വീടുകളിലെ മോഷണം: പ്രത്യേകസംഘത്തെ ഏർപ്പെടുത്തണമെന്നാവശ്യം

കടുങ്ങല്ലൂര്‍: പഞ്ചായത്തിലെ പലയിടത്തും മോഷണം തുടരുന്ന സാഹചര്യത്തിൽ ഇത് തടയുന്നതിന് പ്രത്യേകസംഘത്തെ ഏർപ്പെടുത്തണമെന്ന് ആവശ്യം. മുപ്പത്തടത്ത് രണ്ട് വീടുകളില്‍ കഴിഞ്ഞദിവസം പൂട്ട് തകര്‍ത്ത് മോഷണം നടന്നിരുന്നു. മുപ്പത്തടം കാട്ടിപ്പറമ്പ് സത്താറി‍​െൻറ വീടി‍​െൻറ മുന്‍വശത്തെ വാതിലി‍​െൻറ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയിൽ രണ്ടുകെട്ടുകളായി സൂക്ഷിച്ചിരുന്ന 53,000 രൂപ കവര്‍ന്നു എന്നാല്‍, മേശപ്പുറത്ത് ഇരുന്ന പണം നഷ്ടപ്പെട്ടിരുന്നില്ല. തൊട്ടടുത്ത മുറിയിൽ സത്താർ ഉറങ്ങുന്നുണ്ടായിരുന്നെങ്കിലും ശക്തമായ മഴ ഉണ്ടായിരുന്നതിനാല്‍ ശബ്ദമൊന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല. സമീപത്തെ പുതുമാടശ്ശേരി ടോമിയുടെ വീട്ടിലും മോഷണശ്രമം നടന്നു. ടോമിയുടെ വീടി‍​െൻറ അടുക്കള വാതില്‍ പൊളിച്ച് മോഷ്ടാവ് അകത്ത് കയറിയെങ്കിലും ഒച്ച കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ ഓടി മറിയുകയായിരുന്നു. പുലർച്ച മൂന്നിന് മുമ്പായാണ് മോഷണം നടന്നിരിക്കുന്നത്. സമാന മോഷണങ്ങള്‍ പ്രദേശത്ത് നേരത്തേയും ഉണ്ടായിട്ടുണ്ട്. ഇതില്‍ ചില കേസിലെ പ്രതികളെ പിടികൂടിയിരുന്നു. അടുത്തിടെ കിഴക്കേ കടുങ്ങല്ലൂരില്‍ കടയില്‍ മോഷണം നടത്തി മടങ്ങാന്‍ നിന്ന രണ്ടുപേർ പൊലീസിനെ കണ്ട് രക്ഷപ്പെട്ടിരുന്നു. കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ മോഷണം നടത്തുന്ന രണ്ടുപേരുടെ ചിത്രം സി.സി കാമറയില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് മോഷണം ആവർത്തിച്ചത്. മോഷണം നടന്ന സ്ഥലങ്ങളില്‍ ബിനാനിപുരം എസ്.ഐ സ്റ്റെപ്റ്റോ ജോണ്‍ എത്തി പരിശോധന നടത്തിയിരുന്നു. കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മോഷണവും മോഷണശ്രമങ്ങളെയും തടയുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കടുങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് വി.കെ. ഷാനവാസ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.