പൊതുജന പങ്കാളിത്തത്തോടെ ശുചീകരണത്തിന്​ നഗരസഭ

കൊച്ചി: പകർച്ചപ്പനിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച മുതൽ ഉൗർജിത ശുചീകരണ പ്രവർത്തനം ആരംഭിക്കുമെന്ന് മേയർ സൗമിനി ജയിൻ. പകർച്ചപ്പനി ചർച്ച ചെയ്യാൻ കൂടിയ പ്രത്യേക കൗൺസിൽ യോഗത്തിലാണ് തീരുമാനം. ശുചീകരണ പരിപാടിയിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താൻ 27ന് രാവിലെ 10.30ന് എറണാകുളം ടൗൺ ഹാളിൽ രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങളുടെ യോഗവും വിളിച്ചുകൂട്ടും. അന്ന് വൈകുന്നേരം ആശുപത്രികളിലെ ഡോക്ടർമാരുടെയും യോഗം വിളിക്കും. അടിയന്തര പ്രവർത്തനങ്ങൾക്ക് ഡിവിഷൻ തലത്തിൽ 30,000 രൂപ അനുവദിച്ചു. ഇതിൽ 5000 രൂപ മെഡിക്കൽ ക്യാമ്പുകൾക്കായി നീക്കി വെക്കാൻ സർക്കാർ നിർദേശമുണ്ട്. ബാക്കി തുക കൊതുകു നശീകരണത്തിനും മറ്റുമായി കൗൺസിലർമാർക്ക് ഉപയോഗിക്കാം. ബുധനാഴ്ചക്ക് മുമ്പായി 30000 രൂപയും കൗൺസിർമാർക്ക് ലഭിക്കുമെന്നും മേയർ അറിയിച്ചു. തട്ടുകടകളിലൂടെ പകർച്ചപ്പനി അടക്കമുള്ള അസുഖങ്ങൾ വ്യാപിക്കുന്നുവെന്ന ആരോപണം കൗൺസിലർമാർ ഉയർത്തി. വൃത്തിഹീന സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്ന തട്ടുകടകൾ നിരോധിക്കണമെന്നും ഒരുവിഭാഗം കൗൺസിലർമാർ ആവശ്യപ്പെട്ടു. എന്നാൽ, തട്ടുകടകൾ നിരോധിക്കുന്നതിനുപകരം എണ്ണം പരിമിതപ്പെടുത്താമെന്ന ആശയമാണ് മേയർ മുന്നോട്ടുവെച്ചത്. മാനദണ്ഡങ്ങൾ പാലിച്ച് തട്ടുകടകൾക്ക് ലൈസൻസ് ഏർപെടുത്താമെന്നും നിശ്ചിത ലൈസൻസുകളായി എണ്ണം ചുരുക്കുന്നതി​െൻറ സാധ്യതകൾ പരിശോധിക്കാമെന്നും മേയർ പറഞ്ഞു. എന്നാൽ, പ്രതിപക്ഷ കൗൺസിലർമാർ ഇതിനെ എതിർത്തു. കുത്തകവത്കരിച്ച് പ്രവർത്തിക്കുന്ന തട്ടുകടകളെ സഹായിക്കുന്ന നിലപാടാണ് മേയർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി കുറ്റപ്പെടുത്തി. മാലിന്യനീക്കം: തൽസ്ഥിതി തുടരാൻ നിർദേശം കൊച്ചി: നഗരസഭയിൽ മാലിന്യ നീക്കത്തി​െൻറ കരാറുകാർ മതിയായ വാഹനങ്ങൾ ഏർപ്പെടുത്തുന്നില്ലെന്ന് കൗൺസിൽ യോഗത്തിൽ പരാതി ഉയർന്നു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയായിരുന്നു കരാറുകാർക്കെതിരെയുള്ള കൗൺസിലർമാരുടെ കടന്നാക്രമണം. ത​െൻറ ഡിവിഷനിൽ റോഡിൽ കുമിഞ്ഞു കൂടിയ മാലിന്യം നീക്കാൻ വാഹനം ചോദിച്ചിട്ട് ഇതുവരെ ലഭിച്ചില്ലെന്ന് കൗൺസിലർ സുനില ശെൽവൻ ആരോപിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ വി.കെ. മിനിമോൾ, പ്രതിപക്ഷ കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ് തുടങ്ങിയവരും കരാറുകാരുടെ കെടുകാര്യസ്ഥതയെ വിമർശിച്ചു. പരാതി ഉയർന്ന സാഹചര്യത്തിൽ കരാർ റദ്ദാക്കണമെന്നും ഒരു വിഭാഗം കൗൺസിലർമാർ ആവശ്യപ്പെട്ടു. എന്നാൽ, കരാർ തത്കാലം തുടരട്ടെ എന്ന നിലപാടാണ് മേയർ സ്വീകരിച്ചത്. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന ശുചീകരണ പരിപാടിയിൽ മാലിന്യം നീക്കാൻ വാഹനങ്ങൾ ആവശ്യമാണ്. അല്ലാത്തപക്ഷം മാലിന്യനീക്കം നിലക്കും. മാലിന്യം നീക്കം ചെയ്യാൻ ആവശ്യമുള്ള വാഹനങ്ങൾ ലഭ്യമാക്കാൻ കരാറുകാർക്ക് നോട്ടീസ് അയക്കാമെന്നും മറുപടി തൃപ്തികരമല്ലാത്ത പക്ഷം മറ്റ് നടപടികളിലേക്ക് കടക്കാമെന്നും മേയർ അറിയിച്ചു. ഇതോടെ കൗൺസിലർമാർ അടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.