പെരിയാറിൽ ചളി ഒഴിയുന്നില്ല; വെള്ളവും കുറവ്

കൊച്ചി: പെരിയാറിൽ ചളി ഒഴിയുന്നില്ല. ബുധനാഴ്‌ച പുലർച്ച മുതലാണ് ചളി കൂടിയത്. വ്യാഴാഴ്‌ച ഇത് പിന്നെയും കൂടിയതോടെ ചളി നിറഞ്ഞ് കലങ്ങിമറിഞ്ഞാണ് പുഴ കാണപ്പെടുന്നത്. ബുധനാഴ്‌ച രാവിലെ മുതൽ ചളിയുടെ അളവ് 30 എൻ.ടി.യു ആയിരുന്നു. വ്യാഴാഴ്‌ച രാവിലെയായപ്പോൾ ഇത് 40ലേക്ക് ഉയർന്നു. പിന്നീട് അൽപം കുറഞ്ഞെങ്കിലും 30നും 40നും ഇടയിൽ തുടരുകയാണ്. 60 എം.ടി.യു വരെയാണ് പ്രശ്നങ്ങളില്ലാതെ പോകുന്നത്. അതിൽ കൂടിയാലോ അതിനടുത്തെത്തിയാലോ ശുചീകരണം മുടങ്ങിയേക്കും. ചളിയുടെ അളവ് താഴാതെ നിൽക്കുന്നതിനാൽ ജലശുദ്ധീകരണശാല അധികൃതർ ആശങ്കയിലാണ്. മഴയില്ലാത്തതിനാൽ പുഴയിൽ ഒഴുക്കില്ലാത്ത അവസ്ഥയാണ്. അതിനാൽതന്നെ മുകളിൽനിന്ന് ഒഴുകിവരുന്ന ചളിവെള്ളം താഴ്ഭാഗത്തേക്ക് പൂർണമായി ഒഴുകിപ്പോകുന്നില്ല. ആലുവ മേഖലയിലാണ് ചളി കൂടുതലുള്ളത്. ആലുവ ജലശുദ്ധീകരണശാലയിലേക്ക് വെള്ളം ശേഖരിക്കുന്ന കാച്ച്മ​െൻറ് ഏരിയയിലും ചളി കൂടിവരുകയാണ്. ഈ അവസ്‌ഥ തുടർന്നാൽ ജലശുദ്ധീകരണം പ്രയാസമേറിയതാകും. ദിവസങ്ങൾക്കുള്ളിൽ പമ്പിങ്ങും ശുദ്ധീകരണവും നിർത്തിെവക്കേണ്ടിയുംവരും. അങ്ങനെവന്നാൽ വിശാലകൊച്ചിയടക്കമുള്ള ജില്ലയുടെ വലിയൊരുപ്രദേശത്തെ കുടിവെള്ള വിതരണം തടസ്സപ്പെടാനും ഇടയുണ്ട്. മഴ ശക്തമാകുമ്പോഴാണ് ഇത്തരത്തിൽ ചളി കൂടുതലായി ഒഴുകിയെത്താറുള്ളത്. എന്നാൽ, വൃഷ്‌ടിപ്രദേശത്തോ മുകൾഭാഗത്തെ മറ്റുസ്ഥലങ്ങളിലോ കാര്യമായ മഴ ഉണ്ടായിട്ടില്ല. അതിനാൽതന്നെ ഡാമുകളിൽനിന്നോ മറ്റോ വെള്ളം തുറന്നുവിടുന്നതാകാനാണ് സാധ്യത. എന്നാൽ, അത്തരത്തിൽ ഒരറിയിപ്പും ജലശുദ്ധീകരണകേന്ദ്രം അധികൃതർക്ക് ലഭിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.