നാട്ടിന്‍പുറങ്ങളില്‍ അനധികൃത മദ്യക്കച്ചവടം കൊഴുക്കുന്നു

ആലുവ: മേഖലയില്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പന തകൃതി. ഗ്രാമപ്രദേശങ്ങളില്‍ ആളൊഴിഞ്ഞ കേന്ദ്രങ്ങളിലാണ് കച്ചവടം നടക്കുന്നത്. വാഹനങ്ങളിലും മറ്റും കൊണ്ടുനടന്ന് വില്‍ക്കുന്നവരും ഗ്രാമങ്ങളിലുണ്ട്. ഇതിനുപുറമെ ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള ബ്രാന്‍ഡ് എത്തിച്ചുകൊടുക്കുന്നവരും സജീവമായിട്ടുണ്ട്. ബാറുകള്‍ പൂട്ടിയതോടെയാണ് ഇക്കൂട്ടര്‍ വിപണി കൈയടക്കുന്നത്. ഫോണ്‍ വിളിച്ചാല്‍ മദ്യവുമായി ഇക്കൂട്ടര്‍ പറന്നത്തെും. ബിവറേജ് ഷോപ്പുകളില്‍നിന്ന് വാങ്ങുന്ന അംഗീകൃത മദ്യത്തിന് പുറമെ വ്യാജമദ്യവും ഇത്തരത്തില്‍ വില്‍ക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കള്ളക്കടത്തായി മദ്യം കൊണ്ടുവരുന്നവരും സജീവമായിട്ടുണ്ട്. ബിവറേജസ് ഒൗട്ട്ലെറ്റുകളില്‍ പോയി വാങ്ങുന്ന മദ്യം കൂടിയ വിലക്കാണ് ഇത്തരക്കാര്‍ വില്‍ക്കുന്നത്. ബിവറേജ് ഷോപ്പുകളില്‍ ഓരോരുത്തര്‍ക്കും ആവശ്യാനുസരണം വാങ്ങാമെന്നുള്ളതും ബിവറേജസ് ജീവനക്കാരുടെ സഹായവും കച്ചവടക്കാര്‍ക്ക് തുണയാകുന്നു. വാഴക്കുളം, കീഴ്മാട്, എടത്തല, ചൂര്‍ണിക്കര തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് കൂടുതല്‍ മദ്യവില്‍പന നടക്കുന്നത്. ഓട്ടോറിക്ഷ, കാര്‍, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയവയിലാണ് മദ്യം ആവശ്യക്കാര്‍ക്ക് വിതരണം നടത്തുന്നത്. മദ്യലഭ്യത കുറഞ്ഞത് മുതലെടുത്ത് മയക്കുമരുന്ന് സംഘങ്ങളും ഗ്രാമങ്ങളില്‍ ചുവടുറപ്പിച്ചിട്ടുണ്ട്. മദ്യം എത്തിച്ചുകൊടുക്കുന്നതിനൊപ്പം കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകളും മയക്കുമരുന്നായി ഉപയോഗിക്കുന്ന ഗുളികകളും ഇക്കൂട്ടര്‍ നല്‍കുന്നു. യുവാക്കളും വിദ്യാര്‍ഥികളുമാണ് പ്രധാന ഇടപാടുകാര്‍. ഓട്ടോറിക്ഷകളിലും കാറുകളിലും മറ്റും ബാറുകളിലെ സൗകര്യമൊരുക്കിയുള്ള വില്‍പനയും നടക്കുന്നുണ്ട്. ബിവറേജ് ഷോപ്പുകളില്‍നിന്ന് വാഹനങ്ങളില്‍ വാങ്ങി സൂക്ഷിക്കുന്ന മദ്യം വാഹനത്തില്‍ ഇരുന്നുതന്നെ കഴിക്കാനുള്ള സൗകര്യമാണ് നല്‍കുന്നത്. മദ്യം കഴിച്ച് കഴിയുംവരെ ഇടപാടുകാരനെയും കൊണ്ട് വാഹനം ചുറ്റിത്തിരിയുകയാണ് പതിവ്. ഒരു കുപ്പി മദ്യത്തിന് 150 രൂപ മുതല്‍ 250 രൂപ വരെ അധികം ഈടാക്കിയാണ് വില്‍പന. കഴിഞ്ഞ ആഴ്ച കുട്ടമശ്ശേരി മേഖലയില്‍നിന്ന് വന്‍ കഞ്ചാവ് സംഘത്തിലെ രണ്ടുപേരെ എക്സൈസ് പിടികൂടിയിരുന്നു. ഇവരില്‍നിന്ന് കഞ്ചാവും കഞ്ചാവ് കടത്തുന്ന വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.