പകര്‍ച്ചവ്യാധിയുടെ പിടിയില്‍ നാട്; കാക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തിച്ചികിത്സ 'പാര്‍ട്ട് ടൈം'

കാക്കനാട്: നാട് മുഴുവന്‍ പനിച്ചുവിറക്കുമ്പോഴും സാധാരണക്കാരുടെ ഏക ആശ്രയമായ കാക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിടത്തിച്ചികിത്സവിഭാഗത്തില്‍ രോഗികള്‍ക്ക് 'പാര്‍ട്ട് ടൈം ചികിത്സ'. ഐ.പിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളെ വൈകീട്ട് വീട്ടിലേക്ക് പറഞ്ഞുവിടുന്നതാണ് ആശുപത്രി അധികൃതരുടെ പാര്‍ട്ട് ടൈം കിടത്തിച്ചികിത്സ രീതി. രാത്രി രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരും ഇല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ദിവസവും ശരാശരി 300-400 രോഗികള്‍ ഒ.പിയില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. കിടത്തിച്ചികിത്സക്ക് രണ്ട് വാര്‍ഡിലായി 14 കിടക്കയുണ്ടെങ്കിലും പ്രയോജനമില്ലെന്നാണ് രോഗികളുടെ പരാതി. വല്ലപ്പോഴും ഒന്നോ രണ്ടോ രോഗികളെ ഐ.പിയില്‍ പ്രവേശിപ്പിച്ച് കിടത്തിച്ചികിത്സയുണ്ടെന്ന് വരുത്തി ത്തീര്‍ക്കുകയാണ് അധികൃതർ. ഡെങ്കി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ നാട്ടിലുടനീളം പടരുമ്പോഴും ഐ.പിയില്‍ കഴിഞ്ഞദിവസം പ്രവേശിപ്പിച്ചത് മൂന്നു രോഗികളെയാണ്. 10 വര്‍ഷം മുമ്പാണ് കാക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഐ.പി അനുവദിച്ചത്. നഗരസഭ ലക്ഷങ്ങള്‍ ചെലവഴിച്ച് ഇരുനില കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയെങ്കിലും പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചിട്ടില്ല. രാത്രി രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരും അനുബന്ധ സൗകര്യങ്ങളും ഇല്ലെന്നാണ് മെഡിക്കല്‍ ഓഫിസറുടെ ന്യായീകരണം. പ്രാഥമികാരോഗ്യ കേന്ദ്രം കമ്യൂണിറ്റി ഹെല്‍ത്ത് സ​െൻററായോ താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലോ ഉയര്‍ത്തിയെങ്കിലേ ഐ.പിയില്‍ ആവശ്യമായ ഡോക്ടര്‍മാരെയും മറ്റ് അനുബന്ധ ജീവനക്കാരെയും സര്‍ക്കാര്‍ നിയമിക്കൂ. രാത്രി ഡോക്ടര്‍മാര്‍ക്ക് ഡ്യൂട്ടിയില്ലാത്തതുകൊണ്ട് കിടത്തിച്ചികിത്സയില്ല. വല്ലപ്പോഴും പേരിന് ഒന്നോ രണ്ടോ പേരെ ഐ.പിയില്‍ പ്രവേശിപ്പിച്ചാല്‍തന്നെ രാത്രി ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല. വൈകീട്ട് അഞ്ചിന് എത്തുന്ന ഡോക്ടര്‍ പരിശോധന നടത്തി സ്ഥലം വിടും. ഐ.പിയില്‍ രോഗികളുണ്ടെങ്കില്‍ ഒരു നഴ്‌സി​െൻറ സേവനം ലഭിക്കും. പകല്‍ മാത്രം ഐ.പിയില്‍ പ്രവേശനം നല്‍കുകയും വൈകീട്ട് അഞ്ചോടെ രോഗികളെ പുറത്താക്കുന്നതുമാണ് പതിവ്. രോഗികള്‍ അവശരാണെങ്കില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പറഞ്ഞുവിടും. പതിനായിരക്കണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തൃക്കാക്കര പ്രദേശത്ത് രാത്രി രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതെ നിര്‍വാഹമില്ല. 10 വര്‍ഷമായി സാധാരണക്കാര്‍ക്ക് കിടത്തിച്ചികിത്സ നിഷേധിച്ചിട്ടും ആശുപത്രിയുടെ ഭരണ നിര്‍വഹണത്തില്‍ നിര്‍ണായക അധികാരമുള്ള നഗരസഭ അധികൃതരും മുഖം തിരിക്കുകയാണ്. അതേസമയം, നാട്ടിലുടനീളം പകര്‍ച്ചവ്യാധി വ്യാപിച്ചതോടെ കാക്കനാെട്ട രണ്ട് സ്വകാര്യ ആശുപത്രികളിലെ ഐ.പി വാര്‍ഡുകളില്‍ സൂചികുത്താന്‍ ഇടമില്ലാത്ത അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.