മട്ടാഞ്ചേരി ബസാർ ഇല്ലാതാകു​േമ്പാഴും അനക്കമില്ലാതെ അധികൃതർ

കൊച്ചിയുടെ പൈതൃകത്തനിമയുടെ മറ്റൊരു കേന്ദ്രമാണ് മട്ടാഞ്ചേരി ബസാർ. ബി.ബി.സി ഇന്ത്യയിലെ അഞ്ചു കേന്ദ്രങ്ങളെയാണ് മനുഷ്യരാശിയുടെ കാൽപ്പാടുകളായി വിശേഷിപ്പിച്ചത്. താജ്മഹൽ, മധുര മീനാക്ഷി ക്ഷേത്രം, ജന്തർമന്തർ, കാളിഘട്ട് എന്നിവക്കൊപ്പം മട്ടാഞ്ചേരി ബസാറും ഈ പട്ടികയിൽ ഉൾപ്പെട്ടു. മനുഷ്യൻ അവ​െൻറ ആയുസ്സിനിടയിൽ കണ്ടിരിക്കേണ്ട 30 ലോക കാഴ്ചകളിൽ ഒന്ന് മട്ടാഞ്ചേരി ബസാറാണെന്നും ബി.ബി.സി പറയുന്നു. ട്രഷർ ഓഫ് മാൻകൈൻഡ് എന്ന് അടുത്തിടെ നാഷനൽ ജിയോഗ്രഫിക്കൽ ചാനലും മട്ടാഞ്ചേരിയിലെ പഴമപേറുന്ന കെട്ടിടങ്ങളെ വിശേഷിപ്പിച്ചിട്ടുണ്ട്. 1341ലെ മഹാ പ്രളയത്തെ തുടർന്ന് മുസ്രിസ് തുറമുഖം ഇല്ലാതായതോടെ പുതുതായി തുറമുഖ പട്ടണമായി രൂപംകൊണ്ട മട്ടാഞ്ചേരി ബസാർ കേന്ദ്രീകരിച്ചായിരുന്നു സുഗന്ധദ്രവ്യങ്ങൾ ഉൾപ്പെടെയുള്ളവ ഇന്ത്യയിൽനിന്ന് മുഖ്യമായി കടൽകടന്നിരുന്നത്. കയറ്റുമതിയുടെ ഭാഗമായി മട്ടാഞ്ചേരി ബസാർ റോഡി​െൻറ ഇരുവശങ്ങളിലുമായി നൂറുകണക്കിന് പാണ്ടികശാലകൾ (ഗോഡൗണുകൾ) ഉയർന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വ്യവസായം, തൊഴിൽ എന്നിവ ലക്ഷ്യംവെച്ച് കൊച്ചിയിലെത്തി . പതിനായിരക്കണക്കിന് ആളുകൾക്ക് ബസാർ തൊഴിൽ മേഖലയായി മാറി. റോഡ് സൗകര്യങ്ങൾ വന്നതോടെ ജലഗതാഗതത്തി​െൻറ പ്രാമുഖ്യം കുറഞ്ഞുവന്നു. സമീപ പ്രദേശങ്ങളിലേക്ക് കച്ചവടങ്ങൾ നീങ്ങിയതോടെ മട്ടാഞ്ചേരി ബസാറിലെ വാണിജ്യം നാമമാത്രമായി. എന്നിരുന്നാലും മട്ടാഞ്ചേരിയുടെ വാണിജ്യപ്പെരുമ ലോകം അംഗീകരിച്ചു. ടൂറിസം രംഗം സജീവമായതോടെ പഴയ ഗോഡൗണുകൾ ഹോട്ടലുകളും റിസോർട്ടുകളുമായി മാറിക്കൊണ്ടിരിക്കുകയാണ്. പഴമയും പൈതൃകവും ഇവിടെ തച്ചുടക്കപ്പെടുന്നു. ബസാറിലെ തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്നതൊന്നും ഈ ലോബിക്ക് പ്രശ്നമല്ല. രാജ്യത്തെ വൻകിട ഹോട്ടൽ ഗ്രൂപ്പുകൾവരെ ഗോഡൗണുകൾ വിലക്കുവാങ്ങിക്കൊണ്ടിരിക്കുകയാണ്. തീരദേശ പരിപാലന നിയമംമൂലം കുടിൽ പൊളിച്ചു പണിയാൻ പോലും സാധാരണക്കാർക്ക് കഴിയാതെ നെട്ടോട്ടമോടുമ്പോൾ തീരദേശ പരിപാലന നിയമം, പൈതൃക സംരക്ഷണ നിയമം എന്നിവയൊന്നും ഹോട്ടൽ ലോബിക്ക് പ്രശ്നമല്ല. തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് സമീപമാണ് കായലോരത്ത് അത്യാധുനിക സംവിധാനത്തോടെ പടുകൂറ്റൻ ഹോട്ടലുകൾ ഉയരുന്നത്. തുറസ്സായ കായൽ വഴി വിദേശസഞ്ചാരികൾ ഹോട്ടലുകളിലെത്തി മടങ്ങുമ്പോൾ അത് രാജ്യസുരക്ഷക്കുതന്നെ ഭീഷണിയാണെന്ന കാര്യംപോലും അധികാരികൾ മറക്കുന്നു. പൈതൃകപ്പെരുമയാർന്ന ഗോഡൗണുകൾ ഹോട്ടലുകളാക്കി മാറ്റുന്നതിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നത് രാഷ്ട്രീയ നേതാക്കളടക്കമുള്ളവരാണെന്നതാണ് ഏറെ പ്രത്യേകത. കുടുംബത്തി​െൻറ അന്നംകുടി മുട്ടുന്നതിൽ ഭീതിപൂണ്ട് ചുമട്ടുതൊഴിലാളികളും കൈവണ്ടി വലിക്കുന്നവരുമടക്കമുള്ള തൊഴിലാളികൾ നടത്തുന്ന സമരം ആരും ഗൗനിക്കുന്നില്ല. 30 ലോകക്കാഴ്ചകളിൽ ഒന്നായി വിശേഷിപ്പിക്കുന്ന മട്ടാഞ്ചേരിയുടെ പൈതൃക ചരിത്രമാണ് അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. അധികൃതരാകട്ടെ കണ്ണടച്ച് ഇരുട്ടാക്കുന്നു. (തുടരും)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.