വൈപ്പിന്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് -ഇന്ന് നായരമ്പലത്ത്

വൈപ്പിന്‍: നിയോജകമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന വൈപ്പിന്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് -ഏകദിന ജനകീയ സൗജന്യ മള്‍ട്ടി സ്‌പെഷാലിറ്റി മെഗാ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച നായരമ്പലം ഭഗവതി വിലാസം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടക്കും. പരമാവധി ചികിത്സാസൗകര്യങ്ങള്‍ സൗജന്യമായി ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ എം.എൽ.എയുടെ നേതൃത്വത്തില്‍ ആറുവര്‍ഷമായി ഏകദിന ജനകീയ ആശുപത്രി നടത്തിവരുന്നു. ആരോഗ്യവകുപ്പ്, കൊച്ചി മെഡിക്കല്‍ കോളജ്, അമൃത ആശുപത്രി, ദേശീയ ആരോഗ്യമിഷന്‍, ജനറല്‍ ആശുപത്രി, ശ്രീസുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രി എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ ശാരീരിക വെല്ലുവിളി നേരിടുന്നവരെ പരിശോധിച്ച് റഫര്‍ ചെയ്യാൻ മെഡിക്കല്‍ ബോര്‍ഡും രംഗത്തുണ്ടാകും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍, റെസിഡന്‍‌റ്‌സ് അസോസിയേഷനുകള്‍, കുടുംബശ്രീ- ആശ -അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ്. അലോപ്പതി, ആയുര്‍വേദം, ഹോമിയോ വിഭാഗങ്ങളിലെ സൂപ്പര്‍സ്പെഷാലിറ്റി ഡോക്ടര്‍മാരടക്കമുള്ളവരുടെ വിദഗ്ധ സേവനം ഇത്തവണയും ലഭ്യമാക്കിയിട്ടുണ്ട്. 250 ഡോക്ടര്‍മാരും 250 പാരാമെഡിക്കല്‍ സ്റ്റാഫും പങ്കെടുക്കുമെന്ന് എസ്. ശര്‍മ എം.എല്‍.എ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വൈപ്പിനില്‍ 2.48 കോടിയുടെ നിര്‍മാണങ്ങള്‍ക്ക് ഭരണാനുമതി വൈപ്പിന്‍: വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ എം.എല്‍.എ ആസ്തി വികസന സ്‌കീമില്‍ ഉള്‍പ്പെടുത്തി വിവിധ നിര്‍മാണപ്രവൃത്തികള്‍ക്ക് 2.48 കോടി രൂപ ഭരണാനുമതി ലഭിച്ചതായി എസ്.ശര്‍മ എം.എല്‍.എ അറിയിച്ചു. എളങ്കുന്നപ്പുഴ ഗവ.ന്യൂ എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മാണം 90 ലക്ഷം രൂപ, എളങ്കുന്നപ്പുഴ ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പുതുതായി ക്ലാസ് മുറി, ശൗചാലയം നിര്‍മാണം 32 ലക്ഷം രൂപ എന്നിവയാണ് പ്രധാന പ്രവൃത്തികള്‍. വൈപ്പിന്‍ ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിന് ഗവ.ന്യൂ എല്‍.പി സ്‌കൂള്‍ കെട്ടിടവും സ്ഥലവും ഏറ്റെടുത്തിരുന്നു. ഹൈസ്‌കൂള്‍ വളപ്പില്‍ ചുറ്റുമതില്‍ സഹിതം പ്രത്യേക ബ്ലോക്കായാണ് എല്‍.പി സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുക. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ അയ്യന്‍കുട്ടിപ്പാലം സൗത്ത് റോഡ്(13.50 ലക്ഷം), മാലിപ്പുറം ഐ.ഐ.വി.യു.പി സ്‌കൂള്‍ റോഡ് (23 ലക്ഷം), പല്ലംപിള്ളി റോഡ് (15 ലക്ഷം), അഞ്ചങ്ങാടി ഫിഷര്‍മെന്‍ ലിങ്ക് റോഡ് -മോറിസ് റോഡ്(21.50 ലക്ഷം), കടമക്കുടി പഞ്ചായത്തിലെ ഇ.എം.എസ് റോഡ് (18 ലക്ഷം), മുറിക്കല്‍ ജെട്ടി-ക്ഷേത്രം റോഡ് (25 ലക്ഷം), മുളവുകാട് ഗ്രാമപഞ്ചായത്തിലെ പന്നിപ്പുള്ളി റോഡ് (10 ലക്ഷം) എന്നിവയാണ് ഭരണാനുമതി ലഭിച്ച മറ്റ് പ്രവൃത്തികള്‍. എല്‍.എസ്.ജി.ഡി വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയർക്കാണ് പ്രവൃത്തികളുടെ നിര്‍വഹണച്ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.