ഭീതിദമായ വെള്ളപ്പൊക്കത്തിന്‍െറ നടുക്കുന്ന ഓര്‍മയില്‍ തുരുത്ത് ഗ്രാമം

ആലുവ: തുരുത്ത് ഗ്രാമം ആഗസ്റ്റ് അഞ്ചിലേക്ക് കടക്കുന്നത് ഭയാനകമായ ഓര്‍മകളോടെയാണ്. 2013ലെ ഇതേദിവസം ആലുവക്കാര്‍ക്കും, പ്രത്യേകിച്ച് തുരുത്തിലെ ജനങ്ങള്‍ക്കും നടുക്കുന്ന ഓര്‍മയാണ്. പെരിയാറിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഗ്രാമത്തെ പുഴ വിഴുങ്ങുകയായിരുന്നു. 2013ലെ കര്‍ക്കടക മാസത്തിലെ പേമാരിയില്‍ അണക്കെട്ടുകളിലെ വെള്ളത്തിന്‍െറ തോത് കുറക്കാന്‍ ഭൂതത്താന്‍കെട്ടും മുല്ലപ്പെരിയാറും ഷട്ടറുകള്‍ തുറന്നതോടെ പെരിയാര്‍ നിറഞ്ഞുകവിഞ്ഞു. പുഴയുടെ താഴ്ഭാഗമായ ആലുവ മേഖലയിലെ ദ്വീപുകള്‍ പലതും പൂര്‍ണമായും വെള്ളത്തിലായി. ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്കക്കെടുതി നേരിട്ടത് നഗരത്തോട് ചേര്‍ന്നുകിടക്കുന്ന തുരുത്ത് ഗ്രാമമായിരുന്നു. 750ലേറെ കുടുംബങ്ങള്‍ താമസിക്കുന്ന തുരുത്ത് തീര്‍ത്തും ഒറ്റപ്പെട്ടു. നിറഞ്ഞൊഴുകിയ പെരിയാറ്റില്‍നിന്ന് പെരുവെള്ളം രാവിലെമുതല്‍ തുരുത്തിനെ വിഴുങ്ങുകയായിരുന്നു. ആയിരക്കണക്കിനാളുകള്‍ കൈക്കുഞ്ഞുങ്ങളെയുമെടുത്ത് വീടുപേക്ഷിച്ച് രക്ഷാമാര്‍ഗം തേടി. തുരുത്തിലെ നിരവധി സാമൂഹിക, സാംസ്കാകാരിക, സന്നദ്ധ സംഘടനകളും ജനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. തുരുത്തിന്‍െറ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും ശ്രമകരവുമായ പ്രവര്‍ത്തനമാണ് നടത്തിയത്. ജീവഹാനി ഒഴിവാക്കാന്‍ ഇത് ഏറെ സഹായകമായി. വൈകുന്നേരത്തോടെയാണ് പ്രതിസന്ധി അയഞ്ഞുതുടങ്ങിയത്. അല്‍പാല്‍പമായ വെള്ളത്തിന്‍െറ ഇറക്കം അവിടെ കുടുങ്ങിയവരിലും ബന്ധുമിത്രാദികളിലും ആശ്വാസത്തിന്‍െറ നെടുവീര്‍പ്പ് സമ്മാനിച്ചു. മലവെള്ളമിറങ്ങിയപ്പോള്‍ വീടുകളും മുട്ടോളം ചളിമൂടിയ റോഡുകളുമാണ് കാണപ്പെട്ടത്. ചളിനീക്കി റോഡുകളും വീടുകളും പൂര്‍വസ്ഥിതിയിലാക്കാന്‍ നാട്ടുകാര്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നു. കിണറുകളില്‍ ചളിവെള്ളം നിറഞ്ഞത് കുടിവെള്ളത്തെയും ബാധിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.