കാണാതായ രണ്ട് ബോട്ടുകുടി കൊച്ചിയിൽ തിരിച്ചെത്തി

മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റിന് മുമ്പ് കൊച്ചിയിൽനിന്ന് മത്സ്യ ബന്ധനത്തിന് പോയി കാണാതായ രണ്ട് ബോട്ടുകൂടി ശനിയാഴ്ച കൊച്ചിയിൽ തിരിച്ചെത്തി. ഗോഡ്സ് ഗിഫ്റ്റ്, ഷഫ്ന എന്നീ ബോട്ടുകളാണ് 21 തൊഴിലാളികളുമായി കൊച്ചി ഹാർബറിൽ എത്തിയത്. ഇരുബോട്ടും മത്സ്യവുമായാണ് എത്തിയത്. കൊച്ചിയിൽനിന്ന് 700 നോട്ടിക്കൽ മൈൽ അകലെ മഹാരാഷ്ട്ര ഭാഗത്തായാണ് ഇവർ മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടത്. കൊച്ചിയിൽനിന്ന് പോയ ആറ് ബോട്ടുകൂടി ഈ മേഖലയിൽ പണിയെടുക്കുന്നതായി ശനിയാഴ്ച എത്തിയ ഗോഡ്സ് ഗിഫ്റ്റിലെ തൊഴിലാളികൾ പറഞ്ഞു. എന്നാൽ, ബോട്ടുകൾ ഏതൊക്കെ എന്ന് വ്യക്തമെല്ലന്നും ഇവർ പറഞ്ഞു. കണക്കുകൾപ്രകാരം ഇനി 13 ബോട്ടും 140 തൊഴിലാളികളുടെയും വിവരങ്ങളാണ് ലഭിക്കാനുള്ളത്. ശക്തമായ കാറ്റിനെത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ ഹാർബറുകളിൽ കയറിയ അഞ്ച് ബോട്ടും 60 തൊഴിലാളികളും ഇതിനുപുറമെ ശനിയാഴ്ച കൊച്ചിയിൽ എത്തി. അസ്മിത, യഹോവ, നായകി, ഇൻഫൻറ് ദാസ്, അരുൾ ജ്യോതി എന്നീ ബോട്ടുകളാണ് കൊച്ചി ഹാർബറിൽ എത്തിയത്. അതിനിടെ, ശനിയാഴ്ച മത്സ്യമേഖലയിലെ സംഘടന ഭാരവാഹികളുമായി ഐ.ജി ചർച്ച നടത്തി. ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെടുന്നതും തിരികെ എത്തുന്നതുമായ ബോട്ടുകളുടെ വിവരങ്ങൾ അതത് ദിവസങ്ങൾ രജിസ്റ്ററായി രേഖപ്പെടുത്താൻ ചർച്ചയിൽ ധാരണയായി. അസോസിയേഷൻ, പൊലീസ്, ഫിഷറീസ് വകുപ്പ് എന്നിവർക്കായിരിക്കും ഇതി​െൻറ ചുമതല. ഇതുസംബന്ധിച്ച് വിശദീകരിക്കാൻ കൊച്ചി ഹാർബറിൽ അടിയന്തരയോഗം വിളിക്കുമെന്ന് ലോങ്ലൈൻ ബോട്ട് ഓണേഴ്സ് ആൻഡ് ബയിങ് ഏജൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എ.എം. നൗഷാദ്, സെക്രട്ടറി എം. മജീദ് എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.