മൊബൈൽ കടകളാണ്​ ഇവരുടെ ബാങ്ക്​

കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് പണമയക്കണമെങ്കിൽ ചിലപ്പോൾ ഒരു ദിവസത്തെ ജോലിതന്നെ മുടങ്ങും. ബാങ്കിൽ പോയി ക്യൂ നിൽക്കണം. കൗണ്ടറിലിരിക്കുന്ന ജീവനക്കാര​െൻറ മുഷിഞ്ഞ മുഖവും നോട്ടവും സഹിക്കണം. ഇക്കാരണങ്ങളാൽ ഇവർ ബാങ്കിൽ പോകാൻ തീരെ താൽപര്യപ്പെടുന്നില്ല. ഇവരുടെ ബാങ്ക് ഇപ്പോൾ മൊബൈൽ ഷോപ്പുകളാണ്. കടക്കാരനെ പണം ഏൽപിക്കുക. ചെറിയൊരു കമീഷനും. നിമിഷങ്ങൾക്കുള്ളിൽ വീട്ടുകാരുടെ അക്കൗണ്ടിൽ സുരക്ഷിതമായി പണമെത്തും. മൊബൈൽ ഫോൺ വഴി പണമയക്കുന്ന ഇതരസംസ്ഥാനക്കാരുടെ എണ്ണം ഇപ്പോൾ ഗണ്യമായി വർധിച്ചിരിക്കുന്നു. ഇവർ കൂടുതലുള്ള പ്രദേശങ്ങളിൽ ഇത് നല്ല ബിസിനസായിരിക്കുകയാണ്. ഇതരസംസ്ഥാന തൊഴിലാളികൾ ഏറെയുള്ള പെരുമ്പാവൂർ കേന്ദ്രീകരിച്ചാണ് മൊബൈൽ ഫോൺ വിൽക്കുന്നതും അനുബന്ധ സേവനങ്ങൾ നൽകുന്നതുമായ കടകൾ ബാങ്കുകളായി രൂപം മാറിയത്. ഞായറാഴ്ചകളിൽ പണമയക്കാനെത്തുന്നവരുടെ തിരക്കാണ് മിക്ക മൊബൈൽ കടകളിലും. ചെറിയ തുക അയക്കാനെത്തുന്ന തങ്ങളോട് ബാങ്ക് ജീവനക്കാർ പലപ്പോഴും മോശമായാണ് പെരുമാറുന്നതെന്നും അതിനാൽ ബാങ്കിൽ പോകാൻ താൽപര്യമില്ലെന്നും ഇവർ പറയുന്നു. ആഴ്ചയിൽ 3000 മുതൽ 7000 രൂപ വരെ അയക്കുന്നവരാണ് പലരും. തങ്ങളുടെ സൗകര്യം അനുസരിച്ച്, നടപടിക്രമങ്ങളുടെ നൂലാമാലകളില്ലാതെ വേഗത്തിൽ പണമയക്കാം എന്നതാണ് തൊഴിലാളികളെ ഇതിലേക്ക് ആകർഷിക്കുന്നത്. ഇതരസംസ്ഥാന െതാഴിലാളികൾക്കായി പണമിടപാട് നടത്തുന്ന അമ്പതോളം കടകൾ പെരുമ്പാവൂർ പരിസരത്ത് മാത്രമുണ്ട്. മോഷണം ഭയന്ന് പണം കൈവശം സൂക്ഷിക്കാൻ മടിക്കുന്നവരാണ് ഭൂരിഭാഗവും. ഒരു കടയിൽ ഞായറാഴ്ചകളിൽ നൂറുപേർ വരെ പണമയക്കാൻ എത്തുന്നു. 1000 രൂപക്ക് മൂന്ന് രൂപ എന്ന നിരക്കിലാണ് കടക്കാരുടെ കമീഷൻ. ഇതരസംസ്ഥാനക്കാർ പ്രതിമാസം 180 കോടി രൂപ കേരളത്തിൽനിന്ന് നാട്ടിലേക്ക് അയക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ പകുതിയും മലപ്പുറം, പെരുമ്പാവൂർ പ്രദേശങ്ങളിൽനിന്നാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.