ഭൂമി കൈമാറ്റത്തിലൂടെ കിട്ടിയ കോടികൾ കേന്ദ്രം കൈക്കലാക്കി; ഫാക്​ട്​ വികസനം പ്രതിസന്ധിയിൽ

കൊച്ചി: ഭൂമി കൈമാറ്റത്തിലൂടെ ഫാക്ടിന് ലഭിച്ച കോടിക്കണക്കിന് രൂപയുടെ സിംഹഭാഗവും വാഗ്ദാനങ്ങൾ ലംഘിച്ച് കേന്ദ്രം കൈക്കലാക്കിയതോടെ കമ്പനി വികസനം പ്രതിസന്ധിയിലായി. ഫാക്ട് പുനരുദ്ധാരണത്തിന് സഹായകമാകുമെന്ന് കരുതിയ ഇടപാടിൽ കേന്ദ്രത്തി​െൻറ അപ്രതീക്ഷിത നിലപാട് ജീവനക്കാരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. ഇതോടെ, ഫാക്ടി​െൻറ നിർദിഷ്ട വികസന പദ്ധതികൾ അനിശ്ചിതത്വത്തിലായി. ഭാരത് പെട്രോളിയം കോർപറേഷൻ (ബി.പി.സി.എൽ) വികസനത്തി​െൻറ ഭാഗമായി പെട്രോ കെമിക്കൽ പാർക്ക് സ്ഥാപിക്കാൻ ഫാക്ട് കൊച്ചിൻ ഡിവിഷന് കീഴിലെ 481.79 ഏക്കർ സ്ഥലമാണ് 973 കോടിക്ക് സംസ്ഥാന സർക്കാറിന് കൈമാറിയത്. ധാരണപത്രം മുഖ്യമന്ത്രി പിണറായി വിജയ​െൻറ സാന്നിധ്യത്തിൽ ബുധനാഴ്ച ഒപ്പുവെച്ചു. 331.79 ഏക്കർ സ​െൻറിന് 2.48 ലക്ഷം രൂപക്കും 150 ഏക്കർ കേന്ദ്രം അനുവദിച്ച പ്രത്യേക ഇളവ് പ്രകാരം സ​െൻറിന് ഒരു ലക്ഷം രൂപക്കുമാണ് സർക്കാർ ഏറ്റെടുക്കുന്നത്. വൃക്ഷങ്ങൾക്കും കെട്ടിടങ്ങൾക്കുമായി 11 കോടി വെറെയും കിട്ടും. ഇതിന് പുറമെ ബി.പി.സി.എല്ലിന് 169.68 ഏക്കർ ഭൂമി നൽകുന്നതുവഴി 421 കോടി കൂടി ഫാക്ടിന് ലഭിക്കും. ഇതിൽ 170 കോടി നാഫ്ത വാങ്ങിയ ഇനത്തിൽ ബി.പി.സി.എല്ലിന് ഫാക്ട് നൽകാനുണ്ട്. ഭൂമി ഇടപാടിെല പണം പൂർണമായും ഫാക്ട് വിപുലീകരണ, വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ നേരേത്ത കേന്ദ്രം സമ്മതിച്ചതാണെന്ന് ജീവനക്കാർ ഉൾപ്പെടുന്ന സേവ് ഫാക്ട് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു. 13.5 ശതമാനം വാർഷിക പലിശക്ക് കേന്ദ്രം നൽകിയ 1000 കോടിയുടെ ഇടക്കാല വായ്പയും മുൻകാല പദ്ധതിവിഹിത വായ്പകളും എഴുതിത്തള്ളാമെന്നും കേന്ദ്രം വാഗ്ദാനം ചെയ്തതാണെന്നും ഇവർ വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, 1000 കോടി വായ്പയിലെ 500 കോടി തിരിച്ചടക്കണമെന്നാണ് കേന്ദ്രത്തി​െൻറ പുതിയ ആവശ്യം. കൂടാതെ, നികുതി ഇനത്തിൽ 465 കോടിയും കാപ്പിറ്റൽ ഗെയിൻ ഇനത്തിൽ മറ്റൊരു 200 കോടിയും കേന്ദ്രത്തിന് ഫാക്ട് നൽകണം. ഇതോടെ, ഫാക്ട് വികസനം കടലാസിലൊതുങ്ങുമെന്നും ഭൂമി വിൽപനയിലൂടെ കമ്പനിക്കുള്ള സാമ്പത്തിക നേട്ടം നാമമാത്രമാകുമെന്നും ജീവനക്കാർ പറയുന്നു. വിഷയത്തിൽ അടിയന്തരമായി ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. മുൻ എം.പി കെ. ചന്ദ്രൻപിള്ള, പി.എസ്. അശ്റഫ്, ജോർജ് തോമസ്, ആർ. സജികുമാർ, മധു പുറക്കാട്, രമേശ്കുമാർ, ദേവരാജൻ, മോഹൻകുമാർ എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിനിടെ, ഫാക്ടിൽനിന്ന് 1997 ജനുവരി ഒന്നിന് വിരമിച്ച 4500 ഒാളം തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.