ചെറുമത്സ്യബന്ധനം: ബോട്ടുകാര്‍ക്കെതിരെ പരമ്പരാഗത തൊഴിലാളി പ്രതിഷേധം

വൈപ്പിന്‍: മത്സ്യമേഖലയെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും തകര്‍ക്കാനുള്ള നിഗൂഢനീക്കത്തിലാണ് ബോട്ടുടമാ അസോസിയേഷനുകള്‍ ചെറുമത്സ്യ ബന്ധനം നടത്തുന്നതെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ മുട്ടം ഹാര്‍ബറിലേക്ക് ചെറുമത്സ്യങ്ങള്‍ കടത്തുന്ന ഇതര സംസ്ഥാന ബോട്ടുകളെ ശിക്ഷിക്കുകയാണ് വേണ്ടത്. അതല്ലാതെ തങ്ങള്‍ക്കും നിരോധിക്കപ്പെട്ട മത്സ്യബന്ധനത്തിന് അനുവാദം തരണമെന്നും ആവശ്യപ്പെട്ടുള്ള ബോട്ടുടമകളുടെ സമരനീക്കം രാജ്യദ്രോഹക്കുറ്റമാണ്. തൊഴില്‍ വിരുദ്ധ നിലപാടുകളെ മത്സ്യത്തൊഴിലാളികള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അഭ്യര്‍ഥിച്ചു. ബുധനാഴ്ച വൈപ്പിനില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. സംസ്ഥാനത്തെ മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞുവരുന്ന സാഹചര്യം ബോധ്യപ്പെടുത്താന്‍ കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രം കഴിഞ്ഞവര്‍ഷം യോഗം വിളിച്ചുചേര്‍ത്തിരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും ഒന്നിച്ചിരുന്ന് വിനാശകരവും അശാസ്ത്രീയവുമായ മത്സ്യബന്ധന രീതികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. പിന്നീട് കലക്ടറുടെ ചേംബറില്‍ എ.ഡി.എം. പത്മകുമാറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലും ഇരുകൂട്ടരും തീരുമാനങ്ങള്‍ അംഗീകരിക്കുയുണ്ടായി. ചെറുമീനുകളെ പിടിക്കുന്നതില്‍നിന്ന് ഇരുവിഭാഗങ്ങളും വിട്ടുനില്‍ക്കണമെന്നും പെലാജിക് ട്രോളിങ് നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാത്രികാല മത്സ്യബന്ധനം പൂര്‍ണമായി നിരോധിക്കണമെന്നും നിയമപ്രാബല്യം നല്‍കി ത്രികക്ഷി കരാറുണ്ടാക്കുകയും ചെയ്തു. തീരുമാനശേഷം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ചെറുമത്സ്യബന്ധനം, രാത്രികാല മത്സ്യബന്ധനം എന്നിവ ഉപേക്ഷിച്ചു. എന്നാല്‍, ബോട്ടുടമകള്‍ രാത്രികാല മത്സ്യബന്ധനവും ചെറുമത്സ്യവേട്ടയും പെലാജിക് ട്രോളിങ്ങും തുടരുന്നു. അന്യായവും നിയമവിരുദ്ധവുമായ മത്സ്യവേട്ടക്കെതിരെയുള്ള പ്രതിഷേധങ്ങളാണ് അധികൃതര്‍ പേരിനെങ്കിലും നടപടിയെടുത്തത്. അതേസമയം, ബോട്ടുടമകള്‍ രാഷ്ട്രീയസ്വാധീനം ചെലുത്തി അട്ടിമറിക്ക് തുനിയുന്നു. സമരപ്രഖ്യാപനം നടത്തി ഉദ്യോഗസ്ഥരെ തേജോവധം ചെയ്യുന്നതായും പരമ്പരാഗത തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.