​ തോപ്പിൽ ഭാസിക്ക്​ സ്​മാരകമില്ല; അസംതൃപ്​തി പങ്കുവെച്ച്​ ഇടതുപക്ഷ സഹൃദയലോകം

ചാരുംമൂട്: വിപ്ലവകേരളത്തിനായി തൂലിക പടവാളാക്കിയ തോപ്പിൽ ഭാസിക്ക് സ്മാരകമില്ലാത്തത് ഉത്തരമില്ലാത്ത ചോദ്യമായി ഇന്നും നിൽക്കുന്നു. നാടകരംഗത്തെ കുലപതി വേർപിരിഞ്ഞിട്ട് കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും സ്മാരകത്തിനായുള്ള ചർച്ചപോലും ഉയരാത്തതിലുള്ള അസംതൃപ്തിയാണ് നാട്ടിൽ ഇടതുപക്ഷ സഹൃദയലോകം പങ്കുെവക്കുന്നത്. മലയാള നാടക-സിനിമാ രംഗങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടി നേതാവ് എന്നനിലയിലും വിപ്ലവസന്ദേശങ്ങൾ നാട്ടിലാകെ പടർത്തുന്നതിൽ മുഖ്യപങ്കാണ് തോപ്പിൽ ഭാസി വഹിച്ചത്. ഭാസിയുടെ മരണശേഷം അദ്ദേഹം പ്രതിനിധനംചെയ്ത പ്രസ്ഥാനം നിരവധിതവണ അധികാരത്തിലെത്തിയിട്ടും ഇടപെടലുണ്ടായില്ല. ജില്ലയിൽ നിരവധി സാമൂഹിക-സാംസ്കാരിക പ്രവർത്തകർക്ക് സ്മാരകങ്ങൾ കെട്ടിപ്പൊക്കിയപ്പോഴാണ് തോപ്പിൽ ഭാസിയെ അവഗണിച്ചെന്ന പരാതി ഉയരുന്നത്. ഭാസിക്കുശേഷം നാടകരംഗത്ത് എത്തിയ നരേന്ദ്രപ്രസാദിന് മാവേലിക്കരയിൽ സ്മാരകം ഉയർന്നിരുന്നു. ചില സർക്കാർ സ്ഥാപനങ്ങൾക്കും സാംസ്കാരിക സംഘടനകൾക്കും തോപ്പിൽ ഭാസിയുടെ പേര് നൽകിയെന്നതാണ് സ്മരണ ഉയർത്താൻ സഹായിക്കുന്നത്. നാടക വിദ്യാർഥികൾക്ക് പഠിക്കാൻ കഴിയുന്നതരത്തിൽ ചരിത്രസ്മാരകമാണ് ഭാസിയുടെ പേരിൽ രൂപവത്കരിക്കേണ്ടതെന്ന് പ്രവർത്തകർ പറയുന്നു. ജില്ലയിലെ വള്ളികുന്നത്ത് ജനിച്ച തോപ്പില്‍ ഭാസി തിരുവനന്തപുരം ആയുര്‍വേദ കോളജില്‍നിന്ന് വൈദ്യകലാനിധി പാസായി. സംസ്കൃതവും അഭ്യസിച്ചു. 1940 മുതല്‍ 1950വരെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തി​െൻറ നേതൃ ഭാഗമായിരുന്നു. പഠനകാലത്ത് വിദ്യാർഥി കോൺഗ്രസിൽ അംഗമായി. പുന്നപ്ര-വയലാർ സമരത്തോടെയാണ് ജന്മികുടുംബത്തിൽ ജനിച്ച ഭാസി കോൺഗ്രസ് വിട്ട് കമ്യൂണിസ്റ്റുകാരനാകുന്നത്. ഭൂവുടമകള്‍ക്കെതിരെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ വിപ്ലവസമരത്തി​െൻറ ഭാഗമായ ശൂരനാട് സംഭവത്തിൽ കേസില്‍പെട്ട് ഒളിവിലായിരുന്ന സമയത്താണ്‌ 'സോമൻ' എന്ന അപരനാമത്തിൽ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകം എഴുതിയത്. കമ്യൂണിസ്റ്റ് ആശയങ്ങൾ സാധാരണജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അവിസ്മരണീയമായ പങ്കാണ് ഇൗ നാടകം വഹിച്ചത്. അദ്ദേഹത്തി​െൻറ 'ഒളിവിലെ ഒാർമകൾ' എന്ന ആത്മകഥയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തി​െൻറ വളർച്ചയുടെ നേർക്കാഴ്ചയാണ്. -വള്ളികുന്നം പ്രഭ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.