ ഉടൻ പിടിയിലാകുമെന്നും താമരശ്ശേരി ഡിവൈ.എസ്.പി പി.സി. സജീവൻ പറഞ്ഞു. താമരശ്ശേരി ഡിവൈ.എസ്.പിയുടെ പ്രത്യേക സ്ക്വാഡിലെ അന്വേഷണസംഘമാണ് കഴിഞ്ഞദിവസം ബംഗളൂരിൽനിന്ന് 40 കി.മീറ്റർ അകലെയുള്ള ഗ്രാമത്തിൽനിന്ന് കള്ളനോട്ടടി സംഘത്തെ പിടികൂടുകയും യന്ത്രസാമഗ്രികളും വ്യാജ നോട്ടുകളും പിടികൂടുകയും െചയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.