തൃക്കളത്തൂര്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനം അവതാളത്തിൽ

മൂവാറ്റുപുഴ: തൃക്കളത്തൂര്‍ ചിറയിലെ ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ള പദ്ധതി പ്രവര്‍ത്തനം അവതാളത്തിലായി. ഇതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. പായിപ്ര ഗ്രാമപഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതികളിലൊന്നാണിത്. വേനല്‍ക്കാലത്ത് പെരിയാര്‍വാലി കനാലിനെ ആശ്രയിച്ചാണ് പമ്പ് ഹൗസി​െൻറ പ്രവര്‍ത്തനം. വാളകം ബ്രാഞ്ച് കനാലിലെ ആറാം കിലോമീറ്ററില്‍ സ്ഥാപിച്ച സ്ലൂയിസ് വഴിയാണ് ചിറയില്‍ വെള്ളമെത്തിക്കുന്നത്. വേനല്‍ ആരംഭിച്ചിട്ടും കനാലില്‍ വെള്ളം തുറന്നുവിടാത്തതാണ് ജലനിരപ്പ് താഴാന്‍ കാരണം. തൃക്കളത്തൂര്‍ കുടിവെള്ള പദ്ധതിയില്‍നിന്നാണ് പഞ്ചായത്തിലെ ഏഴ് പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ടാങ്കുകളില്‍ വെള്ളമെത്തിക്കുന്നത്. പാറ്റായി-മുകളുംപുറം, തേരാപ്പാറ വാട്ടര്‍ സപ്ലൈ സ്‌കീം, മൂങ്ങാച്ചാല്‍, കാഞ്ഞിരംകുഴി കോളനി, തൃക്കളത്തൂര്‍ മുല്ലശ്ശേരിപ്പടി- എല്ലുപൊടി കമ്പനി, കുരുട്ടായി, ചാരപ്പാട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളമെത്തിച്ചാണ് ജലവിതരണം. ജലനിരപ്പ് താഴ്ന്നതോടെ പദ്ധതി പ്രവര്‍ത്തനം ഭാഗികമാണ്. ഇത് ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാക്കി. കനാൽ വെള്ളം തുറന്നുവിടാന്‍ വൈകിയാല്‍ ജലക്ഷാമം രൂക്ഷമാകുന്നതിന് പുറെമ ഏക്കറുകണക്കിന് കൃഷിയെയും ബാധിക്കുമെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡൻറ് മാത്യൂസ് വര്‍ക്കി പറഞ്ഞു. കനാലിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതിനാലാണ് വെള്ളം തുറന്നുവിടാന്‍ വൈകുന്നതെന്ന് പെരിയാര്‍വാലി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറ്റകുറ്റപ്പണി ഇഴഞ്ഞാണ് നടക്കുന്നതെന്ന് മാത്യൂസ് വര്‍ക്കി ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.