സ്വർണവില താഴേക്ക്​; എന്നിട്ടും വാങ്ങാനാളില്ല

കൊച്ചി: സ്വർണവില കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ. പക്ഷേ, കാര്യമായ വിൽപനയില്ലെന്ന് മാത്രം. നോട്ട് നിരോധനത്തിനും ജി.എസ്.ടിക്കും പിന്നാലെ സ്വർണവിപണിയിൽ ഉടലെടുത്ത മാന്ദ്യം തുടരുന്നതാണ് കാരണം. ഗ്രാമിന് 2,600 രൂപയാണ് ബുധനാഴ്ചത്തെ വില. പവന് 20,800. ജൂലൈ ആദ്യമാണ് ഇതിന് മുമ്പ് വില 2,600ൽ എത്തിയത്. സെപ്റ്റംബർ അഞ്ചിന് 2,845 വരെ എത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കനുസരിച്ച് കേരളത്തിലും താഴുന്നതാണ് പിന്നീട് കണ്ടത്. ഇതിനിടെ, ചൊവ്വാഴ്ച പവന് ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു. അന്താരാഷ്ട്ര വില താഴ്ന്നതായിരുന്നില്ല കാരണം. വ്യാപാരികൾ കൂട്ടായി തീരുമാനിച്ച് കുറച്ചതാണ്. വൻകിട വ്യാപാരികൾ വിലക്കിഴിവും സമ്മാനങ്ങളും പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്നു. ഇത് ചെറുകിട വ്യാപാരികളെ ഗുരുതരമായി ബാധിക്കുന്നുവെന്ന് കണ്ടതോടെയാണ് ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ ഇങ്ങനെയൊരു തീരുമാനമെടുത്തത്. വൻകിട വ്യാപാരികളുടെ പല ഒാഫറുകളും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. മുൻ വർഷങ്ങളിൽ വില കുറയുേമ്പാൾ വിൽപന കൂടാറുണ്ട്. എന്നാൽ, ഇത്തവണ അതില്ല. നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും മറ്റ് നിയന്ത്രണങ്ങളും സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യംതന്നെ കാരണം. വിവാഹ സീസണായിട്ടുപോലും വിപണിയിൽ ഉണർവില്ല. വിൽപനയിൽ 50 ശതമാനത്തോളം ഇടിവുണ്ടായതായി വ്യാപാരികൾ പറയുന്നു. അഡ്വാൻസ് ബുക്കിങും ഗണ്യമായി കുറഞ്ഞു. നിർബന്ധിത സാഹചര്യത്തിൽ മാത്രമാണ് ഇപ്പോൾ പലരും വാങ്ങാനെത്തുന്നത്. ഇൗ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ രാജ്യത്ത് സ്വർണത്തി​െൻറ ആവശ്യകതയിൽ 25 ശതമാനം ഇടിവുണ്ടായെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ലിയു.ജി.സി) റിപ്പോർട്ട്. സ്വർണത്തിൽ നിക്ഷേപിച്ചിരുന്നവർ മ്യൂച്വൽ ഫണ്ടുകളിലേക്കും ഒാഹരി വിപണിയിലേക്കും തിരിഞ്ഞതും ഡിമാൻഡ് കുറച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.