സി.പി.എം ചാരുംമൂട്​ ഏരിയ സമ്മേളനത്തിൽ കടുത്ത വിഭാഗീയത

ചാരുംമൂട് (ആലപ്പുഴ): സി.പി.എം ചാരുംമൂട് ഏരിയ സമ്മേളനം കടുത്ത വിഭാഗീയതമൂലം ഇറങ്ങിപ്പോക്കിലും പ്രമുഖ നേതാക്കളെ ഒഴിവാക്കുന്നതിലും കലാശിച്ചു. കെ. മനോഹരനാണ് ഏരിയ സെക്രട്ടറി. രണ്ടുദിവസങ്ങളിലായി പടനിലത്ത് നടന്ന ഏരിയ സമ്മേളനത്തിൽ കടുത്ത വിഭാഗീയതമൂലം സെക്രട്ടറിയെപ്പോലും സുഗമമായി കണ്ടെത്താനായില്ല. റിപ്പോർട്ടിൽ നടന്ന ചർച്ചക്കുശേഷമുള്ള കമ്മിറ്റി രൂപവത്കരണമാണ് പ്രതിനിധികളുടെ ഇറങ്ങിപ്പോക്കിലും ബഹളത്തിലും കലാശിച്ചത്. ജി. സുധാകര പക്ഷത്തെ വിള്ളലാണ് പ്രശ്നങ്ങൾക്ക് കാരണമായി പറയുന്നത്. ഏരിയ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. രാഘവൻ പക്ഷവും വിരുദ്ധപക്ഷവും ബലാബലത്തിലായി. അത് ഇറങ്ങിപ്പോക്കിലെത്തി. 13 അംഗ കമ്മിറ്റിയെ ജില്ല സെക്രട്ടറി പ്രഖ്യാപിച്ചതിന് പിന്നാലെ രാഘവൻ വിരുദ്ധപക്ഷം മത്സരത്തിന് തയാറായി. ഇത് ജില്ല നേതൃത്വം വിലക്കി. ഇതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം ഇറങ്ങിപ്പോയത്. നിലവിൽ ഏരിയ കമ്മിറ്റിയിൽ ഉണ്ടായിരുന്ന അഭിഭാഷകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ പൂർണമായി ഒഴിവാക്കിയുള്ള കമ്മിറ്റിയാണ്. കേരളത്തിൽ എങ്ങുമില്ലാത്ത നയരേഖയാണ് ഇവിടെ അടിച്ചേൽപിച്ചതെന്ന് പ്രവർത്തകർ പറയുന്നു. ജില്ല കമ്മിറ്റി നിയോഗിച്ച നിലവിലെ ഏരിയ സെക്രട്ടറി ജി. രാജമ്മ പുതിയ കമ്മിറ്റിയിൽ ഇല്ല. നിലവിലെ കമ്മിറ്റിയിലെ പ്രമുഖരായ ജില്ല പഞ്ചായത്ത് അംഗം വിശ്വൻ പടനിലം, എൻ.എസ്. ശ്രീകുമാർ, ബി. വിനോദ്, വി.കെ. അനിൽകുമാർ, വി.കെ. അജിത്ത്, കെ. അനിൽകുമാർ എന്നിവരെയും ഒഴിവാക്കി. നൂറനാട് വടക്ക് എൽ.സി സെക്രട്ടറിയായ വിനോദ് ഒഴികെ എല്ലാ എൽ.സി സെക്രട്ടറിമാരും പുതിയ കമ്മിറ്റിയിൽ ഇടംപിടിച്ചു. എൻ.എസ്. ശ്രീകുമാർ, വി.കെ. അജിത് എന്നിവർ രാഘവൻവിരുദ്ധ പക്ഷത്തിന് നേതൃത്വം നൽകുന്നവരാണ്. 21 അംഗ ഏരിയ കമ്മിറ്റിക്ക് പകരം 13 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തത് വിഭാഗീയതയുടെ പ്രതിഫലനമായി. ജി. സുധാകര​െൻറ ജന്മനാട്ടിൽ നടന്ന സമ്മേളനത്തിലാണ് കടുത്ത വിഭാഗീയത ഉണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.