‘എന്‍െറ കുളം, എറണാകുളം’ പദ്ധതിയുമായി ജില്ലാ ഭരണകൂടം

കൊച്ചി: ജില്ലയില്‍ പൊതുകുളങ്ങളും ചിറകളും വൃത്തിയാക്കി സംരക്ഷിക്കുന്നതിന് ‘എന്‍െറ കുളം, എറണാകുളം’ പദ്ധതിയുമായി ജില്ലാ ഭരണകൂടം. പഞ്ചായത്തുകളിലും നഗരസഭകളിലും ഒരു പൊതുകുളം വീതമെങ്കിലും സംരക്ഷിക്കുകയാണ് കലക്ടര്‍ എം.ജി. രാജമാണിക്യം മുന്‍കൈയെടുത്ത് ആവിഷ്കരിച്ച പദ്ധതിയുടെ ലക്ഷ്യം. സന്നദ്ധ സംഘടനകളെയും പഞ്ചായത്ത്, നഗരസഭ ഭരണസമിതികളെയും സഹകരിപ്പിച്ച് പ്രാദേശിക ജനകീയസമിതികള്‍ രൂപവത്കരിച്ച് രണ്ടുമാസത്തിനുള്ളില്‍ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, എസ്.സി.എം.എസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സാങ്കേതികോപദേശവും പദ്ധതിക്ക് ലഭിക്കും. ചെന്നൈ പ്രളയ ദുരിതബാധിതര്‍ക്ക് സഹായമത്തെിക്കുന്നതില്‍ മുന്നില്‍ നിന്ന അന്‍പോടു കൊച്ചി എന്ന ഫേസ്ബുക് കൂട്ടായ്മയാണ് പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. പ്രഫഷനലുകളടക്കം വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അംഗങ്ങളായ കൂട്ടായ്മയാണ് പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ച് പദ്ധതിക്ക് രൂപം നല്‍കുക. പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹികപ്രതിബദ്ധത ഫണ്ടില്‍നിന്നുള്ള ധനസഹായവും സര്‍ക്കാര്‍ ഏജന്‍സികളുടെ വിവിധ പദ്ധതികളും ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് കലക്ടര്‍ വ്യക്തമാക്കി. കുളങ്ങളെ ജലസംഭരണികളും ജലസ്രോതസ്സുകളുമാക്കി മാറ്റുന്നതിലൂടെ പ്രദേശത്തെ ഭൂഗര്‍ഭജല വിതാനം ഉയര്‍ത്താനാകും. സംരക്ഷിക്കുന്ന കുളങ്ങള്‍ അതേ രീതിയില്‍ നിലനിര്‍ത്തുന്നതിന് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണവും നടത്തും. ജൈവവേലികള്‍ സ്ഥാപിച്ചാണ് കുളങ്ങള്‍ക്ക് സംരക്ഷണ കവചമൊരുക്കുക. രണ്ടാംഘട്ടമായി പാറമടകളിലെ ജലസമ്പത്ത് പ്രയോജനപ്പെടുത്താനും പദ്ധതി തയാറാക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും യോഗം ബെന്നി ബഹനാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ എം.ജി. രാജമാണിക്യം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനില്‍, വൈസ് പ്രസിഡന്‍റ് അബ്ദുല്‍ മുത്തലിബ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അര്‍ജുനന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ റഷീദ്, അന്‍പോടു കൊച്ചി പ്രതിനിധി അരുണ്‍, എസ്.സി.എം.എസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സണ്ണി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. അന്‍പോടു കൊച്ചിയുടെ നാലായിരത്തോളം വളന്‍റിയര്‍മാര്‍ കുളം, ചിറ നവീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.