വനിത കമീഷൻ മെഗാ അദാലത്ത്: 132 പരാതികൾ പരിഗണിച്ചു; 43 എണ്ണം തീർപ്പാക്കി

കൊച്ചി: എറണാകുളം വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച വനിത കമീഷൻ മെഗാ അദാലത്തിൽ132 പരാതികൾ പരിഗണിച്ചു. 43 എണ്ണം തീര്‍പ്പാക്കി. പൊലീസില്‍നിന്നും വിവിധ വകുപ്പുകളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടിനായി 20 എണ്ണവും ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ടിനായി ആറെണ്ണവും കൗണ്‍സലിങ്ങിനായി നാലെണ്ണവും അയച്ചു. 59 കേസുകള്‍ അടുത്ത അദാലത്തിൽ പരിഗണിക്കാൻ മാറ്റി. നാല് പുതിയ പരാതികളും ലഭിച്ചു. വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്തു. കമീഷൻ അംഗങ്ങളായ ഇ.എം. രാധ, ഷിജി ശിവജി, ഡയറക്ടർ വി.യു. കുര്യാക്കോസ്, ലീഗൽ പാനൽ ഉദ്യോഗസ്ഥരായ ആനി പോൾ, ഇ.എം. അലിയാർ, സ്മിത ഗോപി, വനിത സെൽ എസ്.ഐ ഡെൻസി മാത്യു എന്നിവർ പങ്കെടുത്തു. ഉദ്യോഗസ്ഥയെ അവഹേളിച്ച സംഭവം: തെളിവെടുപ്പ് ഇന്ന് കൊച്ചി: കൂത്താട്ടുകുളം മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യയിലെ വനിത അസി. മാനേജരെ ജീവനക്കാരുടെ മധ്യേ അവഹേളിച്ച സംഭവത്തിൽ കമീഷൻ അംഗം ഷിജി ശിവജി ബുധനാഴ്ച തെളിവെടുക്കും. സ്ഥാപനത്തിലെ തോക്ക്, തിര എന്നിവയുടെ സംരക്ഷണച്ചുമതലയുള്ള ഉദ്യോഗസ്ഥയാണ് പരാതി നൽകിയത്. സ്റ്റോർ റൂമിൽനിന്നും 12 തിരകൾ മറ്റൊരു ഉദ്യോഗസ്ഥൻ അനുമതിയില്ലാതെ എടുത്തതാണ് സംഭവത്തി​െൻറ തുടക്കം. തിരകൾ തിരികെവെക്കുമ്പോഴാണ് ഉദ്യോഗസ്ഥ ഇക്കാര്യം അറിഞ്ഞത്. ചട്ടലംഘനം ചോദ്യം ചെയ്തപ്പോൾ മറ്റു ജീവനക്കാരുടെ മധ്യേ അസഭ്യം പറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. എം.ഡിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് കമീഷനിലെത്തിയത്. 50ൽ അധികം വനിത ജീവനക്കാരുണ്ടായിട്ടും തൊഴിലിടത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ.സി.സി) എം.പി.ഐയിൽ ഇല്ലെന്നത് സംഭവത്തി​െൻറ ഗൗരവം വർധിപ്പിക്കുന്നതായി ഷിജി ശിവജി പറഞ്ഞു. അധിക ഫീസ് തിരികെ ലഭിക്കണമെന്ന് വിദ്യാർഥിനി കൊച്ചി: സ്വകാര്യ കോളജുകാര്‍ അധികമായി വാങ്ങിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് എൻജിനീയറിങ് വിദ്യാര്‍ഥിനി വനിത കമീഷനിൽ. കൊച്ചി സ്വദേശിയായ യുവതി തിരുവനന്തപുരത്തെ സ്വകാര്യ എൻജിനീയറിങ് കോളജിനെതിരെയാണ് പരാതി നൽകിയത്. പഠനകാലയളവിൽ കോളജ് അടച്ചുപൂട്ടിയതിനെത്തുടർന്ന് അധികൃതർ മറ്റൊരു സ്വകാര്യ കോളജിൽ പ്രവേശനം തരപ്പെടുത്തി. എന്നാൽ, പ്രവേശന ഫീസായി ഇവിടെയും പണം നൽകേണ്ടിവന്നു. ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ കോളജ് അധികൃതർ നാല് ചെക്കുകൾ നൽകി. ബാങ്കിൽ മാറാനെത്തിയെങ്കിലും പണമില്ലാത്തതിനാൽ ചെക്ക് മടങ്ങി. തുടർന്നാണ് കമീഷനെ സമീപിച്ചത്. 2016 മുതൽ കേസ് കമീഷൻ പരിഗണിക്കുന്നുണ്ടെങ്കിലും എതിർകക്ഷി ഹാജരാകുന്നില്ല. കോളജ് അധികൃതർക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നതിനൊപ്പം പരാതി വിദ്യാഭ്യാസമന്ത്രിക്ക് നൽകാനും കമീഷൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.