മത്സ്യ​ത്തൊഴിലാളികൾ തോപ്പുംപടി പാലം ഉപരോധിച്ചു; കടല്‍ഭിത്തിയും പുലിമുട്ടും നിർമിക്കണമെന്ന്​ ആവശ്യം

മട്ടാഞ്ചേരി: തീരമേഖലയില്‍ പുലിമുട്ടുകളോടുകൂടിയ കടല്‍ഭിത്തികള്‍ നിർമിക്കണമെന്നാവശ്യപ്പെട്ട് വൈദികരുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ തോപ്പുംപടി ബി.ഒ.ടി പാലം ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ 10ഒാടെയാണ് രണ്ടായിരത്തോളം മത്സ്യത്തൊഴിലാളികൾ പാലത്തിലേക്ക് മാര്‍ച്ച് നടത്തിയത്. വിവിധ ഇടവകകളിലെ വികാരിമാരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഇതോടെ രണ്ടു മണിക്കൂറിലേറെ തോപ്പുംപടിയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഇതിനിടെ ഗുരുതരാവസ്ഥയിലായ രോഗിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കാനായി കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പള്ളുരുത്തിയില്‍നിന്ന് പോകുകയായിരുന്ന ആംബുലന്‍സ് സമരക്കാര്‍ തടഞ്ഞത് അല്‍പസമയം സംഘര്‍ഷത്തിനിടയാക്കി. ആംബുലൻസ് വരുന്നതുകണ്ട് സമരക്കാർ വഴിമാറിക്കൊടുത്തെങ്കിലും ആംബുലൻസിൽ രോഗികൾ ആരും ഇല്ലാതെ കണ്ടതോടെയാണ് സമരക്കാർ ബഹളംവെച്ചത്. രോഗിയെ എടുക്കുന്നതിനായി പോകുകയാണെന്ന് പറഞ്ഞിട്ടും ആംബുലന്‍സ് വിടാന്‍ സമരക്കാര്‍ തയാറായില്ല. പിന്നീട് മുതിര്‍ന്നവര്‍ ഇടപെട്ട് ആംബുലന്‍സിന് വഴിയൊരുക്കി കൊടുക്കുകയായിരുന്നു. സമരം കണ്ണമാലി സ​െൻറ് ആൻറണി ഇടവക വികാരി ഫാ. ആൻറണി ടോപ്പോള്‍ ഉദ്ഘാടനം ചെയ്തു. ഫാ. സാംസണ്‍ ആഞ്ഞിലിപ്പറമ്പില്‍, ഫാ. അലന്‍ ലെസ്ലി പുന്നക്കല്‍, ഫാ. മില്‍ട്ടന്‍ കളപ്പുരക്കല്‍, ഫാ. ജോർജ് ബിബിലന്‍ ആറാട്ടുകുളം, ഫാ. ജോസഫ് ചിറാപ്പള്ളി, ഫാ. മാത്യു മാക്സന്‍ അത്തിപ്പൊഴി, ഫാ. തോമസ് പനക്കല്‍, ഫാ. ജോസഫ് ചിറാപ്പള്ളി, ഫാ. തങ്കച്ചൻ മറുവക്കാട്, ഫാ. അലക്സ്തു കൊച്ചിക്കാരൻ, അമ്മിണി ജോസഫ്, ജയൻ കുന്നേൽ, സോഫി രാജു തുടങ്ങിയവര്‍ സംസാരിച്ചു. വഴി തടസ്സം സൃഷ്ടിച്ച് സമരത്തിന് നേതൃത്വം നൽകിയവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അസി. പൊലീസ് കമീഷണർ എസ്. വിജയൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.