കനാൽ അറ്റകുറ്റപ്പണി നടത്തിയില്ല; കുടിവെള്ളക്ഷാമം രൂക്ഷമാകും

മൂവാറ്റുപുഴ: വേനൽ കനത്തിട്ടും കനാൽ അറ്റകുറ്റപ്പണി വൈകുന്നത് കിഴക്കൻ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാക്കും. നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കാർഷികാവശ്യത്തിനും കുടിവെള്ളത്തിനുമുള്ള ഏക സ്രോതസ്സായ പെരിയാർവാലി കനാലുകളുടെ അറ്റകുറ്റപ്പണിയാണ് വൈകുന്നത്. കഴിഞ്ഞ തവണ തൊഴിലുറപ്പുപദ്ധതിയിൽ പെടുത്തി ചില കനാലുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നന്നാക്കിയിരുന്നു. എന്നാൽ, ഇക്കുറി വേനൽ കനത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകാൻ തുടങ്ങിയിട്ടും അറ്റകുറ്റപ്പണിക്ക് തുടക്കമായിട്ടില്ല. കാർഷിക മേഖലയായ പായിപ്ര, വാളകം, നെല്ലിക്കുഴി, അശമന്നൂർ, പഞ്ചായത്തുകളിലൂടെ ആറ് പെരിയാർവാലി കനാലുകളാണ് കടന്നു പോകുന്നത്. കനാൽവെള്ളത്തെ ആശ്രയിച്ചാണ് ഈ മേഖലയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും കൃഷി ഇറക്കുന്നത്. തൃക്കളത്തൂർ കുടിവെള്ള പദ്ധതിയും കനാൽ വെള്ളത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. വേനൽ ആരംഭിക്കുന്നതോടെതന്നെ മേഖലകളിൽ കുടിവെള്ള പ്രശ്നങ്ങളും രൂക്ഷമാകാറാണ് പതിവ്. മുടവൂർ, ആട്ടയം, മുളവൂർ, പെരുമറ്റം, തൃക്കളത്തൂർ, കുരുവിനാംപാറ ബ്രാഞ്ച് കനാലുകളിലെല്ലാം മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. പല സ്ഥലങ്ങളിലും കനാലുകൾ കാടുകയറി. ചിലയിടങ്ങളിൽ കനാൽ ഇടിഞ്ഞുവീണു. വർഷാവർഷങ്ങളിൽ കനാൽ അറ്റകുറ്റപ്പണി പതിവുണ്ടങ്കിലും രണ്ടുവർഷമായി നടന്നിട്ടില്ല. ചിലയിടങ്ങളിൽ ജനകീയ പ്രതിഷേധത്തെത്തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈ എടുത്ത് തൊഴിലുറപ്പുപദ്ധതിയിൽ പെടുത്തി നന്നാക്കിയതൊഴിച്ചാൽ ഭൂരിഭാഗം കനാലുകളും മാലിന്യകേന്ദ്രങ്ങളാണ്. അറവുമാലിന്യത്തിനുപുറമെ പ്ലാസ്റ്റിക്, ആശുപത്രി മാലിന്യംവരെ കനാലിൽ തള്ളിയിട്ടുണ്ട്. ഇത്തവണ കൃഷി വകുപ്പി​െൻറ സഹായത്തോടെ തരിശുകിടന്ന നിരവധി പാടശേഖരങ്ങളിൽ നെൽകൃഷി ഇറക്കിയിട്ടുണ്ട്. ഇതിനുപുറമെ വാഴ, പച്ചക്കറി കൃഷികളും വ്യാപകമായിട്ടുണ്ട്. നൂറുകണക്കിന് ഏക്കർ സ്ഥലത്താണ് പുതുതായി കൃഷി ഇറക്കിയിരിക്കുന്നത്. കനാൽ അറ്റകുറ്റപ്പണി തീർത്ത് ജലസേചനം നടത്തിയില്ലങ്കിൽ മേഖലയിൽ നെൽകൃഷി നശിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.