സഞ്ചാരസ്വാതന്ത്ര്യത്തിനായി 12 കുടുംബങ്ങൾ വീണ്ടും സമരത്തിന്

ആലങ്ങാട്: മാഞ്ഞാലിയിൽ സഞ്ചാരസ്വാതന്ത്ര്യത്തിനായി 12 കുടുംബങ്ങൾ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. വ്യാകുലമാതാ പള്ളി അധികാരികൾ ഏതാനും കുടുംബാംഗങ്ങളുടെ ഗതാഗതം തടഞ്ഞ സംഭവത്തിൽ കലക്ടറേറ്റിൽ നടന്ന നിരാഹാരസമരം ചില വ്യവസ്ഥകളോടെ താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. ഡിസംബർ അഞ്ചിനകം ബന്ധപ്പെട്ടവരുമായി ചർച്ച നടത്താമെന്ന കലക്ടറുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ, പ്രശ്നപരിഹാരത്തിന് നടപടികളാകാത്ത സാഹചര്യത്തിലാണ് സമരം വീണ്ടുമാരംഭിക്കാൻ ആലോചിക്കുന്നതെന്ന് സമരസമിതി കൺവീനർ ഷാമോൻ പറഞ്ഞു. കുടുംബങ്ങൾക്ക് പിന്തുണപ്രഖ്യാപിച്ച് മാഞ്ഞാലി പ്രദേശവാസികളും വിവിധ -രാഷ്ട്രീയ, സാമൂഹിക സംഘടനകളും ചേർന്ന് സമരസഹായ സമിതിക്ക് രൂപംനൽകിയിരുന്നു. 1994-ലാണ് വഴിക്കുവേണ്ടി സർക്കാർവ്യവസ്ഥകളോടെ പള്ളിക്ക് സ്ഥലംനൽകിയത്. പട്ടയവ്യവസ്ഥകൾ അട്ടിമറിച്ച് നിർമാണപ്രവൃത്തികൾ നടത്തിയും നാട്ടുകാരുടെ വഴി അടച്ചുകെട്ടിയും ലക്ഷക്കണക്കിന് രൂപയുടെ മണ്ണ് കുഴിച്ചുവിറ്റതും നിയമവിരുദ്ധമാണ് എന്നാണാക്ഷേപം. തർക്കം ഒത്തുതീർക്കുന്നതിന് അടിയന്തര നടപടികളെടുക്കണമെന്ന് കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം പ്രസിഡൻറ് എ.എം. അലി ആവശ്യപ്പെട്ടു. കലക്ടർ ഇടപെട്ട് റവന്യൂരേഖകൾ പരിശോധിച്ച് ഇരുകൂട്ടരുടെയും സ്ഥലം അളന്നുതിട്ടപ്പെടുത്തി പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.