കുട്ടനാട്ടിൽ മൂന്ന്​ പാടശേഖരത്തുകൂടി മടവീഴ്​ച

കുട്ടനാട്: കുട്ടനാട്ടിൽ കാലവർഷക്കെടുതി തുടരുന്നു. മൂന്ന് പാടശേഖരത്തുകൂടി മടവീണു. കൈനകരി കൃഷിഭവൻ പരിധിയിലെ വലിയതുരുത്ത്, വെളിയനാട് കൃഷിഭവൻ പരിധിയിലെ തൈപ്പറമ്പ് തെക്ക്, പായിപ്പാട് കൃഷിഭവൻ പരിധിയിലെ പൂവം പാടശേഖരങ്ങളിലാണ് ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മടവീണ് കൃഷിനാശം സംഭവിച്ചത്. കഴിഞ്ഞദിവസം പുലർച്ചയോടെയാണ് വെളിയനാട്ടെ 470 ഏക്കറുള്ള തൈപ്പറമ്പ് തെക്ക് പാടശേഖരത്ത് മടവീഴ്ച ഉണ്ടായത്. 30 ദിവസത്തോളം പ്രായമായ നെൽച്ചെടികൾ പൂർണമായും വെള്ളത്തിൽ മുങ്ങി. പാടശേഖരത്തി​െൻറ വടക്കേ ബണ്ടിലെ മദിനപ്പള്ളി ചിറയിലെ തൂമ്പ് തള്ളിപ്പോയതാണ് കാരണം. അർധരാത്രിവരെ പാടശേഖരത്ത് കർഷകരുടെ നിരീക്ഷണം ഉണ്ടായിരുന്നു. അതിനുശേഷമായിരുന്നു മടവീഴ്ച. സംഭവമറിഞ്ഞ ഉടൻ ഓടിക്കൂടിയ നാട്ടുകാരും കർഷകരും ചേർന്ന് മട തടയാനുള്ള ശ്രമം ആരംഭിച്ചു. തുടർന്ന് എൺപതോളം തൊഴിലാളികളുടെ മണിക്കൂറുകളോളം നീണ്ട അധ്വാനത്തിനൊടുവിൽ വൈകീട്ടോടെ മട പൂർണമായും തടയാൻ സാധിച്ചു. മുളയും തെങ്ങിൻകുറ്റിയും ഉപയോഗിച്ച് വള്ളക്കട്ട ഇട്ടാണ് തടഞ്ഞത്. ഇതിന് ഏകദേശം രണ്ടരലക്ഷം രൂപ ചെലവുണ്ടായതായാണ് പാടശേഖരസമിതി പറയുന്നത്. സി.പി.െഎ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ജോയിക്കുട്ടി ജോസ് എന്നിവർ സ്ഥലം സന്ദർശിച്ചു. കൈനകരിയിലെ 102 ഏക്കറുള്ള വലിയതുരുത്ത് പാടശേഖരത്ത് ബുധനാഴ്ച അർധരാത്രിയോടെയാണ് മടവീണത്. വെള്ളം വറ്റിച്ച് കൃഷിക്ക് നിലമൊരുക്കുന്നതിനിടെയാണ് മടവീഴ്ച. ഉമ്പുക്കാരൻ തോടിന് തെക്കുഭാഗത്താണ് മടവീണത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ സ്ഥലം സന്ദർശിച്ചു. പായിപ്പാട് കൃഷിഭവൻ പരിധിയിലെ പൂവംപാടത്ത് രാത്രിയോടെയാണ് മടവീണത്. 50 ദിവസം പ്രായമായ നെൽച്ചെടികൾ പൂർണമായും മുങ്ങി. ഇവിടെ മട തടയാൻ സാധിക്കാത്ത സ്ഥിതിയായതിനാൽ കർഷകർ കൃഷി ഉപേക്ഷിച്ച നിലയാണ്. യഥാർഥ നഷ്ടം കണക്കാക്കാനായിെല്ലങ്കിലും വലിയ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.